ADVERTISEMENT

ഇംഗ്ലിഷ് പത്രപ്രവർത്തനത്തിലെ കുലപതികളിൽ ഒരാളും ഇന്ത്യയിലെ പരിസ്ഥിതി മാധ്യമ പ്രവർത്തനത്തെ പച്ചയായ  പുൽപ്പുറങ്ങളിലേക്കു നയിക്കുകയും ചെയ്ത ഡാരിയൽ ഡിമോണ്ടെ (75) ഇനി ഹരിതാഭമായ ഓരോർമ്മ. മുംബൈ ബാന്ദ്രയിലെ വീടിനടുത്തുള്ള ലീലാവതി ആശുപത്രിയിൽ ശനിയാഴ്ചയായിരുന്നു അന്ത്യം. അർബുദത്തിന് ഒരു വർഷമായി ചികിത്സയിലായിരുന്നെങ്കിലും അടുത്ത കാലത്ത് രോഗം കുറഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു. സംസ്കാരം ഞായറാഴ്ച മുംബൈയിലായിരുന്നു. ഭാര്യ: സറീൻ. 

`ഇന്ത്യൻ എക്സ്പ്രസിന്റെയും പിന്നീട് ടൈംസ് ഓഫ് ഇന്ത്യയുടെയും റസിഡന്റ് എഡിറ്റർ, ന്യൂസ് എഡിറ്റർ പദവികളിൽ എൺപതുകളിലും തൊണ്ണൂറുകളിലും മുംബൈയിലെ പത്രപ്രവർത്തനത്തെ നിയന്ത്രിച്ചിരുന്ന ഡാരിയൽ പിന്നീട് പരിസ്ഥിതി പത്രപ്രവർത്തനത്തിലേക്ക് വേരൂന്നുകയായിരുന്നു.  ഫോറം ഓഫ് എൻവിയോൺമെന്റ് ജേണലിസ്റ്റ് ഓഫ്  ഇന്ത്യ, വേൾഡ് എഡിറ്റേഴ്സ് ഓഫ് എൻവയൺമെന്റ് എന്നീ മാധ്യമ സംഘടനകളുടെ  അധ്യക്ഷനെന്ന നിലയിൽ ഇന്ത്യയിലെ ഹരിത മാധ്യമ പ്രവർത്തകർക്കു തണലേകിയ വടവൃക്ഷമായിരുന്നു ഡാരിയൽ. 1993 ൽ ജർമനിയിലെ ഡ്രെസ്ഡണിൽ  തുടക്കമിട്ട രാജ്യാന്തര ഹരിത മാധ്യമപ്രവർത്തക സംഘടനയായ ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് എൻവയൺമെന്റ് ജേണലിസ്റ്റിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു.  

പ്രമുഖ പത്രാധിപരും എഴുത്തുകാരനുമായ ഫ്രാങ്ക് മൊറൈസിന്റെ അനന്തിരവനാണ്. റിപ്പിങ് ദ് ഫാബ്രിക്ക് (കീറുന്ന തുണി) എന്ന പേരിൽ മുംബൈയിലെ പരുത്തിത്തുണിവ്യവസായത്തിന്റെ തകർച്ചയെപ്പറ്റി 2002 ൽ രചിച്ച പുസ്തകം ശ്രദ്ധേയമായിരുന്നു. ടെംപിൾസ് ഓർ ടോംബ്സ:് ഇൻഡസ്ട്രി വേഴ്സസ് എൻവയൺമെന്റ് — 1992 ൽ ഉദാരവൽക്കരണത്തെ തുടർന്ന് രചിച്ച പുസ്തകം വികസനം എങ്ങനെ പരിസ്ഥിതിയെ തകർക്കുമെന്നതിലേക്കു വെളിച്ചം വീശി.  പരിസ്ഥിതി നിയമങ്ങൾ കാറ്റിൽപ്പറത്തി വികസനം കൊണ്ടുവരുമ്പോൾ  കർഷക വിലാപവും പാരിസ്ഥിതിക തകർച്ചയുമാവും ഫലമെന്നു ഡാരിയൽ അന്നു മുന്നറിയിപ്പു നൽകി.  

ലിവറേജിന് നുട്രീഷ്യൻ ഇൻ സൗത്ത് ഏഷ്യ പോലെയുള്ള സംഘടനകളിലൂടെ ഓരോ വിഷയങ്ങളിലും മാധ്യമങ്ങൾ വഹിക്കേണ്ട പങ്ക് എന്തെന്ന് ശാസ്ത്രീയമായി നിർവചിച്ചു. അതിനായി ലോകത്തെ പല വൻകിട സംഘനടകളുമായി മാധ്യമപ്രവർത്തകരുടെ നേതാവെന്ന നിലയിൽ സംവദിച്ചു. ഭരണസംവിധാനത്തിൽ മാധ്യമങ്ങളുടെ പങ്ക് വ്യക്തമാക്കി. ലോകം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളായ ജലക്ഷാമം, ഭക്ഷ്യസുരക്ഷ, കാലാവസ്ഥാ മാറ്റം തുടങ്ങിയവയിൽ ഓരോന്നിലും ഇടപെട്ട്  പങ്ക് നിർവഹിക്കാൻ മാധ്യമങ്ങളെ നിർബന്ധിതരാക്കി. 

