ADVERTISEMENT

ഭൂമിയിലെ ജീവനുകളെല്ലാം ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഭൂമിയിൽ നിന്ന് തന്നെ രൂപം കൊണ്ടവയാണ്. പിന്നീടുള്ള പരിണാമഘട്ടത്തിൽ കോടിക്കണക്കിന് ജീവജാലങ്ങൾ രൂപം കൊള്ളുകയും അവയെല്ലാം സ്വന്തം വംശാവലയിൽ തന്നെ വിവിധ മാർഗങ്ങളിലൂടെ ജനിച്ച് വീഴുകയും ചെയ്തു. എന്നാൽ ഇപ്പോഴും ഭൂമിയിൽ നിന്ന് നേരിട്ട് ജനിച്ചുവീഴുന്നുവെന്ന് പറയാൻ കഴിയുന്ന ഒരു ജീവിവർഗമുള്ളത്. സിക്കാഡ എന്ന് വിളിക്കുന്ന അമേരിക്കയിലെ ഒരു ഇനം പ്രാണികളാണിവ.

നീലക്കുറിഞ്ഞി പൂക്കുന്നത് പോലെ ഒരുപാട് വർഷങ്ങളുടെ ഇടവേളയിൽ കൂട്ടത്തോടെയാണ് ഇവ ഭൂമിക്കുള്ളിൽ നിന്ന് പുറത്തേക്ക് വരിക. കൃത്യമായി പറഞ്ഞാൽ 17 വർഷത്തിൽ ഒരിക്കലാണ് ഇവയുടെ കൂട്ടത്തോടെയുള്ള ജനനം. വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന ഈ പ്രാണികൾ അതുവരെ നിംഫ്സ് എന്ന് വിളിക്കുന്ന പ്യൂപ്പകളുടെ രൂപത്തിൽ ഭൂമിക്കടിയിൽ കഴിയുകയാണ് എന്നും ഗവേഷകർ കണ്ടെത്തി.

ഉത്തരം കിട്ടാത്ത ചോദ്യം

ശാസ്ത്രലോകത്തിന് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്ന പ്രതിഭാസമാണ് സിക്കാഡകളുടെ കൂട്ട ജനനം. സിക്കാഡകളിൽ തന്നെ വ്യത്യസ്ത ജനുസ്സുകളുണ്ട്. ജനുസ്സുകൾക്ക് അനുസരിച്ച് ഇവ ഭൂമിക്കടിയിൽ ചിലവഴിക്കുന്ന കാലഘട്ടം പതിമൂന്ന് മുതൽ പതിനേഴ് വർഷം വരെ നീണ്ടുനിൽക്കും. അതേസമയം ഈ പതിനേഴ് വർഷം കൊണ്ടാണോ ഇവ പ്യൂപ്പകളിൽ നിന്ന് പ്രാണികളായി മാറുന്നത് അതോ ഈ പതിനേഴ് വർഷം സമയമാണോ പ്യൂപ്പ പൂർണ വളർച്ചയിലെത്താൻ ആവശ്യമായി വരുന്നത് തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം കിട്ടാനുണ്ട്.

സിക്കാഡ.(Credit: A.Khachachart/Shutterstock)
സിക്കാഡ.(Credit: A.Khachachart/Shutterstock)

മണ്ണിനടിയിൽ മരത്തിന്റെ വേരുകളിൽ പറ്റിപ്പിടിച്ചാണ് ഈ പ്യൂപ്പകൾ തങ്ങളുടെ അതിജീവനം ഉറപ്പാക്കുന്നത്. വേരുകളിലൂടെ മരത്തിന്റെ കറകൾ വലിച്ചെടുത്താണ് ഇവ ഭക്ഷണം കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെയാണ് മരങ്ങളുടെ വേരുകളുടെ ഈ പ്രാണികളുടെ പൊക്കിൾകൊടിയായി ഗവേഷകൾ വിശേഷിപ്പിക്കുന്നതും.

കൂട്ടത്തോടെയുള്ള ‘ജനനം’

സിക്കാഡസുകളുടെ മറ്റൊരു പ്രത്യകതയും അതേസമയം ശാസ്ത്രലോകത്തിന് ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യവുമാണ് ഈ ജീവികളുടെ കൂട്ടത്തോടെയുള്ള ജനനം. 17 വർഷത്തിനിടയിൽ ഒരിക്കൽ പുറത്തേക്ക് വരുമ്പോൾ അത് ഒരേ സമയത്ത് ഇവയ്ക്ക് എങ്ങനെ സാധിക്കുന്നുവെന്നതാണ് ഗവേഷകർ അത്ഭുതപ്പെടുന്ന കാര്യം. 

ജനനസമയത്ത് വലിയ തോതിൽ ശബ്ദമുണ്ടാക്കിക്കൊണ്ടാണ് ഇവ പുറത്തേക്ക് വരിക. പുറത്തുവന്നതിന്റെ സന്തോഷം കൊണ്ടോ, ഗർഭപാത്രത്തിൽ നിന്ന് പുറത്തുവന്ന ശേഷം കുട്ടികൾ കരയുന്നതിന് തുല്യമോ അല്ല ഈ കരച്ചിൽ. മറിച്ച് ഇണകളെ ആകർഷിക്കാനാണ് ഇവ ഒച്ചയുണ്ടാക്കുന്നത്. 

സിക്കാഡകൾ.(Credit: NPvancheng55/Shutterstock)
സിക്കാഡകൾ.(Credit: NPvancheng55/Shutterstock)

Read Also: ടൈറ്റാനിക്കിലെ യാത്രികരെ രക്ഷിച്ച നായ! റിഗൽ ശരിക്കുമുണ്ടായിരുന്നോ? അതോ കെട്ടുകഥയോ?

