ADVERTISEMENT

അമേരിക്കയിലെ ഏറ്റവും ഭൂകമ്പസാധ്യതയേറിയ പ്രദേശമാണ് കലിഫോര്‍ണിയ. അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടാക്കിയ ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുള്ളതും കലിഫോര്‍ണിയയിലാണ്. പക്ഷേ കാലിഫോര്‍ണിയയിലെ ഭൂകമ്പങ്ങളെക്കുറിച്ച് ഇതുവരെ അറിഞ്ഞതൊക്കെ ഒന്നുമല്ലെന്നാണ് ഇപ്പോൾ ഗവേഷകര്‍പറയുന്നത്. കലിഫോര്‍ണിയയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 20 ലക്ഷത്തോളം ഭൂകമ്പങ്ങളുണ്ടായെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. അതായത് പുറമേക്ക് അനുഭവപ്പെട്ടതിന്‍റെ ആയിരക്കണക്കിന് ഇരട്ടി ഭൂകമ്പങ്ങളാണത്രെ കലിഫോര്‍ണിയയില്‍ സംഭവിക്കുന്നത്.

ഈ ഭൂമികുലുക്കത്തെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ടില്‍ ഗവേഷകര്‍ പറയുന്ന ഒരു കാര്യമുണ്ട്. അതായത് ഏതാനും പേജുകള്‍ മാത്രം മാത്രമുള്ള ഈ റിപ്പോര്‍ട്ട് പഠിച്ചു തീരുമ്പോഴേക്കും ചുരുങ്ങിയത് രണ്ട് ഭൂകമ്പങ്ങളെങ്കിലും കലിഫോര്‍ണിയയില്‍ ഉണ്ടായിരിക്കും. തെക്കന്‍ കലിഫോര്‍ണിയയിലാണ് ഗവേഷകര്‍ ഇതുവരെ തിരിച്ചറിയാതെ പോയ ഈ ഭൂകമ്പങ്ങളെല്ലാം രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ലഭ്യമായ ഭൂകമ്പമാപിനി രേഖകള്‍ പരിശോധിച്ചാണ് ഈ ഭൂകമ്പങ്ങളെ ഇപ്പോള്‍ തിരിച്ചറിഞ്ഞത്. പലപ്പോഴും വാഹനങ്ങള്‍ സഞ്ചരിക്കുന്നതിന്‍റെയും കെട്ടിടനിര്‍മ്മാണത്തിന്‍റെയും മറ്റും മര്‍ദം മൂലമുണ്ടാകുന്ന രേഖകളെന്നു കരുതിയാണ് ഇത്രനാളും ഇവയെ അവഗണിച്ചിരുന്നത്. എന്നാല്‍ വിശദമായ പഠനത്തിനൊടുവിലാണ് ഇവ ഭൂകമ്പ തരംഗങ്ങളാണെന്നു ഗവേഷകര്‍ കണ്ടെത്തിയത്.

ചെറിയ ഭൂകമ്പങ്ങളുണ്ടാകുന്നതായി ശാസ്ത്രത്തിനു തിരിച്ചറിയാത്തതല്ല സംഭവിച്ചതെന്നു ഗവേഷകര്‍ പറയുന്നു. പക്ഷേ ഇവയെ ഭൂമിക്കു മേലുള്ള മനുഷ്യനിര്‍മിത സമ്മര്‍ദങ്ങളായി തെറ്റിധരിക്കുകയാണ് ചെയ്തത്. ഇവയെ വേര്‍തിരിക്കുക ഇതുവരെ ഏറെക്കുറെ അസാധ്യമായിരുന്നുവെന്നും ഗവേഷകര്‍ സമ്മതിക്കുന്നു. ചെറിയ അളവിലുള്ള ഭൂകമ്പങ്ങള്‍ കലിഫോര്‍ണിയില്‍ ഉണ്ടാകുന്നതായി 1940 കളില്‍ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത്ര വലിയ അളവില്‍ ഇവ ഉണ്ടാകുന്നുവെന്ന് ഇപ്പോഴാണു തിരിച്ചറിയുന്നത്. 

