ADVERTISEMENT

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും സൃഷ്ടിക്കുന്ന ഏറ്റവു വലിയ വെല്ലുവിളികളില്‍ ഒന്നാണ് മഞ്ഞുപാളികള്‍ ഉരുകി ഒലിക്കുന്നത്. രണ്ട് തരത്തിലുള്ള മഞ്ഞുപാളികളാണ് ഭൂമിയില്‍ കാണപ്പെടുന്നത്. ഒന്ന് കരയുടെ മുകളില്‍ സ്ഥിതി ചെയ്യുന്നവയാണ്. അന്‍റാര്‍ട്ടിക് മുതല്‍ ഗ്രീന്‍ലന്‍ഡിലും സൈബീരിയയിലും ഹിമാലയത്തിലും വരെ ഇവ കാണപ്പടുന്നു. മറ്റൊന്ന് സമുദ്രത്തിലെയും തടാകങ്ങളിലെയും വെള്ളത്തില്‍ കാണപ്പെടുന്ന മഞ്ഞുപാളികളാണ്. ആര്‍ട്ടിക്കിലും അന്‍റാര്‍ട്ടിക്കിലുമാണ് ഇവപ്രധാനമായും കാണപ്പെടുന്നത്. ആഗോളതാപനം മൂലം കടല്‍ ചൂടു പിടിക്കുന്നത് വെള്ളത്തിനു മുകളിലുള്ള മഞ്ഞുപാളികള്‍ ഉരുകുന്ന വേഗം പല മടങ്ങായി വർധിപ്പിക്കുന്നു എന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

Antarctic

മഞ്ഞുപാളികളെ ചുറ്റിവരിയുന്ന ജലം

ആഗോളതാപനം മൂലം കടല്‍ജലം ചൂടുപിടിക്കുന്നുവെന്നത് വ്യാപകമായി അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ഇത്തരത്തില്‍ ചൂടു പിടിക്കുന്ന സമുദ്രം മഞ്ഞുപാളികള്‍ ഉരുകുന്നതിനുള്ള കാരണങ്ങളിലൊന്നാണെന്നും ഗവേഷകര്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ജലാശയങ്ങളില്‍ കാണപ്പെടുന്ന മഞ്ഞുപാളികളുടെ ഉരുകലിന്‍റെ വേഗം പല ഇരട്ടിയായി വർധിക്കുന്നത് ജലത്തിന്‍റെ താപനിലയിലുണ്ടാകുന്ന വർധനവിനു കാരണമാകുന്നുവെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ചൂടുപിടിക്കുന്നതോടെ ജലത്തിന്‍റെ സഞ്ചാരവേഗം കൂടുകയും ഇവ താരതമ്യേന ചൂടു കുറഞ്ഞ മഞ്ഞു പാളികളെ ചുറ്റാന്‍ തുടങ്ങുകയും ചെയ്യുന്നു.വാട്ടര്‍ പൂളിങ് പ്രതിഭാസം എന്നാണ് ഇതറിയപ്പെടുന്നത്

ക്രമേണ ചിലപ്പോള്‍ ഒരു കിലോമീറ്റര്‍ ആഴത്തിലേക്കു നീണ്ടു കിടക്കുന്ന മഞ്ഞു പാളികളെ പോലും ചുഴിയിലെന്ന പോലെ ചുറ്റി വരിയാന്‍ ചൂടു പിടിക്കുന്ന ജലത്തിനു കഴിയും. ഇങ്ങനെ ചുറ്റുന്ന ജലം പതിയെ മഞ്ഞുപാളിയെ അല്ലെങ്കില്‍ മഞ്ഞുമലയെ തന്നെ വിഘടിപ്പിക്കുകയും ക്രമേണ  അവയെ തകര്‍ക്കുകയും ചെയ്യും. തകർത്തതിനു ശേഷവും ബാക്കിയാകുന്ന മഞ്ഞുപാളികളിലും സമാനമായ പ്രവര്‍ത്തനമാണ് നടക്കുക. ഇങ്ങനെ ഒരുപക്ഷേ വര്‍ഷങ്ങള്‍ കൊണ്ടു മാത്രം ഉരുകാന്‍ സാധ്യതയുള്ള ഒരു മഞ്ഞുമല മാസങ്ങള്‍ കൊണ്ടു തന്നെ ഉരുകിയൊലിച്ച് സമുദ്രത്തിന്‍റെ ഭാഗമാകുന്നു.

Antarctic

ലാര്‍സണ്‍ ഐസ് ബി ഉദാഹരണം.

