ADVERTISEMENT

മരങ്ങളെ സംരക്ഷിക്കാനായി ജീവൻ കൊടുത്തവരുടെ കഥ. ഈ സംഭവം നടന്നത് ഇന്ത്യയിലാണ്. 18ാം നൂറ്റാണ്ടിൽ ഇന്നത്തെ രാജസ്ഥാനിലുള്ള മാർവാറിലായിരുന്നു ഖെജാർലി കൂട്ടക്കൊലപാതകം എന്നു പേരുള്ള ഈ സംഭവം നടന്നത്. അന്ന് മാർവാർ ഭരിച്ചിരുന്നത് അഭയ്സിങ് മഹാരാജാവാണ്. 1724 മുതൽ 1749 വരെയുള്ള കാലഘട്ടത്തിലായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. അഭയ്‌സിങ്ങിനു കൊട്ടാരം പണിയാനായി ‘വന്നി’ എന്ന് മലയാളത്തിൽ അറിയപ്പെടുന്ന ഖെജ്രി മരങ്ങൾ വെട്ടാനായി മഹാരാജാവ് നിർദേശം നൽകിയിടത്താണു സംഭവങ്ങളുടെ തുടക്കം. 1730ൽ ആയിരുന്നു ഇത്.

പുണ്യവൃക്ഷമെന്ന നിലയിൽ വളരെയേറെ ബഹുമാനിക്കപ്പെടുന്നതും പൂജിക്കപ്പെടുന്നതുമായ മരങ്ങളാണ് ഖെജ്രി. രാജസ്ഥാനിലെ ജോധ്പുരിലുള്ള ബിഷ്ണോയി സമൂഹത്തിലുള്ള ആളുകൾ ഖെജ്രി മരങ്ങളെ ആരാധിച്ചിരുന്നു.മരങ്ങളെയോ മൃഗങ്ങളെയോ ഉപദ്രവിക്കാൻ പാടില്ലെന്ന വിശ്വാസതത്വവും ബിഷ്ണോയി ജനത പുലർത്തിയിരുന്നു. അഭയ്സിങ് തന്റെ നിർദേശം മന്ത്രിയായ ഗിരിധർ ഭണ്ഡാരിക്കാണു കൈമാറിയത്. ഖെജാർലി എന്ന ഗ്രാമത്തിൽ നിന്നു മരങ്ങൾ ശേഖരിക്കാനായി ഗിരിധറിന്റെ നേതൃത്വത്തിൽ സൈനികർ പുറപ്പെട്ടു. സൈനികരുടെ നേതൃത്വത്തിൽ തങ്ങളുടെ എല്ലാമെല്ലാമായ ഖെജ്രി മരങ്ങൾ വെട്ടിനീക്കുന്നതു കണ്ട് ബിഷ്ണോയി വിഭാഗക്കാർ ഞെട്ടിത്തരിച്ചു.

ഇതു തടയാനായി മരങ്ങളെ പുണർന്നു നിൽക്കാനാണു ബിഷ്ണോയി തീരുമാനിച്ചത്. അമൃത ദേവി എന്ന വനിതയും അവരുടെ 3 മക്കളും മരങ്ങളെ പുണർന്നു നിന്നു. ഇവർ സൈനികരാൽ വധിക്കപ്പെട്ടു. ഈ വധത്തിന്റെ വാർത്ത നാട്ടിൽ പരന്നതോടെ കൂടുതൽ പേർ മരങ്ങളെ പുണരാനായി എത്തി. 83 ഗ്രാമങ്ങളിൽ നിന്നുള്ള പുരുഷൻമാരും സ്ത്രീകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവരിൽ പലരും വധിക്കപ്പെട്ടു. ആകെ മൊത്തം 363 ബിഷ്ണോയി വംശജർ അന്നു കൊല്ലപ്പെട്ടു.സംഭവത്തെക്കുറിച്ചറിഞ്ഞ അഭയ്സിങ് മരംവെട്ടുന്നത് ഉടനടി നിർത്താൻ കൽപന പുറപ്പെടുവിച്ചു. ബിഷ്നോയി മേഖലയെ ഒരു സംരക്ഷിത പരിസ്ഥിതി പ്രദേശമായും അദ്ദേഹം പ്രഖ്യാപിച്ചു. 

English Summary: When Amrita Devi And 362 Bishnois Sacrificed Their Lives For The Khejri Tree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com