ADVERTISEMENT

പതിറ്റാണ്ടുകളായി അന്‍റാര്‍ട്ടിക് പര്യവേഷകരെയും ഗവേഷകരെയും ഒരു പോലെ അദ്ഭുതപ്പെടുത്തിയിരുന്ന പ്രതിഭാസമാണ് മരതകനിറമുള്ള മഞ്ഞുമലകള്‍. ഈ മഞ്ഞുമലകളെക്കുറിച്ചു പലരും പഠനം നടത്തുകയും റിപ്പോർട്ടുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തെങ്കിലും ഇവയുടെ നിറത്തിന്‍റ പിന്നിലെ രഹസ്യം ഇതുവരെ പിടികിട്ടിയിരുന്നില്ല. ഇപ്പോള്‍ ഈ മഞ്ഞു കട്ടകളുടെ ഉദ്ഭവത്തെയും നിറത്തെയും സംബന്ധിച്ചുള്ള പുതിയൊരു കണ്ടെത്തല്‍ ഒരു സംഘം ഗവേഷകര്‍ മുന്നോട്ടു വച്ചിരിക്കുകയാണ്. ഇത് അംഗീകരിക്കപ്പെട്ടാല്‍ ശാസ്ത്രലോകത്തെ ഏറെ നാളായി വലയ്ക്കുന്ന ഒരു പ്രശ്നത്തിനു കൂടി പരിഹാരമാകും.

1988 ല്‍ ഒരു അമേരിക്കന്‍ ഗവേഷകനാണ് ഇത്തരമൊരു മരതക മഞ്ഞു മലയുടെ അടുത്തെത്തി വിശദമായ പഠനം നടത്തുന്നത്. അതുവരെ ചില അന്‍റാര്‍ട്ടിക് പര്യവേഷകരുടെ വാക്കുകളില്‍ നിന്നു മാത്രമാണ് ശാസ്ത്രലോകം ഇത്തരമൊരു പ്രതിഭാസത്തിന്‍റെ സാന്നിധ്യം മനസ്സിലാക്കിയിരുന്നത്. ഓസ്ട്രേലിയയില്‍ നിന്ന് അന്‍റാര്‍ട്ടിക് പഠനത്തിനായി പുറപ്പെട്ട വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകനായ സ്റ്റീഫന്‍ വോറനാണ് ഇത്തരമൊരു മഞ്ഞുമലയുടെ അടുത്തെത്തിയത്. 

കുമിളകളില്ലാത്ത മഞ്ഞുമല

മഞ്ഞു മലകളുണ്ടാകുന്നത് മഞ്ഞു കുമിഞ്ഞു കൂടിയാണ്. അതിനാല്‍ തന്നെ ഇതിന്‍റെ ഇടയില്‍ പെടുന്ന വായു കുമിളകളായി മഞ്ഞുമലയില്‍ കാണപ്പെടും. ഇങ്ങനെ ഒരു മഞ്ഞുമലയില്‍ തന്നെ നിരവധി വായു കുമിളകള്‍ കണ്ടെത്താന്‍ സാധിക്കും. എന്നാല്‍ ഈ പച്ച നിറമുള്ള മഞ്ഞുമലകളുടെ പ്രത്യേകതയായി ഗവേഷകര്‍ തിരിച്ചറിഞ്ഞത് ഇതിൽ അത്തരത്തിലുള്ള കുമിളകളില്ല എന്നതാണ്. കൂടാതെ പകല്‍ പച്ച നിറത്തില്‍ കാണപ്പെടുന്ന ഇവയുടെ നിറം സൂര്യന്‍ അകന്നു നില്‍ക്കുമ്പോള്‍ ഇളം നീല നിറത്തിലാകുമെന്നും ഗവേഷകര്‍ കണ്ടെത്തി.