അന്‍റാര്‍ട്ടിക്കിലെ തന്നെ ഏറ്റവും വലിയ മഞ്ഞുപാളികളിലൊന്നായ ലാര്‍സണ്‍ ബി അന്‍റാര്‍ട്ടിക്കില്‍ നിന്നു വേര്‍പെടാന്‍ പ്രധാനമായും കാരണമായത് ഈ പ്രതിഭാസമാണെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ വിലയിരുത്തുന്നത്. 2002 മുതല്‍ 2016 വരെയുള്ള കാലയളിവിനിടെയാണ് 3250 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവു വരുന്ന ലാര്‍സണ്‍ ബി എന്ന മഞ്ഞുപാളി അന്‍റാര്‍ട്ടിക്കില്‍ നിന്നു വേര്‍പെട്ടത്. ചൂടു പിടിച്ച സമുദ്രജലം നടത്തിയ പൂളിങ് പ്രതിഭാസമാണ് ലാര്‍സണ്‍ ഐസ് ബിയുടെ ഉരുകലും വേര്‍പെടലും വേഗത്തിലാക്കിയതെന്നാണു ഗവേഷകര്‍ കരുതുന്നത്. 

ഏതാണ്ട് ഒരു നൂറ്റാണ്ട് മുന്‍പ് തന്നെ വാട്ടര്‍ പൂളിങ് എന്ന ഈ പ്രതിഭാസം അന്‍റാര്‍ട്ടിക് പര്യവേഷകര്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ താപനില വർധിച്ചതോടെയാണ് ഇതു കൂടുതല്‍ വ്യക്തമാകാന്‍ തുടങ്ങിയതെന്നു ഗവേഷകര്‍ പറയുന്നു. അതുകൊണ്ട് തന്നെ ലാര്‍സണ്‍ ഐസ് ബിക്ക് സമാനമായ രീതിയില്‍ പല മഞ്ഞുപാളികളും അന്‍റാര്‍ട്ടിക്കില്‍ നിന്നു വൈകാതെ വേര്‍പെടാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.

Antarctic

ജലനിരപ്പ് വർധിപ്പിക്കില്ല, പക്ഷെ ആഗോളതാപന വേഗം വർധിക്കും

വാട്ടര്‍ പൂളിങ് പ്രതിഭാസം ബാധിക്കുന്നത് കടലില്‍ തന്നെ സ്ഥിതി ചെയ്യുന്ന മഞ്ഞുപാളികളെ ആയതിനാല്‍ ഇവ ഉരുകുന്നത് കടല്‍ ജലനിരപ്പുയര്‍ത്തില്ല. മറിച്ചു മഞ്ഞുപാളികള്‍ ഉരുകുന്നത് നേരിയ രീതിയില്‍ ജലനിരപ്പ് കുറയാനെ സഹായിക്കൂ. എന്നാല്‍ ഇത് ഗുണത്തേക്കാള്‍ ദോഷമാണു ചെയ്യുന്നത്. കാരണം ഭൂമിയിലേക്കെത്തുന്ന സൂര്യപ്രകാശത്തിലെ താപം പ്രതിഫലിക്കുന്ന എല്‍ബഡോ എന്ന പ്രതിഭാസത്തിനു കാരണക്കാര്‍ മഞ്ഞുപാളികളാണ്. മഞ്ഞുപാളികള്‍ കുറയുകയും ആ പ്രദേശങ്ങളിലേക്കു ജലം വ്യപിക്കുകയും ചെയ്യുന്നതോടെ ആഗിരണം ചെയ്യപ്പെടുന്ന സൂര്യതാപത്തിന്‍റെ അളവു കൂടും. ഇത് കടല്‍ കൂടുതല്‍ വേഗത്തില്‍ ചൂടു പിടിക്കുന്നതിനും ഇതു വഴി ആഗോളതാപനം വർധിക്കുന്നതിനും ഇടയാക്കും. സ്വഭാവികമായും ആഗോളതാപനം കരയില്‍ സ്ഥിതി ചെയ്യുന്ന മഞ്ഞുപാളികളുടെ ഉരുകല്‍ വർധിപ്പിച്ച് അതു വഴി ജലനിരപ്പു വർധിക്കാനും കാരണമാകുന്നു. 

കൂടാതെ കടലില്‍ സ്ഥിതി ചെയ്യുന്ന മഞ്ഞുകട്ടകള്‍ കരയില്‍നിന്നുള്ള മഞ്ഞുപാളികളുടെ ഉരുകൽ തടയുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നവയാണ്. വാട്ടര്‍ പൂളിങ് മൂലം ഈ മഞ്ഞുകട്ടകള്‍ ദുര്‍ബലമാകുന്നത് മഞ്ഞുപാളികളെ നേരിട്ടു കടലുമായി ബന്ധപ്പെടാന്‍ ഇടയാക്കും. ഇതും മഞ്ഞുപാളികൾ ഉരുകിയൊലിക്കുന്നത് വേഗത്തിലാക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com