ADVERTISEMENT

ആനപ്രേമികൾക്കും നാട്ടുകാർക്കും ഒരുപോലെ പ്രിയങ്കരിയായിരുന്ന ആന മുത്തശ്ശി ദാക്ഷായണി ഇനി ഓർമകളിൽ മാത്രം. ഇന്നലെ വൈകിട്ട് മൂന്നരയോടെ ദാക്ഷായണിയുടെ ശരീരം അഗ്നി ഏറ്റുവാങ്ങി. രാവിലെ പത്തരയോടെ വനംവകുപ്പ് തിരുവനന്തപുരം പാലോട് റേഞ്ചിലെ ഡോ. എസ്.നന്ദകുമാറിന്റെ മേൽനോട്ടത്തിലായിരുന്നു പോസ്റ്റുമോർട്ടം. അതുവരെ ഒട്ടേറെപ്പേർ ആനമുത്തശിയെ അവസാനമായൊന്നു കാണാനെത്തി. സന്ദർശകരുടെ തിരക്കിനെ തുടർന്നു നാലു വശവും ടാർപോളിൻ കെട്ടി മറച്ച ശേഷമായിരുന്നു പോസ്റ്റുമോർട്ടം.

ഏറ്റവും ഒടുവിൽ പാർപ്പിച്ചിരുന്ന പാപ്പനംകോടിനു സമീപം മലമേൽക്കുന്ന് സത്യൻനഗറിലെ ആനക്കൊട്ടിലിനു സമീപത്തു തന്നെയാണു ദാക്ഷായണിക്കു ചിതയൊരുക്കിയത്. മാവ്, റബ്ബർ, പുളി തുടങ്ങിയ മരങ്ങളുടെ വിറകും പഞ്ചസാര, ചിരട്ട, ടയർ തുടങ്ങിയവയും ചിതയ്ക്കു വേണ്ടി ഉച്ചയ്ക്കു മുൻപു തന്നെ ബന്ധപ്പെട്ടവർ സമാഹരിച്ചിരുന്നു. മൂന്നരയോടെ ചിതയിൽ അഗ്നി പകർന്നു.

കഴിഞ്ഞ ദിവസം രാവിലെ മുതൽ തീറ്റയെടുക്കാതെ നിന്ന ദാക്ഷായണി വൈകിട്ടു മൂന്നരയോടെയാണു മുട്ടു കുത്തി നിൽക്കുകയും ഒരു മണിക്കൂറിനുള്ളിൽ ചരിയുകയുമായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ഏഷ്യയിലെ നാട്ടാനകളിൽ ഏറ്റവും പ്രായം കൂടിയ പിടിയാനയും ഗിന്നസ് റെക്കോർഡ് ഉൾപ്പടെ ബഹുമതികളും ഗജരാജ മുത്തശിപ്പട്ടത്തിന്റെ ഉടമയുമായിരുന്നു ദാക്ഷായണി.

ചരിയുമ്പോൾ 88 വയസുണ്ടായിരുന്നു. തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്നാണു ദാക്ഷായണിയെ തിരുവിതാംകൂർ ദേവസ്വം ബോർഡിനു ലഭിക്കുന്നത്. തിരുവിതാംകൂർ ദേവസ്വത്തിനു കീഴിൽ ഏറ്റവും കൂടുതൽ എഴുന്നള്ളത്തു നടത്തിയിട്ടുള്ളത് ദാക്ഷായണിയാണ്. ശംഖുമുഖം ദേവീക്ഷേത്രത്തിലെ തിടമ്പ് അരനൂറ്റാണ്ടിലധികം ഈ പിടിയാന ചുമലിലേറ്റി. ദാക്ഷായണിയെ ആദരിച്ചു പോസ്റ്റൽ വകുപ്പ് സ്റ്റാംപ് പുറത്തിറക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com