ADVERTISEMENT

10 വർഷത്തിനിടെ കോട്ടയം ജില്ലയിൽ ഏറ്റവും കുറവ് വേനൽമഴ ലഭിച്ചത് ഈ വർഷം. ഈ വർഷം ഇതുവരെ ആകെ ലഭിച്ചത് 39 മില്ലീമീറ്റർ വേനൽ മഴ.  ജനുവരി മുതൽ ജൂൺ വരെ ലഭിക്കുന്ന മഴയാണ് വേനൽ മഴയായി കണക്കാക്കുന്നത്.  ഈ ജനുവരിയിൽ തുള്ളി പോലും മഴ ലഭിച്ചില്ല. ഫെബ്രുവരി 7 ന് .6 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. 10 ന് 3.2 മില്ലീ മീറ്റർ മഴയും 11 ന് 34.2 മില്ലീമീറ്റർ മഴയും മാർച്ച് 10 ന് ഒരു മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്.

വേനൽമഴയുടെ വരവ്

Rain

പുതുപ്പള്ളി റബർ ഗവേഷണ കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം മുൻ വർഷങ്ങളിൽ ഏപ്രിൽ12 വരെ ലഭിച്ച വേനൽമഴ ഇങ്ങനെ

∙2017 : 191.2 മില്ലീമീറ്റർ

∙2016 : 194.4 മില്ലീമീറ്റർ

∙2015 : 169.4 മില്ലീമീറ്റർ

∙2014 : 125 മില്ലീമീറ്റർ

∙2013 : 190.2 മില്ലീമീറ്റർ

∙2012 : 137.4 മില്ലീമീറ്റർ

∙2011 : 238.2 .മില്ലീമീറ്റർ

∙2010 : 266.8 മില്ലീമീറ്റർ

∙2009 : 128.8 മില്ലീമീറ്റർ

ഇന്നലെ ചൂട് 38 ഡിഗ്രി

ജില്ലയിൽ ഈ വർഷം റിപ്പോർട്ട് ചെയ്ത ഏറ്റവും കൂടിയ ചൂട് മാർച്ച് 27 നാണ്. 38.5 ഡിഗ്രിയാണ് അന്ന് ചൂട് രേഖപ്പെടുത്തിയത്.

water

ഭൂഗർഭ ജലനിരപ്പ് താഴുന്നു

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഭൂഗർഭ ജലനിരപ്പ് അതിവേഗം താഴുന്നു. ഭൂഗർഭ ജല വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം കാഞ്ഞിരപ്പള്ളിയിൽ കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് 2 മീറ്റർ ഭൂഗർഭ ജലനിരപ്പ് താഴ്ന്നു. മുണ്ടക്കയത്ത് 1.22 മീറ്ററും കുറഞ്ഞിട്ടുണ്ട്. രാമപുരത്ത് 1.66 മീറ്റർ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ജില്ലയിലെ എല്ലാ മേഖലകളിലും മുൻ വർഷത്തെ അപേക്ഷിച്ച് ശരാശരി ഒരു മീറ്ററിനടുത്ത് താഴ്ന്നിട്ടുണ്ട്. കോട്ടയത്ത് .88 മീറ്ററിന്റെയും നെടുങ്കുന്നത്ത് .86 മീറ്ററിന്റെയും കുറവ് ഉണ്ട്.ജില്ലയിലെ ജലം ഉപയോഗിക്കാത്ത കുഴൽക്കിണറുകൾ, കിണറുകൾ തുടങ്ങി 50 ജലസ്രോതസ്സുകളിലെ വെള്ളത്തിന്റ അളവു പരിശോധിച്ചാണു ഭൂഗർഭജല വകുപ്പ് വെള്ളത്തിന്റെ നില തയാറാക്കുന്നത്.

പമ്പിങ് കേന്ദ്രങ്ങൾ  പ്രതിസന്ധിയിലേക്ക്

water

ജലസ്രോതസ്സുകളിൽ ജലനിരപ്പ് താഴ്ന്നതോടെ ഗ്രാമീണ മേഖലയിലെ ജലവിതരണം പ്രതിസന്ധിയിലേക്ക്. 

തോട്ടയ്ക്കാട്, പരിയാരം, എറികാട്, കാവാലംചിറ, പുതുപ്പള്ളി, വെന്നിമല, പാമ്പാടി എന്നി ജലവിതരണ പദ്ധതികളിൽ പമ്പിങ് സമയം 6 മണിക്കൂർ വരെയാണ് വെട്ടിക്കുറച്ചത്. 8 മണിക്കൂർ പമ്പ് ചെയ്തിരുന്ന പമ്പ് ഹൗസുകളാണ് മിക്കതും. കൊടൂരാർ, തോടുകൾ തുടങ്ങി വിവിധ ഉറവിടങ്ങളിൽ നിന്നാണ് ഈ പദ്ധതികളിലേക്ക് പമ്പിങ് നടത്തുന്നത്. പമ്പിങ് കുറഞ്ഞതോടെ മിക്ക മേഖലകളിലും ശുദ്ധജലം ലഭിക്കാതെ പ്രതിസന്ധി രൂക്ഷമാണ്. എന്നാൽ 2 നഗരസഭകളിലും 7 പഞ്ചായത്തുകളിലും ശുദ്ധജല പമ്പിങ് നടത്തുന്ന മീനച്ചിലാറിലെ സ്രോതസ്സിനെ ഇതുവരെ ജലക്ഷാമം ബാധിച്ചിട്ടില്ല.

ജില്ലയിൽ വരൾച്ച ബാധിക്കുക 36 പഞ്ചായത്തുകളിൽ

കോട്ടയം ജില്ലയിൽ 20 പഞ്ചായത്തുകളിലും 2 നഗരസഭകളിലും ടാങ്കറുകളിൽ ജലവിതരണം ആരംഭിച്ചു. 36 പഞ്ചായത്തുകളാണ് ഇതിനായി ടെൻഡർ നടപടി നടത്തിയത്. ടെൻഡർ പൂർത്തിയായ 20 പഞ്ചായത്തുകളിലാണ് ജലവിതരണം ആരംഭിച്ചത്. കോട്ടയം, പാല നഗരസഭകൾ കുടിവെള്ള വിതരണം നടത്തുന്നുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങൾ തനതു ഫണ്ട് ഉപയോഗിച്ച് ശുദ്ധജലവിതരണം നടത്തുന്നതിനാണ് നിർദേശം. ശുദ്ധജലം സംഭരിച്ച് വിതരണം ചെയ്യുന്നതിനു  ജില്ലയിലെ വരൾച്ചാ മേഖലകളിൽ 282 കിയോസ്കുകളാണ് സർക്കാർ സ്ഥാപിച്ചത്. ഈ കിയോസ്കുകളിൽ പരമാവധി വെള്ളം നിറച്ച ശേഷം ഇതിൽ നിന്ന് ശുദ്ധജല വിതരണം നടത്താനാണ് നിർദേശം. കിയോസ്കുകളിൽ നിന്ന് അകലെ താമസിക്കുന്നവർക്ക് സ്ഥലത്ത് എത്തിച്ചും വിതരണം നടത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com