ADVERTISEMENT

ലോകമെങ്ങും കാലാവസ്ഥ മാറിമറിയുകയാണ്. കൊടുംചൂടിൽ കേരളം ഉരുകുമ്പോൾ യുഎഇയിലെ ജനങ്ങൾ പതിറ്റാണ്ടുകൾക്കിടയിലെ തന്നെ ഏറ്റവും വലിയ പേമാരിയുടെ ദുരിതമനുഭവിക്കുന്നു. ദുബായിലെ മാത്രം കാര്യമെടുത്താൽ, സാധാരണഗതിയിൽ ഒന്നരവർഷത്തിൽ ലഭിക്കേണ്ട മഴയാണ് ഒറ്റ ദിവസംകൊണ്ട് ലഭിച്ചത്. കാർ പാർക്കിങ്ങിലും നിരത്തുകളിലുമെല്ലാം വെള്ളം കെട്ടിക്കിടന്ന് ജനജീവിതം സ്തംഭിച്ചതിന്റെ കാഴ്ചകൾ യുഎഇയുടെ പലഭാഗങ്ങളിൽനിന്നും പുറത്തു വരുന്നുണ്ട്. വിമാനത്താവള ടെർമിനലുകളിലും റൺവേകളിലും വെള്ളം കയറിയതോടെ വിമാന സർവീസുകളും റദ്ദാക്കപ്പെട്ടു.

പ്രതികൂല കാലാവസ്ഥ മൂലം ഒമാനിൽ 18 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അപ്രതീക്ഷിതമായ ഇത്തരം സാഹചര്യങ്ങൾക്ക് പിന്നിൽ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമാണെന്ന് കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ദുബായിലും ഒമാനിലും നടമാടിയ പ്രളയത്തിന്റെ തീവ്രത വർധിപ്പിച്ചത് മനുഷ്യന്റെ ചെയ്തികൾ മൂലം കാലാവസ്ഥയിലുണ്ടായ വ്യതിയാനം തന്നെയാണെന്ന് ക്ലൈമറ്റോളജിസ്റ്റായ ഫെഡറിക്കെ ഒട്ടോ വ്യക്തമാക്കിയിരുന്നു. യുഎഇയുടെ ശരാശരി വാർഷിക മഴ ലഭ്യത വർധിക്കുന്ന സാഹചര്യം രാജ്യത്തിന്റെ കാലാവസ്ഥാ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായാണ് കാലാവസ്ഥാ നിരീക്ഷകർ കണക്കാക്കുന്നത്.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർ (Photo by AFP)
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർ (Photo by AFP)

ഗൾഫ് രാജ്യങ്ങളെ കാത്തിരിക്കുന്നത് മഴയുടെ നാളുകൾ

കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്ര താപനം വർധിക്കുന്നത് സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അടിക്കടി ശക്തമായ പേമാരി ഉണ്ടാകുന്നതിനു കാരണമാകും. ഇതിനൊപ്പം ക്ലൗഡ് സീഡിങ് പദ്ധതികൾകൂടി ചേരുമ്പോൾ മഴ ലഭ്യത വർധിക്കുന്ന സാഹചര്യവുമുണ്ട്. ഇത് വ്യത്യസ്ത പ്രദേശങ്ങളിലെ റിസർവോയറുകൾക്ക് കൂടുതൽ ഗുണപ്രദമാകും എന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ. ഉയർന്ന താപനിലയ്ക്കുള്ള കാരണം സമുദ്രതാപനം തന്നെയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ഇന്ത്യൻ മഹാസമുദ്രവും അറബിക്കടലും പോലെ ഭൂമധ്യരേഖയോട് ചേർന്നു കിടക്കുന്ന സമുദ്ര മേഖലകളിൽ ചൂട് അധികമാകുന്നുണ്ട്. ഇത് കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും കൂടുതലായി ഉണ്ടാകുന്നതിന് വഴിയൊരുക്കുന്നു എന്ന് മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലൈമറ്റ് ആൻഡ് വാട്ടർ പ്രോഗ്രാം ഡയറക്ടറായ മുഹമ്മദ് മഹ്മൂദ് പറയുന്നു.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർ (Photo by AFP)
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർ (Photo by AFP)

സൗദി അറേബ്യയിൽ ചെങ്കടലിനോടു ചേർന്ന തീരപ്രദേശങ്ങളിലാണ് ശക്തമായ കാറ്റും മഴയും കൂടുതലായി അനുഭവപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷത നേരിട്ട് അനുഭവിക്കാത്ത മേഖലകളിൽ പോലും മഴ ലഭ്യതയുടെ പാറ്റേണുകൾ മാറിമറിയുന്നുണ്ട്. പ്രതീക്ഷിക്കാത്ത പ്രദേശങ്ങളിൽ പ്രതീക്ഷിക്കാത്ത സമയത്ത് മഴയുണ്ടാകുന്നത് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അധിക ചൂടു മൂലം  ജലം വളരെ വേഗത്തിൽ ബാഷ്പീകരിക്കപ്പെടുന്നുണ്ട്.  ഇത് അന്തരീക്ഷത്തിലെ നീരാവിയുടെ അളവ് വർധിപ്പിക്കുകയും തൽഫലമായി കൂടുതൽ മഴ ഉണ്ടാവുകയും ചെയ്യുന്നു.

ഷാർജയിലെ മഴക്കാഴ്ച. ചിത്രം : സിറാജ് വി.പി.കീഴ്മാടം.
ഷാർജയിലെ മഴക്കാഴ്ച. ചിത്രം : സിറാജ് വി.പി.കീഴ്മാടം.

അതേസമയം എൽ നിനോ പോലുള്ള കാലാവസ്ഥാ പ്രത്യേകതകൾ മിഡിൽ ഈസ്റ്റിന്റെ ചില ഭാഗങ്ങളിൽ ചൂടു വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ രണ്ടു ഘടകങ്ങളും ഒരേപോലെ പ്രവർത്തിക്കുമ്പോൾ കൂടുതൽ മഴ സൃഷ്ടിക്കപ്പെടുന്നു. ഇവയുടെ പ്രഭാവം മൂലം തീരദേശ മേഖലകളിലാണ് മഴ കൂടുതൽ ലഭ്യമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com