ADVERTISEMENT

പരിമിതികൾ കോട്ട കെട്ടിയ ജീവിതമാണ് കൊല്ലം അഞ്ചൽ സ്വദേശി വർഷയുടേത്. മനക്കരുത്തും നിശ്ചയദാർഢ്യവുമു ണ്ടെങ്കിൽ ആ പരിമിതികളെയൊക്കെ അപ്പൂപ്പൻതാടി പോലെ പറത്തിക്കള യാമെന്നു തെളിയിച്ചിരിക്കുകയാണ് ഈ ഇരുപത്തിനാലുകാരി. രാജ്യം ഇന്ന് യുവജനദിനം ആചരിക്കുമ്പോൾ 2023 ലെ മിസിസ് ഡെഫ് ഇന്റർനാഷനൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സെക്കൻഡ് റണ്ണറപ്പായ ഈ മിടുക്കിയെയല്ലാതെ മറ്റാരെയാണ് പരിചയപ്പെടേണ്ടത്. ജന്മനാ സംസാരിക്കാനും കേൾക്കാനുമുളള ശേഷിയില്ലെങ്കിലും കലാകായിക രംഗത്ത് വർഷ വെട്ടിപ്പിടിച്ച നേട്ടങ്ങൾ സിനിമയെ വെല്ലും കഥയാണ്. കലാ കായിക രംഗങ്ങളിൽ നേടിയ അടിത്തറയുമായാണ് സ്വപ്നങ്ങളുടെ റാംപിലേക്ക് അവൾ നടന്നുകയറിയത്.

സര്‍വകലയിലും മിടുക്കി
ആരെയും മോഹിപ്പിക്കുന്ന നൃത്തച്ചുവടുകൾ, അഴകാർന്ന പാവകളുടെ നിർമാണം, ആരും കണ്ണെടുക്കാതെ നോക്കിപ്പോകുന്ന ചിത്രരചന, ആസ്വാദകരെ പിടിച്ചിരുത്തുന്ന വീണവായന ഇതൊക്കെയാണ് കുട്ടിക്കാലം മുതൽ വർഷയുടെ കഴിവുകൾ. ഇതുകൊണ്ടു തീർന്നെന്നു കരുതിയാൽ തെറ്റി. പഠനകാലയളവിലെല്ലാം മികവ് പുലർത്തിയ വർഷ ഹൈജംപ്, ലോങ് ജംപ്, നടത്തമത്സരം, ബാസ്കറ്റ് ബോൾ എന്നിവയിലെല്ലാം മികവു തെളിയിച്ചിട്ടുണ്ട്. സ്കൂൾ കായികമേളയിലും ശാസ്ത്രമേളയിലും പലതവണ എ ഗ്രേഡും വാരിക്കൂട്ടി. ബാസ്കറ്റ് ബോൾ‌ സംസ്ഥാന ടീമിൽ അംഗമായിരുന്നു. സാധാരണ കുട്ടികളോടു മത്സരിച്ചാണ് ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്. കൈമണി കൊട്ടുന്ന അച്ഛന്റെ കരചലനങ്ങളുടെ താളം കണ്ണുകളിലേക്ക് ആവാഹിച്ചാണ് വർഷ നൃത്തച്ചുവടു വച്ചത്. പാട്ടും പക്കമേളവും കേൾക്കാതെ, ചുവടു പിഴയ്ക്കാതെ ആയിരുന്നു നൃത്തച്ചുവടുകൾ. വീണയ്ക്കൊപ്പം വയലിനിലും തബലയിലും ഒരുകൈ നോക്കി. വീണയുടെ തന്ത്രികൾ ഉച്ചസ്ഥായിയിൽ കേൾക്കാൻ കഴിയില്ലെങ്കിലും ഗീതവും വർണവുമൊക്കെ അവൾ മീട്ടി. 

