ADVERTISEMENT

ഇന്ത്യയോട് ഏറ്റവും ചേർന്ന് കിടക്കുന്ന അയൽരാജ്യമാണ് നേപ്പാൾ. അതുകൊണ്ട് വനമേഖലയിലും ജൈവ വൈവിധ്യത്തിലും ഇന്ത്യയോട് ഏറെ സാമ്യം പുലർത്തുന്നു. എന്നാൽ നേപ്പാളിലെ മുതലകളും (Crocodiles) ചീങ്കണ്ണികളും (Gharials–മത്സ്യം തിന്നുന്ന മുതലവർഗം) ഈ സാമ്യത അത്ര ഇഷ്ടപ്പെടാത്തതിനാലാകണം ഇപ്പോൾ നിറം മാറ്റത്തിലേക്ക് കടന്നത്. നേപ്പാളിലെ ശുദ്ധജലതടാകങ്ങളിൽ കാണപ്പെടുന്ന മഗ്ഗർ ഇനത്തിൽപ്പെട്ട മുതലകളും ചീങ്കണ്ണികളും ആണ് ഇളം ഓറഞ്ച് നിറത്തിലേക്ക് (Orange) മാറിക്കൊണ്ടിരിക്കുന്നത്.

ഇവർ ജീവിക്കുന്ന ജലാശയത്തിൽ ഇരുമ്പിന്റെ അംശം വർധിച്ചതാണ് നിറംമാറ്റത്തിനു പിന്നിലെന്ന് കരുതുന്നു. ഹിമാലയത്തിന്റെ താഴ്‌വര ഭാഗത്തുള്ള ചിറ്റ്വാൻ ദേശീയ പാർക്കിലാണ് (Chitwan National Park) ഇങ്ങനെ നിറം മാറിയ മുതലകളെ കാണാൻ കഴിയുക. ഈ മുതലകളുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചതോടെ ഒട്ടേറെ രസകരമായ കമന്റുകളും ഈ മുതലകളെക്കുറിച്ച് വരുന്നുണ്ട്. 

ട്രംപിന്റെ ഫാഷൻ സെൻസുള്ള മുതലകൾ

മുതലകൾ ഡൊണാൾഡ് ട്രംപിൽ (Donald Trump) നിന്ന് ഫാഷൻ ഉപദേശം സ്വീകരിച്ചിരിക്കാം എന്നും, അല്ലെങ്കിൽ മുതലകൾ ചീറ്റോസ് (Cheetos) ധാരാളമായി കഴിച്ചിരിക്കാം എന്നൊക്കെയാണ് ചില കമന്റുകൾ. ലീബിൻസ് ശുദ്ധജലതടാക ജൈവവൈവിധ്യ മത്സ്യഗവേഷണ കേന്ദ്രത്തിലെ ഗവേഷകനായ ഫിയോബി ഗ്രിഫിത്താണ് ഈ ജീവികളുടെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. അവർ തന്നെയാണ് നിറംമാറ്റത്തെക്കുറിച്ച് ഗൗരവമായ പഠനത്തിന് തുടക്കമിട്ടതും.

(Photo: Twitter/ @crocodiledunphd)
(Photo: Twitter/ @crocodiledunphd)

ആഫ്രിക്കയിൽ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന മുതലവർഗമാണ് വെസ്റ്റ് ആഫ്രിക്കൻ സ്ലെൻഡർ സ്നൗട്ടഡ് മുതലകൾ. ഐവറി കോസ്റ്റിലുള്ള ഈ മുതലകളുടെ സംരക്ഷണത്തിനായി മെസിസ്റ്റോപ്സ് എന്ന ഒരു പദ്ധതിയും നിലവിലുണ്ട്. നേപ്പാളിലെ മുതലകളുടെ നിറം മാറ്റത്തെക്കുറിച്ച് പഠിക്കാനായി ഫിയോബി ഗ്രിഫിത്ത് മെസിസ്റ്റോപ്സിലെ ഗവേഷകരിൽ നിന്നാണ് സഹായം തേടിയത്.

