ADVERTISEMENT

ഹെബ്ബാൾ സ്റ്റീൽ മേൽപാലം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി മരങ്ങൾ മുറിച്ചു മാറ്റാനുള്ള നീക്കത്തിനെതിരെ, സിറ്റിസൺസ് ഫോർ ബെംഗളൂരുവിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധം. ‘മരം മുറി അവസാനിപ്പിക്കൂ’ എന്നെഴുതിയ പ്ലക്കാർഡുകളുമായി പരിസ്ഥിതി പ്രേമികളും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മുന്നൂറോളം പേരാണ് പാലസ് ഗ്രൗണ്ടിനു സമീപം കാവേരി തിയേറ്ററിനു മുന്നിലായി അണിനിരന്നത്. കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി ഹൈവേയിൽ 144 മരങ്ങളാണ് മുറിച്ചു മാറ്റാനായി കർണാടക റോഡ് വികസന കോർപറേഷൻ മാർക്ക് ചെയ്തത്.

പോസ്റ്റ് കാർഡ് പ്രചാരണവും

നഗര സൗന്ദര്യത്തിന്റെ ഭാഗമായ മരങ്ങൾ മുറിച്ചു നീക്കരുതെന്ന് ആവശ്യപ്പെട്ട് സിറ്റിസൺസ് ഫോർ ബെംഗളൂരു പോസ്റ്റ് കാർഡ് പ്രചാരണത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കുമാരസ്വാമിക്ക് ഇതിനോടകം അയ്യായിരത്തിലധികം പോസ്റ്റ് കാർഡുകൾ അയച്ചു.

വികസന പദ്ധതികളുടെ പേരിൽ ബെംഗളൂരുവിനെ കോൺക്രീറ്റ് വനമാക്കി മാറ്റുന്നത് അംഗീകരിക്കാനാകില്ലെന്ന് സമരത്തിൽ പങ്കെടുത്തവർ പറഞ്ഞു. മരം മുറിയുമായി മുന്നോട്ടു പോയാൽ വരും ദിനങ്ങളിൽ വലിയ പ്രതിഷേധത്തിന് സർക്കാർ സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി.

സ്റ്റീൽ മേൽപാലം: മുറിക്കേണ്ടത് 812 മരങ്ങൾ !

ഹെബ്ബാളിലെ എസ്റ്റീം മാൾ മുതൽ ചാലൂക്യ സർക്കിൾ വരെയുള്ള 6.72 കിലോമീറ്റർ സ്റ്റീൽ മേൽപാലം പദ്ധതിക്കായി 812 തണൽ മരങ്ങൾ മുറിച്ചു മാറ്റേണ്ടി വരുമെന്നതാണ് പരിസ്ഥിതി പ്രവർത്തകരെ പ്രധാനമായും ചൊടിപ്പിക്കുന്നത്. 2016 ഒക്ടോബർ നാലിന് ദേശീയ ഹരിത ട്രൈബ്യൂണൽ സ്റ്റേ ചെയ്തതിനെ തുടർന്ന് സിദ്ധരാമയ്യ സർക്കാർ പദ്ധതി ഉപേക്ഷിച്ചിരുന്നു.പദ്ധതി പുനരുജ്ജീവിപ്പിക്കാൻ കുമാരസ്വാമി സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സ്റ്റീൽ മേൽപാലത്തിന് പരിസ്ഥിതി ക്ലിയറൻസ് ലഭിച്ചില്ലെങ്കിൽ സിഗ്നൽ രഹിത ഇടനാഴിയുമായി മുന്നോട്ടു പോകാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.

സ്റ്റീൽ മേൽപാലം പദ്ധതി പൊടിതട്ടിയെടുക്കാനുള്ള നീക്കം ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയൂള്ള നമ്മ ബെംഗളൂരു ഫൗണ്ടേഷന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.പരിസ്ഥിതി ക്ലിയറൻസ് ലഭിക്കാതെ പദ്ധതിയുമായി മുന്നോട്ടു പോകരുതെന്ന് ബെംഗളൂരു വികസന അതോറിറ്റിക്ക് (ബിഡിഎ) ഹൈക്കോടതി ജനുവരി ആദ്യം നിർദേശം നൽകിയിരുന്നു.ഇതു മറികടന്നാണ് പദ്ധതിക്ക് വഴിയൊരുക്കാനായി മരംമുറിയുമായി അധികൃതർ മുന്നോട്ടു പോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com