വായു കുമിളകളുടെ അഭാവം കൊണ്ട് തന്നെ ഈ മഞ്ഞു മലകള്‍ സാധാരണ ഗതിയില്‍ രൂപപ്പെട്ടതല്ല എന്നു തിരിച്ചറിഞ്ഞിരുന്നു. ഇതിനു കാരണമായി സ്റ്റീഫന്‍ വോറന്‍ കണ്ടെത്തിയത് ഈ മരതക മഞ്ഞുമലകള്‍ രൂപപ്പെടുന്നതിലുള്ള വ്യത്യാസമാണ്. സാധാരണ മഞ്ഞു മലകള്‍ മഞ്ഞു പാളികളില്‍ നിന്നു രൂപപ്പെടുമ്പോള്‍ മരതക മഞ്ഞു മലകള്‍ കടലിലുണ്ടാകുന്ന മഞ്ഞില്‍ നിന്നാണു രൂപപ്പെടുന്നതെന്നാണ്. 

നിറത്തിനു പിന്നില്‍

മറ്റു പല വിശദീകരണങ്ങളും മരതക മഞ്ഞു മലകളെ പറ്റി ഉണ്ടായെങ്കിലും ഇവയുടെ നിറത്തെ പറ്റിയുടെ വിശദീകരണം മാത്രം അകന്നു നിന്നു. സമുദ്രത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ മുകളില്‍ അടിഞ്ഞു കൂടുന്നതിനാലാകാം മഞ്ഞുമലകള്‍ക്ക് ഇത്തരം ഒരു നിറം ഉണ്ടാകുന്നതെന്ന് ഒരു വിഭാഗം ഗവേഷകര്‍ കരുതി. എന്നാല്‍ വിശദമായി പരിശോധനയിയില്‍ പച്ചനിറം മാലിന്യം മൂലമല്ല ഉണ്ടാകുന്നതെന്ന് വ്യക്തമായി. സമുദ്ര ജീവികളുടെയും സസ്യങ്ങളുടെയും അവശിഷ്ടങ്ങളാകാം ഈ നിറം നല്‍കുന്നതെന്ന് പിന്നീട് നിഗമനത്തിലെത്തി. എന്നാല്‍ ഇതും ശരിയല്ലെന്നു പിന്നീടു വ്യക്തമായി.

ഒടുവില്‍ മഞ്ഞു മലകളെ ആദ്യം അടുത്തു നിരീക്ഷിച്ച സ്റ്റീഫന്‍ വോറന്‍ തന്നെയാണ് തൃപ്തികകരമായ ഒരു വിശദീകരണവുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ടാസ്മാനിയ സര്‍വകലാശാല പ്രൊഫസറായ ലോറ ഹെറയ്സിന്‍റെ ഒരു കണ്ടെത്തലാണ് പുതിയ നിഗമനത്തിലെത്താന്‍ സ്റ്റീഫനെ സഹായിച്ചത്. സാധാരണ മഞ്ഞു മലകളില്‍ കാണപ്പെടുന്നതിലും അഞ്ഞൂറ് ഇരട്ടിയാണ് ഇവയിലെ ഇരുമ്പിന്‍റെ അംശമെന്നാണ്  ലോറ ഹെറയ്സ് കണ്ടെത്തിയത്. 

ഇതോടെയാണ് ഇളം നീല നിറത്തില്‍ കാണപ്പെടുന്ന മഞ്ഞുമലകളുടെ നിറം പച്ചയാക്കി മാറ്റാന്‍ ഇരുമ്പ് ഓക്സൈഡുകള്‍ക്കു കഴിയുമോയെഎന്ന കാര്യം സ്റ്റീഫന്‍ വോറന്‍ സംശയിച്ചത്. അങ്ങനെയെങ്കില്‍ ഈ മഞ്ഞുമലകളില്‍ മാത്രം ഇത്രയധികം ഇരുമ്പ് ഓക്സൈഡുകള്‍ എങ്ങനെ വരുന്നു എന്നതായിരുന്നു പിന്നീടുള്ള സംശയം.ഗ്ലേഷ്യര്‍ ഫ്ലോര്‍ എന്നു വിളിക്കപ്പെടുന്ന പൊടികളായിരിക്കാം ഇതിനു പിന്നിലെന്നാണ് സ്റ്റീഫന്‍ ഊഹിച്ചത്. മഞ്ഞുപാളികള്‍ ഉരുകുന്നതിനൊപ്പം അടിയിലുള്ള പാറകള്‍ പൊടിഞ്ഞുണ്ടാകുന്നവയാണ് ഗ്ലേഷ്യര്‍ ഫ്ലോര്‍. ഈ പാറകളിലെ ഇരുമ്പിന്‍റെ അംശമായിരിക്കാം മഞ്ഞുമലകളിലേക്കെത്തുന്നതെന്നാണ് കരുതുന്നത്. 

