ADVERTISEMENT

പ്ലസ്ടു യോഗ്യതയുള്ള യൂണിഫോം തസ്തികകളായ സിവിൽ പൊലീസ് ഓഫിസർ , ഫയർമാൻ, സിവിൽ എക്സൈസ് ഓഫിസർ തുടങ്ങി വിവിധ തസ്തികകളിലേക്കുള്ള മെയിൻ പരീക്ഷാ സിലബസ് പിഎസ്‌‍സി പ്രസിദ്ധീകരിച്ചപ്പോൾ ഇതുവരെ പഠിക്കാത്ത ഭാഗം കണ്ട് ഞെട്ടിയിരിക്കുകയാണു പലരും. ഇന്ത്യൻ പീനൽ കോഡ് (ഐപിസി), ക്രിമിനൽ പ്രൊസീജ്യർ കോഡ് (സിആർപിസി), ഫോറസ്റ്റ് ആക്ട്, എവിഡൻസ് ആക്ട്, അബ്കാരി ആക്ട് തുടങ്ങി വിവിധ നിയമങ്ങൾ 20 മാർക്കിനാണു ചോദിക്കാനിരിക്കുന്നത്. ഇതേക്കുറിച്ച് ഇതുവരെ ഒന്നും പഠിക്കാതെ അവസാന സമയത്ത് എവിടെപ്പോയി പഠിക്കുമെന്ന ആശങ്കയാണു പലർക്കും. എന്നാൽ അത്തരമൊരു ഭയത്തിന്റെ ആവശ്യമില്ല. മനസ്സുവച്ചാൽ എളുപ്പം പഠിക്കാവുന്നതേയുള്ളൂ ഈ കടുകട്ടി നിയമങ്ങളും. 

 

വലിയ നിയമ പുസ്തകങ്ങൾ തപ്പിയെടുത്ത് ആഴത്തിലും പരപ്പിലും പഠിക്കേണ്ട കാര്യവുമില്ല. പിഎസ്‍സിയുടെ മുൻകാല ചോദ്യപ്പേപ്പറുകൾ പരിശോധിച്ചാൽ ഇത്തരം ചോദ്യങ്ങൾ ഏതൊക്കെ മേഖലയിൽനിന്നു വന്നിട്ടുണ്ടെന്നും അവയുടെ പൊതു സ്വഭാവമെന്തെന്നും മനസ്സിലാകും. സിലബസിൽ ഓരോ നിയമത്തിലെയും ഏതൊക്കെ സെക്‌ഷനുകളാണു ചോദിക്കുക എന്നതു സിലബസിൽ കൃത്യമായ പറഞ്ഞിട്ടുണ്ട്. ഇവ മാത്രം കൃത്യമായി പഠിക്കുക. വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും ആഴത്തിൽ പഠിക്കേണ്ടതില്ല. പിഎസ്‍സിയുടെ മുൻകാല ചോദ്യപ്പേപ്പറുകളിൽനിന്ന് ഈ മേഖലയിലെ ചോദ്യങ്ങൾ കണ്ടെത്തി കുറിപ്പ് എഴുതിയെടുത്തശേഷം അതുവച്ചു പഠനം തുടങ്ങുകയാണു വേണ്ടത്. വളരെ കുറഞ്ഞ സമയം കൊണ്ടു തന്നെ ഈ 20 മാർക്ക് സ്വന്തമാക്കാൻ കഴിയും.

 

പഴയ ചോദ്യങ്ങൾ എവിടെ ?

ഈ ചോദ്യങ്ങൾ ഉൾപ്പെടുത്തിയ പഴയ ചോദ്യക്കടലാസുകളെല്ലാം പിഎസ്‍സി വെബ്സൈറ്റിൽ ലഭ്യമാണ്. പിഎസ്‍സി വിവിധ വകുപ്പുകൾക്കായി നടത്തിയ വകുപ്പുതല പരീക്ഷകളുടെ ചോദ്യക്കടലാസുകളാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്.

പിഎസ്‍സി വെബ്സൈറ്റിൽ വൺ ടൈം റജിസ്ട്രേഷനായി ലോഗിൻ ചെയ്യുമ്പോൾ തുറന്നുവരുന്ന വിൻഡോയിൽ റജിസ്ട്രേഷൻ ലോഗോയ്ക്ക് തൊട്ടടുത്തുള്ള ‘ഡിപ്പാർട്മെന്റൽ എക്സാം’ എന്ന ഭാഗത്തു ക്ലിക്ക് ചെയ്യുക. വിവിധ വകുപ്പുതല പരീക്ഷകളുടെ ലിങ്കിൽ എത്തിച്ചേരാം. ഇവിടെ ‘ഫൈനൽ ആൻസർ കീ’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ വിവിധ ചോദ്യക്കടലാസുകളിൽ എത്തിച്ചേരാം.  

എക്സൈസ്, പൊലീസ്, കേരള ഫോറസ്ട്രി സർവീസ് തുടങ്ങി വിവിധ വകുപ്പുകളിലേക്കുള്ള ചോദ്യക്കടലാസുകൾ ഉത്തരങ്ങൾ സഹിതം ഡൗൺലോഡ്  ചെയ്തെടുക്കാം. ഇവയിൽനിന്നു ചോദ്യങ്ങൾ എഴുതിയെടുത്തു കുറിപ്പെഴുതി പഠിക്കാം.

 

ചില മാതൃകാ ചോദ്യങ്ങൾ 

1) ഫോറസ്റ്റ് നിയമത്തിൽ ‘കോഗ്‌നിസിബിൾ’ എന്ന വാക്ക് എന്തിനെ സൂചിപ്പിക്കുന്നു ?

∙വാറന്റ് ഇല്ലാതെ ഫോറസ്റ്റ് ഓഫിസർക്ക് അറസ്റ്റ് നടത്താം.

 

2) എന്താണ് ക്രിമിനൽ ഗൂഢാലോചന?

∙രണ്ടോ അതിലധികമോ പേർ ചേർന്ന് കുറ്റകൃത്യം ചെയ്യാൻ തീരുമാനിക്കുകയോ അല്ലെങ്കിൽ പ്രേരിപ്പിക്കുകയോ ചെയ്യുന്നത്.

 

3) ഒരു കൂട്ടം ആളുകൾ ചേർന്ന് കുറ്റകൃത്യം ചെയ്യാൻ തീരുമാനിക്കുകയും അവരെല്ലാം വെവ്വേറെ പങ്ക് വഹിക്കുകയും ചെയ്താൽ ഓരോരുത്തർക്കും നൽകുന്ന ശിക്ഷ എന്തായിരിക്കും ?

∙എല്ലാവരും തുല്യ ശിക്ഷ അർഹിക്കുന്നു.

 

4) കൊലപാതകക്കുറ്റത്തിനു ശിക്ഷ നൽകുന്ന വകുപ്പ് ഏത് ?

∙സെക്‌ഷൻ 302

 

5) വഞ്ചനക്കുറ്റം ഐപിസിയുടെ ഏത് സെക്‌ഷനിലാണ് വിശദീകരിക്കുന്നത് ?

∙415

English Summary:  Kerala PSC Examination Tips By Mansoorali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com