നിറത്തിനു പിന്നിൽ അയൺ ഓക്സൈഡ്

ചിറ്റ്വാൻ പാർക്കിലെ ഏകദേശം മൂന്നിലൊന്ന് മുതലകളിലും ചീങ്കണ്ണികളിലുമാണ് ഈ നിറംമാറ്റം കാണപ്പെട്ടത്. ചില സമയത്ത് നദികളിലെയും ജലാശയങ്ങളിലെയും ഇരുമ്പിന്റെ അളവ് ക്രമാതീതമായി ഉയരാറുണ്ട്. മലിനീകരണം തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. ഇങ്ങനെ ഇരുമ്പിന്റെ അളവ് വർധിക്കുന്നതാണ് മുതലകൾ പോലുള്ള കട്ടിയുള്ള തൊലിയുള്ള ജീവികളുടെ ശരീരത്തിന്റെ നിറം ഇളം ഓറഞ്ചിലേക്ക് മാറാൻ ഇടയാക്കുന്നതെന്ന് ഗവേഷകർ കണക്ക് കൂട്ടുന്നു. ഒഴുകി എത്തുന്ന മാലിന്യങ്ങളിൽ നിന്നാണ് ഇരുമ്പിന്റെ അംശം ഈ ജീവികളുടെ മേൽ പറ്റിപിടിക്കുന്നു.

grifith
ഫിയോബി ഗ്രിഫിത്ത് (Photo: Twitter/ @crocodiledunphd)

ഇരുമ്പിന്റെ അശം തൊലിപ്പുറത്ത് പറ്റി പിടിക്കുന്നു. അൽപനേരത്തിനുള്ളിൽ ഇരുമ്പിന്റെ അംശങ്ങൾ ഓക്സിജനുമായി ചേർന്ന് ഓക്സിഡേഷന് വിധേയമാകും. ഇതോടെ തൊലി നിറംമാറുന്നു. ഓക്സിജൻ ഇരുമ്പുമായി കലർന്ന് ഉണ്ടാകുന്ന അയൺ ഓക്സൈഡാണ് ഈ നിറത്തിനു പിന്നിൽ. തുരുമ്പിന്റെ നിറമെന്ന് വേണമെങ്കിൽ പറയാം.

gharial-2
(Photo: Twitter/ @crocodiledunphd)

നിറം മാറ്റം താൽക്കാലികം

നിറം മാറ്റം താൽക്കാലികമാണെന്ന് ഗവേഷകർ പറയുന്നു. വെള്ളം ശുദ്ധമാകുന്നതോടെ ഈ ജീവികളുടെ നിറത്തിലും മാറ്റം വരുമെന്ന് ഇന്ത്യയിൽ നിന്നുള്ള വന്യജീവി വിദഗ്ധനായ അശ്വിനി കുമാറും ട്വിറ്ററിൽ കുറിച്ചു. ശുദ്ധജലം എത്തുന്നതോടെ മുതലകളുടെ പുറത്തെ ഇരുമ്പിന്റെ അംശം പോകുമെന്നും ഇതുവഴി ഇവയുടെ തൊലിയുടെ നിറം മാറുമെന്നുമാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്.

cave-crocodile
ആഫ്രിക്കയിൽ ഗുഹയ്ക്കുള്ളിൽ ജീവിക്കുന്ന മുതലയുടെ നിറം മാറിയ നിലയിൽ. (Photo: Twitter/ @crocodiledunphd)

ആഫ്രിക്കയിലെയും അമേരിക്കയിലേയും ഓറഞ്ച് മുതലകൾ

ആഫ്രിക്കയിലെ ഗാബോണിൽ ഗുഹയ്ക്കുള്ളിൽ കഴിയുന്ന കുള്ളൻ മുതലകള്‍ക്കും ഇളം ഓറഞ്ച് നിറമാണ്. ഈ മുതലകൾ ജീവിക്കുന്ന വെള്ളത്തിലെ ഉയർന്ന യൂറിയയുടെ അളവാണ് നിറംമാറ്റത്തിനു പിന്നിൽ. ശൈത്യകാലം മുഴുവൻ ഒരു ഇരുമ്പ് കൊണ്ട് നിർമിച്ച ഓടയിൽ കഴിഞ്ഞത് മൂലം അമേരിക്കയിലെ സൗത്ത് കരോളിനയിലുള്ള ഒരു മുതലയ്ക്കും ഇത്തരത്തിൽ നിറംമാറ്റം സംഭവിച്ചിരുന്നു. 2016 ൽ കണ്ടത്തിയ ഈ മുതലയ്ക്ക് ഏതാനും ദിവസം ശുദ്ധജലത്തിൽ കഴിഞ്ഞതോടെ യഥാർത്ഥ നിറം തിരിച്ചുകിട്ടി.

English Summary: Crocodiles and gharials are getting bizarre orange 'tans' in Nepal. Here's why.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com