ADVERTISEMENT

പസഫിക്കിലെ ‘റിങ് ഓഫ് ഫയർ’ മേഖലയിലാണ് ഇന്തൊനീഷ്യയുടെ സ്ഥാനം. അതിനാൽത്തന്നെ അഗ്നിപർവത സ്ഫോടനങ്ങളും ഭൂകമ്പങ്ങളും സൂനാമിയുമെല്ലാം ഏതുനിമിഷവും പ്രതീക്ഷിക്കാം. അത്തരത്തിലാണ് അവിടെയുള്ളവരുടെ ജീവിതവും. പക്ഷേ ഇക്കഴിഞ്ഞ സെപ്റ്റംബർ 28ന് ഇന്തൊനീഷ്യയിലുണ്ടായ ഭൂകമ്പം ലോകത്തെത്തന്നെ ഞെട്ടിച്ചു കളഞ്ഞു. റിക്ടർ സ്കെയിലിൽ 7.5 രേഖപ്പെടുത്തിയ ഭൂകമ്പം സാധാരണ സൃഷ്ടിക്കുന്നതിനേക്കാളും ഇരട്ടിയിലേറെ നാശനഷ്ടമാണുണ്ടാക്കിയത്. മൂന്നു ലക്ഷത്തോളം പേർ ജീവിച്ചിരുന്ന നഗരം നാമാവശേഷമായി. രണ്ടായിരത്തിലേറെപ്പേർ മരിച്ചു. പലരെയും സൂനാമിയിൽ കാണാതായി. ഭൂമിക്കടിയിലെ മണ്ണ് ചെളി പോലെയായി വീടുകൾ തകർന്നു മണ്ണിനടിയിലായിപ്പോയവരും ഏറെ.  

 Indonesia earthquake

ഇത്തരത്തിൽ നാശനഷ്ടങ്ങളുണ്ടാക്കാൻ പോന്ന ഭൂകമ്പങ്ങളുണ്ടാകുന്നയിടമല്ല പാലു. റിക്ടർ സ്കെയിലിലെ 7.5 എന്നത് അത്രയേറെ നശീകരണ ശേഷിയുള്ള തീവ്രതയുമല്ല. മറ്റെന്തൊക്കെയോ ഘടകങ്ങൾ ഇവിടെ വില്ലന്മാരായെന്നാണു കരുതപ്പെടുന്നത്. അതിനു ശക്തി പകരുന്ന തെളിവുകളുമായി ഏതാനും പഠനങ്ങളും ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. നേച്ചർ ജിയോസയൻസസ് ജേണലിലാണു പാലു ഭൂകമ്പത്തിനു പിന്നിലെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന പഠനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. പാലുവിനു താഴെ ഭൂമിയുടെ പാളികളിലൊന്നായ ക്രസ്റ്റിന് താങ്ങാവുന്നതിലും അധികം സമ്മർദമുണ്ടായതാണ് ഭൂകമ്പത്തിനും മണ്ണിടിച്ചിലിനുമെല്ലാം കാരണമായത്. 

ടെക്ടോണിക് ഫലകങ്ങളുടെ ചലനമാണു ഭൂകമ്പത്തിലേക്കു നയിക്കുന്നത്. രണ്ട് ഫലകങ്ങളുടെ അതിരു നിർണയിക്കുന്ന വിടവിനെ ‘ഫോൾട്ട്’ എന്നു വിളിക്കുന്നു. ഈ ഫോൾട്ടിന് ഇരുവശത്തുമുള്ള ഫലകങ്ങൾ വിപരീത ദിശയിലേക്കു ചലിച്ചതാണ് ഭൂകമ്പം ശക്തമാകാനുള്ള കാരണം. ഈ ചലനം കാരണമുണ്ടായ ‘ഷോക്ക് വേവ്സി’നാകട്ടെ വൻ വേഗവുമായിരുന്നു. സാധാരണഗതിയിൽ ഇത്തരം തരംഗങ്ങൾ ക്രസ്റ്റിലൂടെ സെക്കൻഡിൽ മൂന്നരക്കിലോമീറ്റർ വേഗത്തിലാണു സഞ്ചരിക്കുക. ആ തരംഗങ്ങൾ പോകുന്ന വഴിയാണ് ഭൂമി വിറയ്ക്കുന്നതും കെട്ടിടങ്ങൾ തകരുന്നതും. എന്നാൽ പാലുവിലെ തരംഗവേഗം അസാധാരണമായിരുന്നു. 

