ADVERTISEMENT

എല്ലാവർക്കും ജലം– 2019ലെ ലോകജലദിനത്തിന്  ഐക്യരാഷ്ട്ര സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഈ വിഷയത്തിലാണ്. നിങ്ങൾ ആരുമായിക്കൊള്ളട്ടെ, എവിടെയും ആയിക്കൊള്ളട്ടെ, ജലം ലഭിക്കുകയെന്നത് നിങ്ങളുടെ അവകാശമാണ് എന്ന മുദ്രാവാക്യവുമായാണ് ഈ വർഷത്തെ ക്യാംപെയ്നുകൾ. ജലലഭ്യതയുടെ സുരക്ഷയിൽ വര്‍ഷം മുഴുവൻ സുഖലോലുപരായി ജീവിക്കുന്ന മലയാളികൾക്ക് ഇത് എത്രത്തോളം മനസ്സിലാകുമെന്നതു വ്യക്തമല്ല. പക്ഷേ മഹാപ്രളയത്തിനു ശേഷം വേനലിന്റെ ആരംഭത്തില്‍ തന്നെ കേരളം കടുത്ത ചൂടിനെയാണു നേരിടുന്നത്. സംസ്ഥാനം വരൾച്ചയുടെ പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ ദൈനംദിന ചർച്ചകളിൽ ഇപ്പോൾ വരൾച്ചയും ഇടംപിടിച്ചിരിക്കുന്നു. 

2030 ആകുമ്പോഴേക്കും ലോകത്തിലെ എല്ലാവർക്കും ജലം ലഭ്യമാക്കുക എന്നതാണ് യുഎന്നിന്റെ ലക്ഷ്യം. അതിനു മുൻപ് എന്തുകൊണ്ടാണ് കുറേ പേർക്കെങ്കിലും ആവശ്യത്തിനു വെള്ളം ലഭിക്കാത്തതെന്നു മനസ്സിലാക്കണം. അതിനുള്ള ശ്രമങ്ങൾക്കിടയിലാണു ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ജലം ലഭ്യമാക്കാൻ ഒരു വശത്തു നിന്ന് ശ്രമം നടക്കുമ്പോൾ മറുവശത്ത് അതു തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളാണു ശക്തമാകുന്നത്. യുദ്ധത്തിൽ ഒരു ആയുധമായിപ്പോലും ജലത്തെ ഉപയോഗപ്പെടുത്തുന്നു. ഏതൊരു യുദ്ധത്തിലും ദൂഷ്യഫലം ഏറ്റവും അനുഭവിക്കുന്നത് കുട്ടികളാണ്. ഇത്തവണയും അതിനു മാറ്റമില്ല– ജലം കൊണ്ടു മുറിവേൽക്കുന്നവരിൽ ഭൂരിപക്ഷവുംകുട്ടികളാണ്. ആയിരക്കണക്കിനു കുരുന്നുകളുടെ ജീവനെടുത്തു കൊണ്ടാണ് ഈ ജലയുദ്ധം മുന്നേറുന്നത്. 

Water

യുദ്ധ–കലാപബാധിത മേഖലകളിൽ ജലം എത്തുന്നത് തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത് കാലങ്ങളായുള്ള തന്ത്രമാണ്. ലോകമെമ്പാടുമുള്ള കലാപങ്ങളിൽ ഈ ‘ആയുധം’ വിജയകരമായി പരീക്ഷിച്ചിട്ടുമുണ്ട്. ഏതെങ്കിലും മേഖലയിൽ വെള്ളം ലഭിക്കാതെ വരുന്നതോടെ പിന്നീടുള്ള ഏക ആശ്രയം വൃത്തിഹീനമായ ഉറവിടങ്ങളിൽ നിന്നു ജലം ശേഖരിക്കുകയെന്നതാണ്. അല്ലെങ്കിൽ വെള്ളം തേടി സ്വന്തം വീടു തന്നെ ഉപേക്ഷിച്ചു പോവുക. വൃത്തിഹീനമായ വെള്ളം അകത്തു ചെല്ലുന്നതോടെ കാത്തിരിക്കുന്നത് മരണമാണ്. ശത്രുപാളയത്തിന്റെ അംഗബലം കുറയ്ക്കകയാണല്ലോ യുദ്ധം ചെയ്യുന്നവരുടെ ലക്ഷ്യവും. അശുദ്ധജലം അകത്തു ചെല്ലുന്നതിലൂടെ ലോകമെമ്പാടും ദിവസവും 700 കുട്ടികളെന്ന കണക്കിൽ വയറിളക്കം ബാധിച്ചു മരിക്കുന്നുവെന്നാണ് യുഎൻ റിപ്പോർട്ട്. അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളാണ് ഇവരിലേറെയും. 

ജലസ്രോതസ്സുകൾ, ജലശുദ്ധീകരണ ശാലകൾ തുടങ്ങിയവയെ നേരിട്ടു ലക്ഷ്യമിട്ട് ആയുധങ്ങൾ പ്രയോഗിക്കുന്ന രീതിയാണ് യുദ്ധങ്ങളിൽ എല്ലായിപ്പോഴും കാണാറുള്ളത്. ജലവിതരണത്തിനുപയോഗിക്കുന്ന പൈപ്പുകൾ തകർക്കുക, കിണറുകളിലേക്ക് കോണ്‍ക്രീറ്റ് കട്ടകളെറിഞ്ഞ് അടയ്ക്കുക തുടങ്ങി മനഃപൂർവമുള്ള ശ്രമങ്ങള്‍ ഒരു വശത്ത്. മറുവശത്ത് എല്ലാം തച്ചുതകർക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ബോംബിങ്ങും മറ്റും തുടരുന്നതോടെ ജലമെടുക്കാൻ പുറത്തേക്കു പോലും ഇറങ്ങാൻ സാധിക്കാത്ത അവസ്ഥ. ഓരോ പ്രദേശവും പിടിച്ചെടുക്കുന്നവർ അവിടത്തെ വാട്ടർ പമ്പിങ് സ്റ്റേഷനുകൾ തകർക്കുന്ന പ്രവണതയുണ്ട്. അല്ലെങ്കിൽ സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുക. 

കിണറുകളും ജലാശയങ്ങളുമെല്ലാം ജലസ്രോതസ്സായി ഉപയോഗിക്കുന്നവർക്കു നേരെയുള്ള ആക്രമണം വ്യത്യസ്തമാണ്. സ്രോതസ്സുകളിൽ വിഷം കലർത്തുന്നതാണു രീതി. അല്ലെങ്കിൽ മനുഷ്യന്റെയോ മൃഗങ്ങളുടെയോ മൃതദേഹം വലിച്ചെറിയുക. ജലവിതരണ സംവിധാനങ്ങളിൽ അറ്റകുറ്റപ്പണി നടത്തുന്നവരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തുന്നതും ‘ജലയുദ്ധ’ത്തിന്റെ രീതിയാണ്. കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി ജനങ്ങളെ മാറ്റി നിർത്തിക്കുന്നതും യുദ്ധതന്ത്രം തന്നെ. ഇങ്ങനെ ഒരു വെടിയുണ്ടയോ ബോംബോ പോലെ ജലവും യുദ്ധത്തിൽ ആയുധമാവുകയാണ്. ഈ സാഹചര്യത്തിലാണ്, എന്തൊക്കെ സംഭവിച്ചാലും ജനത്തിനു ജലം അവകാശമാണെന്നു പ്രഖ്യാപിച്ച് യുഎൻ രംഗത്തു വന്നിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com