റിപ്പോർട്ടർ, എഡിറ്റർ എന്നീ നിലകളിലും പരിസ്ഥിതിയോടു ചേർന്നു നിന്ന മാധ്യമപ്രവർത്തകൻ എന്ന നിലയിലും അതുല്യ നേതൃത്വം നൽകിയ വ്യക്തായിരുന്നു ഡാരിയൽ എന്നാണു ചരിത്രകാരനായ രാമചന്ദ്ര ഗുഹ ട്വിറ്ററിൽ കുറിച്ചത്.  നീതീബോധം കൈവിടാത്ത മാന്യനും സ്നേഹനിധിയും കരുതലിന്റെ ആൾരൂപവുമായിരുന്നു ഡാരിയൽ.

പരിസ്ഥിതി വിഷയങ്ങളെപ്പറ്റി എഴുതുന്ന മനോരമ അസിസ്റ്റന്റ് എഡിറ്റർ വർഗീസ് സി. തോമസ്  ഡാരിയൽ ഡിമോണ്ടിയെ അനുസ്മരിക്കുന്നു...

2004ൽ ആണെന്നാണ് ഓർമ. ദക്ഷിണേഷ്യയിലെ മാധ്യമപ്രവർത്തകർക്കായി ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ശുചിത്വ—ജല— പരിസ്ഥിതി ഉച്ചകോടിയിൽ  (സാക്കോസാൻ)  ക്ഷണിതാക്കളായെത്തിയ മാധ്യമ പ്രവർത്തർക്കു നേതൃത്വം നൽകിയത് ഡാരിയലായിരുന്നു. അന്ന് ഡൽഹിയിലെ തണുപ്പിൽ പ്രത്യേകിച്ച് ഓവർക്കോട്ടൊന്നും ധരിക്കാതെ വൈകിട്ടത്തെ അത്താഴവിരുന്നിൽ പങ്കെടുക്കാനെത്തിയ എനിക്ക് ഡാരിയൽ മുന്നറിയിപ്പു നൽകി: മാൻ യു ഷുഡ് വിയർ സംതിങ് ഓവർ യുവർ ഷർട്. ഞാനത് ചിരിച്ചു തള്ളി. എനിക്ക് തണുപ്പൊന്നും തോന്നുന്നില്ല. അതുകൊണ്ട് കോട്ട് വേണമെന്നു തോന്നുന്നില്ല എന്നു പറഞ്ഞു. 

പുറത്തു നിന്നു വരുന്നവർക്ക് ആദ്യം അനുഭവപ്പെടില്ല എന്നതാണ് ഡൽഹിയിലെ തണുപ്പിന്റെ പ്രത്യേകത. തിരികെ കേരളത്തിൽ ചെല്ലുമ്പോൾ രണ്ടാഴ്ച കഴിഞ്ഞ് വിട്ടുമാറാത്ത ചുമയുടെയും തൊണ്ടവേദനയുടെയും രൂപത്തിലാവും അത് നമ്മെ ആക്രമിക്കുക. പറഞ്ഞുമനസിലാക്കാനുള്ള ശ്രമത്തിനു പിന്നിലെ സ്നേഹത്തിന്റെയും  കരുതലിന്റെയും ചൂട് എനിക്ക് അനുഭവപ്പെട്ടു. തിരികെ നാട്ടിലെത്തിയപ്പോൾ   അതുപോലെ സംഭവിച്ചു. അന്നു മുതൽ ഇന്നലെ വരെയും ഗുരുതുല്യനായി ഡാരിയൽ മുന്നിലുണ്ടായിരുന്നു.