varsha-007
വർഷ

രക്ഷാകർത്താക്കൾ കൈത്താങ്ങായി
തന്റെ മകൾക്ക് ശാരീരികപ്രശ്നങ്ങളുണ്ടെന്ന് വർഷ ജനിക്കുന്നതിനു മുൻപു തന്നെ അമ്മ രാജി മനസ്സിലാക്കിയിരുന്നു. എന്തു വന്നാലും മകളെ കൈവിടില്ലെന്ന് രാജി തീരുമാനിച്ചു. സ്കൂൾ അധ്യാപിക കൂടിയായ അമ്മയുടെ ത്യാഗമാണ് പിന്നീട് വർഷയ്ക്കു കരുത്തായത്. രണ്ടു വയസ്സുവരെ വർഷയ്ക്ക് ചെന്നൈയിലെ സ്പെഷൽ സ്കൂളിൽ സ്പീച്ച് തെറാപ്പിയും മറ്റു പരിശീലനങ്ങളും നൽകി. പിന്നീട് നാട്ടിലെത്തി അമ്മ രാജി അധ്യാപികയായി ജോലി ചെയ്തിരുന്ന സ്കൂളിൽ പഠനം ആരംഭിച്ചു. പലരും സ്പെഷൽ സ്കൂളിൽ മകളെ ചേർക്കണമെന്നു പറഞ്ഞെങ്കിലും സാധാരണ കുട്ടികൾക്കൊപ്പം മകളെ പഠിപ്പിക്കണമെന്ന് രാജിക്കു നിർബന്ധമായിരുന്നു. സ്കൂളിൽ പഠിക്കുന്ന സമയത്ത് മറ്റ് മത്സരങ്ങൾക്കൊപ്പം ഫാൻസി ഡ്രസിലും പങ്കെടുക്കാൻ വലിയ താൽപര്യമായിരുന്നു. ഇതിനിടെ, സൈനികനായ പിതാവ് വേണുഗോപാലിന്റെ ജീവൻ അകാലത്തിൽ പൊലിഞ്ഞു. പിന്നീട് സ്വാതി തിരുനാൾ സംഗീത കോളജിലെ മേധാവി കൂടിയായിരുന്ന ശിവാനന്ദൻ നായർ വർഷയുടെ അമ്മ രാജിക്ക് തുണയായെത്തി. വർഷയെ ചേർത്തുപിടിച്ച ശിവാനന്ദൻ മകളുടെ വളർച്ചയ്ക്ക് എല്ലാ പ്രോത്സാഹനവും നൽകി.

varsha-006
വർഷ

ലോകസുന്ദരിയാകണമെന്ന മോഹം
ലോക സുന്ദരിപ്പട്ടം വർഷയുടെ സ്വപ്നമായിരുന്നു. ഇത്ര വലിയ കാര്യമൊക്കെ പറ്റുമോയെന്നായിരുന്നു രാജിയുടെ ഭയം. എന്നാൽ സ്വപ്നം കാണാനും അത് വെട്ടിപ്പിടിക്കാനും കെൽപ്പുളള വർഷ അമ്മയറിയാതെ പേപ്പറിലും തുണികളിലും സ്വന്തമായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാൻ ആരംഭിച്ചു. പിന്നീട് അവ ധരിച്ച് വീടിനകത്തുതന്നെ റാംപ് വാക്ക് നടത്തി. ഇതെല്ലാം റീൽസായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. 

