‘കൊലയാളി’ ചിലന്തി; ഫണൽ വെബ് വിഷം കുത്തിവയ്ക്കുന്നത് മാനസികാവസ്ഥയ്ക്ക് അനുസരിച്ച്
Mail This Article
ലോകത്ത് അപകടകരമായ അളവിൽ വിഷം മറ്റ് ജീവികളുടെ ശരീരത്തിലേക്ക് കുത്തിവയ്ക്കാൻ ശേഷിയുള്ള ജീവികളിൽ ഒന്നാണ് ചിലന്തികൾ. ചിലന്തികളിൽ തന്നെ മനുഷ്യരുടെ ജീവനെടുക്കാൻ പോലും ശേഷിയുള്ള വിഷം വഹിക്കുന്ന വിഭാഗങ്ങളുണ്ട്. ഇത്തരത്തിൽ മാരക വിഷമുള്ള ചിലന്തി വർഗങ്ങളിൽ ഒന്നാണ് ഫണൽ വെബ് ചിലന്തികൾ.
വിഷത്തിന്റെ കാഠിന്യത്തിൽ വരുന്ന മാറ്റം
ഫണൽ വെബ് എന്നത് ചിലന്തികളിലെ തന്നെ ഒരു വിഭാഗം ജനുസ്സിനെ വിളിക്കുന്ന പേരാണ്. ഫണൽ വെബ് വിഭാഗത്തിൽ തന്നെ മറ്റ് പല ഉപ വിഭാഗങ്ങളും ഉണ്ട്. ഈ ഫണൽ വെബ് വിഭാഗത്തിൽ പെട്ട നാല് ചിലന്തികളിലാണ് ഗവേഷകർ വിഷ ഉൽപാദനം സംബന്ധിച്ച പഠനം നടത്തിയത്. ഇരയേയോ, ശത്രുവിനേയോ ആക്രമിക്കുന്ന സമയത്ത് ചിലന്തികളുടെ മാനസികാവസ്ഥ എന്താണോ അതനുസരിച്ചാകും വിഷം കുത്തിവയ്ക്കുക എന്നാണ് ഗവേഷകർ കണ്ടെത്തിയത്. ചിലന്തിയുടെ ഹൃദയമിടിപ്പിന്റെ വേഗത, പ്രതിരോധം, ആക്രമണം എന്നീ ഘടകങ്ങളെല്ലാം നിർണായഘടകങ്ങളാണ്. ചിലന്തിയുടെ മാനസികാവസ്ഥ ശരീരത്തിലെ കെമിക്കൽ ഉൽപാദനത്തെ ബാധിക്കുന്നതാണ് വിഷം കുത്തിവയ്ക്കുന്നതിലുള്ള മാറ്റത്തിനും കാരണമാകുന്നത്.
ചിലന്തി വിഷത്തിൽ നിന്ന് കീടനാശിനി
ചിലന്തിയുടെ വിഷത്തിന്റെ ഉൽപാദനവും അവയുടെ മാനസികാവസ്ഥയും എന്തിനാണ് ശാസ്ത്രലോകം അന്വേഷിക്കുന്നതെന്ന് സംശയമുണ്ടാകാം. ഈ ചിലന്തിയുടെ വിഷം ഉപയോഗിച്ച് കീടനാശിനികളും മരുന്നുകളും നിർമിക്കാമെന്നാണ് ഗവേഷകർ പറയുന്നത്. ചിലന്തികളുടെ കടിയേറ്റവർക്കുള്ള ആന്റി വെനവും ഇതിലൂടെ നിർമിക്കാം.എപ്പോഴാണ് കൂടുതൽ വിഷം ലഭിക്കുന്നതെന്നും ചിലന്തികൾ ഏത് മാനസികാവസ്ഥയിലാണ് ഉള്ളതെന്നും മനസിലാക്കാൻ കഴിഞ്ഞാൽ മരുന്ന് നിർമാണത്തിന് ഏറെ ഗുണം ചെയ്യും.
ഓസ്ട്രേലിയൻ ഫണൽ ചിലന്തികളിലാണ് ഗവേഷകർ ഈ പഠനം നടത്തിയത്. ബോർഡർ റേഞ്ച്, ഡാർലിംഗ് ഡൗൺ, സതേൺ ട്രീ ഡ്വല്ലിങ്, സിഡ്നി എന്നീ വിഭാഗങ്ങളിൽ നിന്നാണ് സാംപിളുകൾ ശേഖരിച്ചത്. ഇര തേടുമ്പോഴും ആക്രമിക്കുമ്പോഴും മറ്റുമുള്ള സന്ദർഭത്തിലാണ് ഗവേഷകർ ചിലന്തികളിൽനിന്ന് വിഷം ശേഖരിച്ചത്.
ബോർഡർ റേഞ്ച് ഫണൽ ചിലന്തികൾ
പഠനത്തിൽ മൂന്ന് ഉപവിഭാഗങ്ങളിൽ വിഷത്തിന്റെ അളവും അവയുടെ മാനസിക അവസ്ഥയുമായി ബന്ധമൊന്നും കണ്ടെത്തിയില്ല. എന്നാൽ ബോർഡർ റേഞ്ച് ഫണൽ ചിലന്തികളിൽ മാത്രം ഈ ബന്ധം ഗവേഷകർ കണ്ടെത്തി. ഈ ചിലന്തികളിൽ അവയുടെ സാഹചര്യവും മാനസികാവസ്ഥയും അനുസരിച്ച് വിഷത്തിന്റെ അളവ് മാറുന്നുണ്ടായിരുന്നു. വ്യത്യസ്ത സാഹചര്യങ്ങളിൽ ഇവ കുത്തിവയ്ക്കുന്ന വിഷത്തിന്റെ അളവ് തുല്യമാണെങ്കിലും വിഷത്തിന്റെ ഘടനയിൽ മാറ്റമുണ്ടാകുന്നു. ഇങ്ങനെ രാസഘടനയിൽ മാറ്റമുണ്ടാകുമ്പോൾ വിഷാംശത്തിലും മാറ്റമുണ്ടാകുന്നു.
ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഫണൽ വെബ് സ്പൈഡറുകളുടെ കടിയേറ്റ് വർഷത്തിൽ 40 പേരെങ്കിലും ആശുപത്രിയിൽ ചികിത്സ തേടാറുണ്ട്. ഫണൽ വെബ് സ്പൈഡറുകളിൽ സിഡ്നി ഇനത്തിൽപ്പെട്ട ആൺ ചിലന്തികളാണ് മനുഷ്യരുടെ മരണത്തിന് കാരണമാകുന്നത്. എന്നാൽ 1981ൽ ആന്റിവെനം കണ്ടെത്തിയ ശേഷം ആരും ഫണൽ വെബ് സ്പൈഡറുകളുടെ കടിയേറ്റ് മരിച്ചിട്ടില്ല.
English Summary: The World's Deadliest Spider Can Tweak Its Venom Depending on Its Mood