 Indonesia earthquake

സീസ്മോളജിക്കൽ ഡേറ്റ പരിശോധിച്ച ഗവേഷകർ കണ്ടെത്തിയത്, പാലുവിനു താഴെ ഷോക്ക് വേവ്സ് സഞ്ചരിച്ചത് സെക്കൻഡിൽ 4.1 കി.മീ. വേഗതയിലായിരുന്നു എന്നാണ്. ഇതാണ് ഒരു ‘സീസ്മിക് ബൂം’ അഥവാ ഭൗമമുഴക്കത്തിലേക്കു നയിച്ചത്. 180 കിലോമീറ്റർ നീളം വരുന്ന ഫോൾട്ട് ലൈനിലൂടെ സഞ്ചരിക്കുന്നതിനനുസരിച്ച് തരംഗവേഗം വർധിക്കുകയായിരുന്നു. അതായത്, രൂപപ്പെടുമ്പോഴുണ്ടായിരുന്ന വേഗതയായിരുന്നില്ല അത് അവസാനിക്കുമ്പോള്‍! അതിന്റെ ഫലമാകട്ടെ ‘സൂപ്പർഷിയർ’ എന്നറിയപ്പെടുന്ന അതിശക്തമായ ഭൂകമ്പവും. ഇത്തരത്തിൽ കൃത്യതയോടെ ഒരു തരംഗസഞ്ചാരം ലോകത്ത് ആദ്യമായാണു സംഭവിക്കുന്നതെന്ന് ഗവേഷകരിലൊരാളായ ഴാങ് പോൾ ആംപ്യുറോ പറയുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത വേഗമായിരുന്നു അതെന്നും അദ്ദേഹം പറയുന്നു. 

35 സെക്കൻഡു മാത്രമേ ഇത് നീണ്ടുനിന്നുള്ളൂ. മറ്റൊന്നു കൂടിയുണ്ട്. സാധാരണ ഗതിയിൽ വഴിയിൽ തടസ്സങ്ങളൊന്നുമില്ലാത്ത ‘സൂപ്പർ ഹൈവേ’ ഫോൾട്ട് ലൈനുകളിലാണ് ഇത്തരത്തിൽ വേഗതയേറിയ തരംഗങ്ങൾ രൂപപ്പെടാറുള്ളൂ. എന്നാൽ പാലുവിലേത് അത്തരത്തിലുള്ളതായിരുന്നില്ല. മറിച്ച് രണ്ടു വളവുകൾ ഇതിന്റെ പാതയിലുണ്ടായിരുന്നു. ഈ വളവുകളിൽ വേഗത സ്വാഭാവികമായും കുറയേണ്ടതാണ്. എന്നാൽ വളവുകൾ ഉൾപ്പെടെയുള്ള 150 കിലോമീറ്റർ ദൂരത്തിലും സെക്കൻഡിൽ 4.1 കി.മീ. ആയിരുന്നു തരംഗവേഗം! പാലുവിനു താഴെയുള്ള ഭാഗത്ത് ഇത്തരമൊരു ഭൂകമ്പത്തിനു കാരണമാകുന്ന വിള്ളലുകളുൊന്നുമുണ്ടായിരുന്നില്ല എന്നായിരുന്നു അതുവരെ ഗവേഷകരുടെ നിഗമനം. എന്നാൽ അപ്രതീക്ഷിതമായി ഈ ഭൂകമ്പമുണ്ടായതോടെ പ്രകൃതിക്ഷോഭങ്ങളുടെ അപ്രവചനീയ സ്വഭാവത്തെ ലോകം കൂടുതൽ ഭയക്കണമെന്നു വ്യക്തമായിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com