varsha-003
വർഷ

ഇതിനുപിന്നാലെ വർഷയെ തേടി പരസ്യകമ്പനികളില്‍നിന്നും മോഡൽ ഏജൻസികളിൽനിന്നും വിളി വന്നുതുടങ്ങി. വർഷയുടെ പൊക്കവും ശരീരവടിവുമാണ് അവരെ ആകർഷിച്ചത്. സംസാരിക്കാനും കേൾക്കാനും കഴിയാത്ത കുട്ടിയാണ് വർഷയെന്നത് വിളിച്ചവർക്കെല്ലാം അദ്ഭുതമായിരുന്നു. ഓഫറുകളില്‍ വീട്ടുകാർ ആദ്യമൊന്ന് ഭയന്നെങ്കിലും പിന്നീട് വർഷയ്ക്കൊപ്പം നിൽക്കാൻ തീരുമാനിച്ചു. അങ്ങനെ 2021ൽ ആദ്യ മത്സരത്തിൽ‌ത്തന്നെ മിസ് മില്ലേനിയൻ കേരളയായി. ഇതിനിടെ വർഷയുടെ വിവാഹവും കഴിഞ്ഞു. വോളിബോൾ താരം അഖിൽ ചന്ദ്രനായിരുന്നു വർഷയ്ക്കു താലിചാർത്തിയത്. അഖിലും കുടുംബവും പൂർണപിന്തുണയാണ് നൽകുന്നത്. 2022ൽ മിസിസ് ട്രിവാൻഡ്രം സെക്കൻഡ് റണ്ണറപ്പായി. അതിനുശേഷം 2023 ൽ‌ ഗോവയിൽ നടന്ന മിസിസ് ഡെഫ്, ദക്ഷിണാഫ്രിക്കയിലെ ടാൻസാനിയായിൽ നടന്ന മിസിസ് ഡെഫ് ഇന്റർനാഷനൽ എന്നിവയിലും സെക്കന്‍ഡ് റണ്ണറപ്പായി. മിസിസ് ഡെഫ് ഇന്റർനാഷനൽ മത്സരത്തിൽ ടോപ്പ് മോഡൽ ഫോട്ടോജനിക്കായും വർഷയെ തിരഞ്ഞെടുത്തു.

varsha-002
വർഷ

സർക്കാർ ഉദ്യോഗമെന്ന സ്വപ്നം
ബികോം പൂർത്തിയാക്കിയതോടെ ആരുടെയും സഹായമില്ലാതെ ജീവിക്കാൻ മകൾക്ക് ഒരു സർക്കാർ ഉദ്യോഗം വേണമെന്നുളളത് രാജിയുടെ സ്വപ്നമായിരുന്നു. കഠിനപ്രയ്തനത്തിലൂടെ അമ്മയുടെ ആഗ്രഹം വർഷ നിറവേറ്റി. ഇപ്പോൾ പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ട് ഓഫിസിലെ ജീവനക്കാരിയാണ്. ജീവനക്കാരുടെയെല്ലാം കുഞ്ഞനുജത്തിയാണ് വർഷ. എല്ലാ സഹായവും പ്രോത്സാഹനവും നൽകുന്ന അവർ ഈയിടെ വർഷയ്ക്ക് പ്രത്യേക അനുമോദനവും സംഘടിപ്പിച്ചു.

varsha-004
വർഷ

ഉടൻ അമ്മയാകും, ഒപ്പം സ്വപ്നങ്ങൾ ബാക്കി
കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ വർഷ അമ്മയാകും. കുഞ്ഞുവാവ വരുന്നതിന്റെ സന്തോഷത്തിലാണ് അഖിലും വർഷയും. മോഡലിങ്ങിലേക്ക് ധാരാളം ഓഫറുകൾ വരുന്നുണ്ടെങ്കിലും പ്രസവ ശേഷം മതി ബാക്കിയൊക്കെയെന്നാണ് തീരുമാനം. തന്റെ നേട്ടങ്ങൾ തന്നെപ്പോലുളള നിരവധി കുട്ടികൾക്ക് പ്രചോദനമാകണമെന്നാണ് വർഷയുടെ സ്വപ്നം. തന്റെ ഓരോ ചുവടുവയ്പ്പും അതിനുവേണ്ടിയുളള പരിശ്രമങ്ങളാണെന്നാണ് വർഷ പറയുന്നത്.

Content Summary:

Triumph Over Silence: Varsha's Journey From Kollam to International Runways

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com