രണ്ടാം തവണയും പ്രതിഭാതിലകം; മലൈക്കോട്ടെ വാലിബനിലെ തേനമ്മ പുരസ്കാരം സ്വന്തമാക്കിയത് ഇഞ്ചോടിഞ്ച് പോരാടി
Mail This Article
കോട്ടയം ∙ ‘തേനമ്മ’യുടെ പോരാട്ടം എംജി സർവകലാശാല കലോത്സവത്തിലും. ‘മലൈക്കോട്ടെ വാലിബൻ’ എന്ന മോഹൻലാൽ ചിത്രത്തിൽ അവസാനം വരെ പൊരുതി നിൽക്കുന്ന തേനമ്മ എന്ന കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജന ചന്ദ്രൻ എംജി കലോത്സവത്തിലെ പ്രതിഭാതിലകമായി. രണ്ടാം തവണയാണ് തിലകപുരസ്കാരം സഞ്ജന നേടുന്നത്. എറണാകുളം സെന്റ് തെരേസാസ് കോളജിലെ ബിഎ ഭരതനാട്യം വിദ്യാർഥിയാണ്.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ലളിതഗാനത്തിൽ വിജയിച്ചാണു കിരീടം ഉറപ്പിച്ചത്. തേവര എസ്എച്ച് കോളജിലെ സിയ പവൽ രണ്ടാമതായി. ഭരതനാട്യം, ശാസ്ത്രീയ സംഗീതം, ലളിതഗാനം എന്നിവയിലാണ് സഞ്ജന മത്സരിച്ചത്. ആദ്യ മത്സരമായ ഭരതനാട്യത്തിൽ രണ്ടാം സ്ഥാനത്തേക്കു പോയെങ്കിലും ആ കുറവ് ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും നികത്തി ഒന്നാമതെത്തി.
2021 ൽ നട്ടുവർ ഗുരു ഗോപീകൃഷ്ണ അവാർഡ് നേടിയിട്ടുണ്ട്,സഞ്ജന.തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ തൻവി സുരേഷ്, രഞ്ജിത്ത് മോഹൻ, മഹാരാജാസിലെ ആകൃതി ഉണ്ണിക്കൃഷ്ണൻ എന്നിവരാണു കലോത്സവത്തിൽ പങ്കെടുത്ത മറ്റു ട്രാൻസ്ജെൻഡർമാർ.