2020 ലാണ് ഏറ്റവും ഒടുവിലായി ഇവയുടെ ജനനം ഗവേഷകർ രേഖപ്പെടുത്തിയത്. അന്ന് ഏതാണ്ട് ഒരു ഏക്കർ പരിസരത്ത് പത്ത് ലക്ഷത്തോളം സിക്കാഡസുകൾ എന്ന തോതിലാണ് മണ്ണിൽ നിന്ന് പുറത്തേക്ക് വന്നത്. ഇതിന് മുൻപ് 2008 ലും സിക്കാഡകളുടെ ഈ കൂട്ടജനനം രേഖപ്പെടുത്തിയിരുന്നു. ഏപ്രിൽ മുതൽ ജൂൺ ആദ്യം വരെ നീണ്ടുനിൽക്കുന്ന കാലമാണ്  ഇവയുടെ ഭൂമി പിളർന്നുള്ള വരവിന്റെ സമയം.

വേഷം മാറുന്ന സിക്കാഡകൾ

മണ്ണിൽ നിന്ന് പുറത്തേക്ക് വരുന്ന സിക്കാഡകൾ അധികം കാലം ജീവിക്കാറില്ല. അതുകൊണ്ട് തന്നെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിലാണ് ഇവ പുറത്തേക്ക് വരുന്നതെന്ന് നമുക്ക് വിശേഷിപ്പിക്കാം. മണ്ണിൽ നിന്ന് പുറത്തേക്ക് വരുന്ന സിക്കാഡ പ്യൂപ്പകൾ ആദ്യം ചെയ്യുന്നത് സമീപത്തുള്ള മരങ്ങളിലേക്ക് കയറുക എന്നതാണ്. ഒരു സമയം തന്നെ പതിനായിരക്കണക്കിന് സിക്കാഡകളാകും ഒരു മരത്തിലേക്ക് വലിഞ്ഞു കയറുന്നത്.

ഏകദേശം ഉയരത്തിലെത്തി കഴിഞ്ഞാൽ ഇവ പതിയെ തങ്ങളുടെ രൂപം മാറ്റി തുടങ്ങും. മണ്ണിനടിയിൽ തങ്ങളെ പൊതിഞ്ഞ കട്ടിയുള്ള കവചം പോലുള്ള പുറന്തോട് ഇളക്കി കളയും. തുടർന്ന് മൃദുലമായ ശരീരവുമായി ചിറകുകൾ വിടർത്തും. ഇതിന് ശേഷമാണ് ഇവയുടെ ഇണയെ ആകർഷിക്കാനുള്ള കരച്ചിൽ തുടങ്ങുന്നത്. കേൾക്കാൻ അസഹനീയമായ രീതിയിലാണ് ഇവയുടെ ശബ്ദം. ആൺ സിക്കാഡകൾ മാത്രമാണ് ഈ രീതിയിൽ കരയുകയെന്ന് ഗവേഷകർ പറയുന്നു. പ്രജനനം പൂർത്തിയായാൽ ആഴ്ചകൾക്കുള്ളിൽ ഈ പ്രാണികൾ കൂട്ടത്തോടെ ചത്ത് വീഴുകയും ചെയ്യും.

സിക്കാഡ.(Credit: Georgi Baird/Shutterstock)
സിക്കാഡ.(Credit: Georgi Baird/Shutterstock)

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

ലോകത്തിൽ ഏറ്റവും അധികം പഠനങ്ങൾ നടന്ന ജീവി വർഗമാണിത്. മാജിസിക്കാഡ വിഭാഗത്തിൽപ്പെട്ട പീരിയോഡിക്കൽ സിക്കാഡയെക്കുറിച്ചാണ് പഠനങ്ങളിൽ ഏറെയും. എന്നിട്ടും ഇവയുടെ ഭൂഗർഭവാസത്തെക്കുറിച്ചോ, കൃത്യമായി വർഷം കണക്ക് കൂട്ടാനുള്ള ഇവയുടെ കഴിവിനെ കുറിച്ചോ വ്യക്തമായ ഉത്തരം കണ്ടെത്താൻ ഗവേഷകർക്ക് കഴിഞ്ഞിട്ടില്ല.

അപൂർവമായി 9 വർഷത്തെ ഇടവേളയിൽ പുറത്തുവരുന്ന സിക്കാഡകളുണ്ട്. 9, 13, 17, 21 ഇങ്ങനെ കൃത്യമായി നാല് വർഷത്തെ ഇടവേളകളിലാണ് വിവിധ ഇനം സിക്കാഡകൾ ഭൂമിയിൽ നിന്ന് പുറത്തേക്ക് വരുന്നത്. ചിലത് ഒൻപതാണെങ്കിൽ അപൂർവം ചിലത് ഇരുപത്തൊന്ന് വർഷത്തിലൊരിക്കൽ ആണെന്ന് മാത്രം. അതുകൊണ്ട് തന്നെ നാല് വർഷങ്ങളുടെ കണക്കിൽ പ്രവർത്തിക്കുന്ന ഒരു ബയോളജിക്കൽ ക്ലോക്ക് ഇവയിലുണ്ടാകുമോ എന്നും ഗവേഷകർ സംശയിക്കുന്നു. പക്ഷെ ഊഹാപോഹങ്ങൾക്ക് അപ്പുറം കൃത്യമായ ഒരു ഉത്തരം ഗവേഷകർ ഇവയുടെ ജനനത്തെക്കുറിച്ച് ലഭിച്ചിട്ടില്ല എന്നതാണ് സത്യം.

English Summary: Every 17 Years, Cicadas 'Birth' as One. Scientists Still Don't Know How.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com