ലോകത്തിന്റെ പല ഭാഗത്തു നടക്കുന്ന പരിസ്ഥിതി പോരാട്ടങ്ങൾ, നിയമലംഘനങ്ങൾ, വികസനത്തിന്റെ പേരിൽ നടത്തുന്ന പ്രകൃതി നശീകരണം എന്നിവയെപ്പറ്റിയുള്ള വാർത്തകളും കുറപ്പുകളുമായി എന്നും ഡാരിയൽ എന്റെ മേശപ്പുറത്തെ കംപ്യൂട്ടറിന്റെ ഡിജിറ്റൽ തിരശീലയ്ക്കുള്ളിലിരുന്ന് സംവദിച്ചു. ലോകമെമ്പാടുമുള്ള പരിസ്ഥിതി മാധ്യമ പ്രവർത്തകർ പറയുന്ന കാര്യങ്ങൾ നമുക്കും മനസിലാക്കാൻ അത് അവസരം ഒരുക്കി. പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റിയും അതിൽ മാധ്യമപ്രവർത്തകർ വഹിക്കേണ്ട പങ്കിനെപ്പറ്റിയുമുള്ള വ്യക്തമായ ദിശാബോധം പകർന്ന ആശയവിനിമയം.  ഇനി   ആ ഇ മെയിലുകൾ ഇല്ലെന്ന തിരിച്ചറിവ് ഉള്ളിലൊരു വരൾച്ച സൃഷ്ടിക്കുന്നു.  പരിസ്ഥിതി നിയമങ്ങളെ ദുർബലപ്പെടുത്തി പല ഭേദഗതികളും കേന്ദ്രസർക്കാർ പാസാക്കിയപ്പോൾ തന്റെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കാൻ ഡാരിയൽ മടിച്ചില്ല. തീരപരിപാലന നിയമമായാലും തണ്ണീർത്തട നിയമമായാലും ഡാരിയൽ തന്റെ സുഹൃത്തുക്കളായ മാധ്യമ പ്രവർത്തകരെ പരിസ്ഥിതിയുടെ പക്ഷത്ത് ചേർന്നു നിൽക്കാൻ പ്രേരിപ്പിച്ചു. 

ആദിവാസികളുടെ അവകാശങ്ങളോടൊപ്പം നിൽക്കാൻ പ്രേരിപ്പിച്ചു.  പുതിയ പുതിയ സുഹൃത്തുക്കളുടെ പേരും ഇ മെയിൽ വിലാസവും നൽകുമ്പോൾ സന്തോഷത്തോടെ അവരെയും ഡിജിറ്റൽ കൂട്ടായ്മയിൽ പങ്കാളികളാക്കി. ഐക്യരാഷ്ട്ര സംഘടനയും അനുബന്ധ സ്ഥാപനങ്ങളും ലോകബാങ്കും ഏഷ്യൻ വികസന ബാങ്കും കാലാവസ്ഥാ മാറ്റത്തെപ്പറ്റി പഠിക്കുന്ന ഐപിസിസിയും എല്ലാം ഡാരിയലിന്റെ വാക്കുകൾക്കു കാതോർത്തു. അത്തരം സംഘടനകൾക്കുള്ളിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി മുൻകൂട്ടി സൂചനകൾ തന്നു. മാസമങ്ങൾക്കു ശേഷം ഇത്തരം കാര്യങ്ങൾ സർക്കാർ തീരുമാനങ്ങളുടെ വാർത്തയായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ഡാരിയൽ പിന്നിൽ ഒളിചിച്ചിരുന്നു ഗൂഡമായി ചിരിച്ചു.  ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള മാധ്യമ പ്രവർത്തകരെ ആഗോള ഹരിത മാധ്യമ പ്രവർത്തകരുടെ ശൃംഖലയുമായി ചേർത്തു നിർത്തി കാലാവസ്ഥാ മാറ്റവുമായിബന്ധപ്പെട്ടു ലോകത്ത് നടക്കുന്ന ശാസ്ത്ര ഗവേഷണങ്ങളെപ്പറ്റി പറഞ്ഞു തന്നു. 

പലതും പലരും അറിയുന്നതിനു മുമ്പ്  ഇന്ത്യയിലെ പരിസ്ഥിതി മാധ്യമ പ്രവർത്തകർ അറിഞ്ഞു. അങ്ങനെ അവരവരവരുടെ മാധ്യമ സ്ഥാപനങ്ങളിൽ ഇത്തരം ലേഖകരുടെ വിശ്വാസ്യത വർധിച്ചു. ലോകത്ത് പരിസ്ഥിതി—വികസന രംഗത്തു നടക്കുന്ന കാര്യങ്ങൾ ഡാരിയൽ ഞങ്ങൾക്കു കാട്ടിത്തന്നു. സംശയങ്ങൾക്ക് ക്ഷമയോടെ മറുപടി നൽകി. സ്നേഹത്തോടെ ശകാരിച്ചു. നേർവഴി മാത്രമല്ല, ഭാവിയിലേക്കുള്ള മാർഗങ്ങളും തുറന്നിട്ടു. മനോഹരമായ ഇംഗ്ലിഷ് എഴുത്തിന്റെ കൈവഴികളിലൂടെയും ഡോം മൊറെയ്സിന്റെ അനന്തിരവൻ ഞങ്ങളെ കൈപിടിച്ചു നടത്തി. നന്ദി, പ്രിയപ്പെട്ട ഡാരിയൽ, വീണ്ടും വീണ്ടും നന്ദി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com