സമുദ്രത്തിലെ ജീവനെ കുറിച്ചുള്ള രഹസ്യവും ഇരുമ്പ് ഓക്സൈഡുകളില്‍ ഒളിഞ്ഞിരിക്കുന്നുണ്ടോ ?

സമുദ്രജലത്തിലേക്കെത്തുന്ന ഇരുമ്പ് ഓക്സൈഡുകള്‍ ഈ ജലത്തില്‍ നിന്നു രൂപപ്പെടുന്ന മഞ്ഞുപാളികള്‍ക്കാണ് ഇത്തരത്തില്‍പച്ച നിറം നല്‍കുന്നത്. എന്നാല്‍ മഞ്ഞു പാളികള്‍ക്ക് പച്ച നിറം നല്‍കുന്നതില്‍ മാത്രമല്ല ഇരുമ്പ് ഓക്സൈഡ് പങ്കു വഹിക്കുന്നതെന്ന് സ്റ്റീഫന്‍ കണക്ക് കൂട്ടുന്നു. സമുദ്രത്തിലെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന മൂലകങ്ങളില്‍ ഒന്നാണ് ഇരുമ്പ്. ഗ്ലേഷ്യല്‍ ഫ്ലോര്‍ രൂപത്തില്‍ ഇരുമ്പ് കടലിലേക്കെത്തിയതാകാം ഒരു പക്ഷെ സമുദ്രത്തില്‍ ജീവന്‍ ഉദ്ഭവിക്കുന്നതിനു തന്നെ കാരണമായതെന്നാണ് സ്റ്റീഫന്‍ വോറന്‍ കരുതുന്നത്. 

ഇതേടൊപ്പം തന്നെ ഇരുമ്പ് ഓക്സൈഡുകള്‍ വഹിച്ചു കൊണ്ടു നീങ്ങുന്ന മരതക നിറമുള്ള മഞ്ഞു മലകള്‍ക്ക് സമുദ്രത്തിലെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് ഉണ്ടായേക്കാമെന്നും കരുതുന്നു. അന്‍റാര്‍ട്ടിക്കില്‍ നിന്ന് ഇരുമ്പ് ഓക്സൈഡുമായി സഞ്ചാരം തുടങ്ങുന്ന ഇത്തരം മഞ്ഞു മലകള്‍ ഇവ കൂടുതല്‍ വടക്കു ഭാഗത്തുള്ള സമുദ്ര മേഖലകളിലേക്ക് ഈ അയണ്‍ ഓക്സൈഡുകള്‍ സ്വാഭാവികമായും വിതരണം ചെയ്യും. ഇങ്ങനെ വിതരണം ചെയ്യപ്പെടുന്ന അയണ്‍ഓക്സൈഡുകള്‍ ഈ മേഖലകളിലെ സമുജ്രലത്തിലെ ജൈവവൈവിധ്യം സമ്പുഷ്ടമാക്കാന്‍ സഹായിക്കുന്നുണ്ടാകാമെന്നും ഗവേഷകര്‍ കരുതുന്നു.

ഏതായാലും ഈ നിഗമനങ്ങളെല്ലാം ഇപ്പോഴും ഗവേഷകര്‍ പരിശോധിച്ചു വരികയാണ്. ഇതുവരെ മരതക നിറമുള്ള മഞ്ഞുമലകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആശയങ്ങളില്‍ഏറ്റവുമധികം വിശ്വാസയോഗ്യമായ ഒന്നായാണ് ഇരുമ്പ് ഓക്സൈഡുമായി ബന്ധപ്പെട്ട സിദ്ധാന്തത്തെ കാണക്കാക്കുന്നത്. ഇത് പൂര്‍ണമായും ശരിയെന്നു തെളിഞ്ഞാല്‍ മരതക മഞ്ഞുമലകളുടെ നിറത്തിന്‍റെ രഹസ്യം മാത്രമല്ല സമുദ്രത്തിലെ ജൈവവൈവിധ്യത്തിന്‍റെ രഹസ്യം കൂടി ഒരു പക്ഷേ ചുരുളഴിഞ്ഞേക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com