ADVERTISEMENT

ചന്ദ്രനിലിറങ്ങാനുള്ള തയാറെടുപ്പോടെ, ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹത്തെ വലംവയ്ക്കുകയാണ് ചന്ദ്രയാൻ 3 ദൗത്യം. ചന്ദ്രനെ വലംവച്ച, അല്ലെങ്കിൽ ആദ്യമായി ചന്ദ്രയാത്ര ചെയ്ത ജീവികൾ ആരാണ്?. മനുഷ്യരാണെന്ന് കരുതുന്നതെങ്കിൽ തെറ്റി. ചന്ദ്രനിലേക്ക് മനുഷ്യർ യാത്ര ചെയ്യുന്നതിനു മുൻപ് തന്നെ മറ്റൊരു തരം ജീവികളെ അങ്ങോട്ടയച്ചിരുന്നു. ഒരു കൂട്ടം കരയാമകളെ...

ആദ്യമായി മനുഷ്യരെ ചന്ദ്രനിലേക്ക് എത്തിച്ചത് യുഎസ് ബഹിരാകാശ ഏജൻസിയായ നാസയാണ്. എന്നാൽ സോണ്ട് 5 എന്നറിയപ്പെടുന്ന ദൗത്യത്തിലേറ്റി ആമകളെ അങ്ങോട്ടയച്ചത് നാസയുടെ ചിരന്തന വൈരികളായ സോവിയറ്റ് യൂണിയനാണ്. മധ്യേഷ്യയിൽ കാണപ്പെടുന്ന, അഫ്ഗാൻ ടോർട്ടോയിസ്, റഷ്യൻ ടോർട്ടോയിസ് തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ആമയാണ് ഇത്.

അറുപതുകളിൽ ബഹിരാകാശ യുദ്ധം കത്തിനിന്നിരുന്നു. ബഹിരാകാശത്തെ വിവിധ മേഖലകളിലും ഗ്രഹങ്ങളിലും ചന്ദ്രനിലുമൊക്കെ ആദ്യസ്പർശം നേടി വെന്നിക്കൊടി പാറിക്കാൻ യുഎസും സോവിയറ്റ് യൂണിയനും ആഗ്രഹിച്ചു. ഇതിന്റെ ഭാഗമായി ധാരാളം മൃഗസഞ്ചാര ദൗത്യങ്ങൾ ഇരു രാജ്യങ്ങളുടെയും ബഹിരാകാശ സംഘടനകൾ വർധിത വേഗത്തിൽ നടത്തി. തിരിച്ചെത്തിയ മൃഗങ്ങളെ ഇവർ വിശദമായി പഠിക്കുകയും ചെയ്തു. ഇത്തരത്തിലൊരു ദൗത്യമായിരുന്നു സോണ്ട് 5. 1968 സെപ്റ്റംബർ 18ന് ഈ ദൗത്യം ചന്ദ്രനെ വലംവച്ചു. രണ്ട് റഷ്യൻ കരയാമകളും കുറച്ചു പുഴുക്കളും ഈച്ചകളും ചില പഴങ്ങളുടെ വിത്തുകളും ഇതിലുണ്ടായിരുന്നു.

അമേരിക്കയുടെ അപ്പോളോ ചാന്ദ്രപദ്ധതി പൂർണതയിലേക്കെത്തി വിക്ഷേപണത്തിനു തയാറെടുക്കുന്ന സമയമായിരുന്നു അത്. സാറ്റേൺ ഫൈവ് എന്ന അതിശക്തമായ റോക്കറ്റ് നാസയുടെ കൈവശം ഉണ്ടായിരുന്നു. ആദ്യമായി ബഹിരാകാശത്തെത്താൻ സാധിച്ചെങ്കിലും ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കാനുള്ള സ്ഥിതി സോവിയറ്റ് യൂണിയനായിരുന്നില്ല. സാറ്റേൺ ഫൈവിനോട് കിടപിടിക്കാനുള്ള ഒരു റോക്കറ്റ് കൈവശമില്ലാത്തതായിരുന്നു പ്രധാന പ്രശ്നം. എങ്കിലും ചന്ദ്രൻ ലക്ഷ്യമാക്കി സോവിയറ്റ് യൂണിയൻ സോണ്ട് 5 ദൗത്യം നടത്തി. ചന്ദ്രനെ വലംവച്ച ശേഷം ദൗത്യവാഹനം ഇന്ത്യൻ മഹാസമുദ്രത്തിൽ വന്നു പതിച്ചു. അന്നു ചന്ദ്രനെകാണാൻ പോയ ആമകൾക്ക് കുഴപ്പമൊന്നുമില്ലായിരുന്നു. ചെറുതായി ശരീരഭാരം കുറഞ്ഞെന്നു മാത്രം.

Read Also: നായ ആണെന്ന് കരുതി ചൈനക്കാരി വാങ്ങിയത് കുറുക്കനെ; വിട്ടുപിരിയാനും വയ്യ: ഒടുവിൽ

ആദ്യമായി ബഹിരാകാശത്തെത്തിയ മൃഗം ഒരു നായക്കുട്ടിയാണ്. ബഹിരാകാശം ജീവികളിൽ വരുത്തുന്ന മാറ്റങ്ങൾ പഠിക്കാനായി സോവിയറ്റ് യൂണിയൻ ആണ് ലെയ്ക എന്ന നായയെ ബഹിരാകാശത്ത് എത്തിച്ചത്.

Content Highlights: Orbit | Moon | Mission | Manorama News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com