ADVERTISEMENT

സംസ്ഥാനത്ത് 3 വർഷത്തിനു ശേഷം താപനില വീണ്ടും 41 ഡിഗ്രി സെൽഷ്യസിൽ. പാലക്കാട് മുണ്ടൂർ ഐആർടിസിയിലാണ് ഇന്നലെ 41 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്. ഇതിനു മുൻപ് 2016 ഏപ്രിലിൽ പാലക്കാട്ട് ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. ചൂട് 41 ഡിഗ്രിക്കു മുകളിലെത്തിയ ആ വർഷം സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഉഷ്ണതരംഗം പ്രഖ്യാപിക്കുകയും ചെയ്തു.പാലക്കാട് ജില്ലയിൽ കഴിഞ്ഞ 3 ദിവസമായി 40 ഡിഗ്രി ചൂടാണ് അനുഭവപ്പെടുന്നത്. കുഴഞ്ഞുവീണു മരണങ്ങളും സൂര്യാതപവും കന്നുകാലികൾ ചത്തുവീഴുന്നതും വർധിച്ചിട്ടുണ്ട്.

കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, എറണാകുളം,  കോട്ടയം എന്നീ ജില്ലകളിൽ ഇന്നു പകൽ താപനില 2 മുതൽ 3 വരെ ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.

കേരളം പൊള്ളി വിയർക്കുകയാണ്. സൂര്യാതപത്തിന്റെയും ചൂടുകാറ്റിന്റെയും വാർത്തകൾ പലയിടത്തു നിന്നായെത്തുന്നു. പലർക്കും നിന്നനിൽപിൽ സൂര്യാഘാതമേൽക്കുന്നു. കേരളം കണ്ട ഏറ്റവും ഭയാനക വെള്ളപ്പൊക്കത്തിനു പിന്നാലെയാണ് ഈ കൊടുംചൂടെന്നും ഓർക്കണം. കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.

2019 ഫെബ്രുവരിയിൽ 14 ദിവസത്തിനുള്ളിൽ മാത്രം താപനില 3 ഡിഗ്രി വരെയാണ് ഉയർന്നത്. ഇത്തരമൊരു ചൂട് തികച്ചും അസ്വാഭാവികമാണ്. കേരളത്തിൽ വേനൽ ഇങ്ങനെ ശക്തമാകാറില്ല– അതോറിറ്റി വ്യക്തമാക്കുന്നു. പാലക്കാടും തൃശൂരും മലപ്പുറത്തും കോഴിക്കോടും സാധാരണ നിലയേക്കാൾ എട്ടു ഡിഗ്രിയെങ്കിലും കൂടിയായിരിക്കും മാർച്ചിലെ താപനിലയെന്നും മുന്നറിയിപ്പുണ്ട്. ഇക്കഴിഞ്ഞ മാർച്ച് നാലിന് കുറഞ്ഞത് നാലു ജില്ലയിലെങ്കിലും താപനില 36 ഡിഗ്രിക്കു മുകളിൽ രേഖപ്പെടുത്തി. ഇപ്പോൾ മുണ്ടൂരിൽ 41 ഡിഗ്രിയും. വേനലിന്റെ തുടക്കത്തിൽ അത് അസ്വാഭാവികമാണ്. പാലക്കാട് പലയിടത്തും കന്നുകാലികൾ ചത്തുവീഴുന്നതിന്റെ വാർത്തകളും വന്നുകഴിഞ്ഞു.

കൊടുംചൂടിനുള്ള കാരണമായി പ്രളയമാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ഓഗസ്റ്റിലെ പ്രളയത്തിനിടെ ഒട്ടേറെ ചെടികളും വൃക്ഷങ്ങളും നഷ്ടമായിട്ടുണ്ട്. ഇവ തീർത്തിരുന്ന ഹരിതകവചം നഷ്ടപ്പെട്ടതാണ് ഒരു കാരണങ്ങളിലൊന്ന്. ചെടികളില്ലാത്തതിനാൽ മേൽമണ്ണും വൻതോതിൽ നഷ്ടമായി. അതോടെ ഭൂഗർഭജലത്തിന്റെ ‘റീചാർജിങ്ങും’ പ്രതിസന്ധിയിലാണ്. കാലാവസ്ഥാ പ്രതിഭാസമായ എൽനിനോയെ കുറ്റപ്പെ‍ടുത്തുന്നവരും കുറവല്ല. ഇതിനിടയിലും അശാസ്ത്രീയമായി നിർമാണ പ്രക്രിയകളും തുടരുന്നതോടെ ചൂടേറാന്‍ ഇനി മറ്റു കാരണങ്ങളൊന്നും വേണ്ടെന്നായി.

അതേസമയം എല്ലാ വർഷവും ഇത്തരത്തിൽ താപനില വർധിക്കുന്നതു സ്വാഭാവികമാണെന്നും ഭയക്കേണ്ടതില്ലെന്നും ഗവേഷകരിൽ ഒരു വിഭാഗം വ്യക്തമാക്കുന്നു. ആഗോളതലത്തിൽ ഇക്കഴിഞ്ഞ 30 വർഷത്തിനിടെ താപനില ഒന്നു മുതൽ 1.5 ഡിഗ്രി സെൽഷ്യസ് വരെ ശരാശരി വർധിച്ചിട്ടുണ്ട്. എൽ നിനോ, ആഗോളതാപന പ്രതിഭാസങ്ങള്‍ കാരണം കേരളത്തിൽ താപനില രണ്ടു ഡിഗ്രി വരെ ഉയരും. ദുരന്തനിവാരണ അതോറിറ്റി അനാവശ്യ ഭീതിയുയർത്തുകയാണെന്നും ഈ വിഭാഗം ചൂണ്ടിക്കാണിക്കുന്നു.

Sun

സൂര്യാഘാതം ഒഴിവാക്കുവാൻ

പൊതുജനങ്ങള്‍ 11 am മുതല്‍ 3 pm വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം

നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കരുതുക

രോഗങ്ങള്‍ ഉള്ളവര്‍ 11 am മുതല്‍ 3 pm വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക

പരമാവധി ശുദ്ധജലം കുടിക്കുക; കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക

വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

തൊഴില്‍ സമയം പുനഃക്രമീകരിച്ചു വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്നു തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കുക.

താപ സൂചിക - Heat Index

29: സുഖകരം (No discomfort)

30-40: അസ്വസ്ഥത (Some discomfort)

40-45: അസുഖകരം (Great discomfort)

45-54: അപകടം (Dangerous)

54: സൂര്യാഘാതം ഉറപ്പ് (Heat stroke imminent)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com