ടെംപ്ലേറ്റ് മാച്ചിങ് സാങ്കേതിക വിദ്യ

Earthquake

മനുഷ്യനിര്‍മിതവും ഭുമിക്ക് പുറത്തു നിന്നുള്ള ഇടിമുഴക്കങ്ങള്‍ പോലുള്ള പ്രതിഭാസങ്ങളും മൂലവും ഉണ്ടാകുന്ന പ്രകമ്പനങ്ങളെ ഭൂകമ്പത്തിന്‍റെ ചെറിയ പ്രകമ്പനങ്ങളുമായി വേര്‍തിരിക്കാന്‍ സാധിക്കാത്തതാണ് അവയുടെ എണ്ണം കണക്കാക്കുന്നതില്‍ നിന്ന് ഗവേഷകരെ തടഞ്ഞിരുന്നത്. എന്നാല്‍ ഈ പരിമിതി മറികടക്കാന്‍ ടെംപ്ലേറ്റ് മാച്ചിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചതോടെയാണ് ഇപ്പോള്‍ ചെറു ഭൂകമ്പങ്ങളുടെ കണക്കെടുപ്പ് സാധ്യമായത്. ഭൂമിയിലെ ഒരോ വിള്ളലിനും ഇരുവശത്തുമുള്ള ചെറുപ്ലേറ്റുകള്‍ തെന്നി നീങ്ങുന്നതാണ് ചെറു ഭൂകമ്പങ്ങള്‍ക്കു കാരണമാകുന്നത്. പ്ലേറ്റുകളുടെ ചലനം എത്ര ശക്തമാണോ അത്രയും ശക്തിയുളളതായിരിക്കും ഭൂചലനവും. ഇത്തരത്തില്‍ ഭൂചലനത്തിന്‍റെ തുടക്കം ഏത് പ്ലേറ്റില്‍ നിന്നാണെന്നു പോലും തിരിച്ചറിയാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് ടെംപ്ലേറ്റ് മാച്ചിങ്. ഇതിലൂടെ പ്രകമ്പനങ്ങളുണ്ടാകുന്നത് ഭൂമിക്കുള്ളില്‍ നിന്നാണോ പുറത്തു നിന്നാണോ എന്നത് അനായാസമായി തിരിച്ചറിയാന്‍ സാധിക്കും. 

ഒന്നുകൂടി ലളിതമാക്കിയാല്‍ ചെറുതും വലുതുമായ ഭൂചലനങ്ങള്‍ ഉണ്ടാകുന്നത് ഒരേ വിള്ളലുകളില്‍ നിന്നു തന്നെയാണ്. അതുകൊണ്ട് തന്നെ മുന്‍പ് വലിയ ചലനങ്ങള്‍ ഉണ്ടായ രേഖകള്‍ ആദ്യം ഗവേഷകര്‍ പരിശോധിച്ചു. തുടര്‍ന്ന് ചെറു പ്രകമ്പനങ്ങളുടെ സ്രോതസ്സുകള്‍ ഈ വിള്ളലുകളാണോ എന്നത് കണ്ടെത്തി. ഇങ്ങനെ വലിയ ഭൂകമ്പങ്ങളുടെ വിവരങ്ങള്‍ മുഴുവന്‍ ക്രോഡീകരിക്കാന്‍ കഴിഞ്ഞതോടെ കലിഫോര്‍ണിയ മേഖലയിലെ വിള്ളലുകളുടെ ഡേറ്റയും ഗവേഷകര്‍ക്കു ലഭ്യമായി. ഇതോടെ പ്രകമ്പനങ്ങളുടെ സ്രോതസ്സുകള്‍ മാത്രം തിരിച്ചറിഞ്ഞാല്‍ തന്നെ അതിന്‍റെ ഉറവിടം ഭൂചലനമാണോ അതോ പുറത്തു നിന്നുള്ള സമ്മര്‍ദം മൂലമാണോ എന്ന് ഗവേഷകര്‍ക്ക് കണ്ടെത്താന്‍ സാധിക്കും. 

യുഎസിലെ ലാസ് അലാമോസ് ദേശീയ ലബോറട്ടറിയിലെ ഗവേഷകനും സീസ്മോളജിസ്റ്റുമായ ഡാനിയല്‍ ടര്‍ഗ് മാനാണ് കലിഫോര്‍ണിയ മേഖലയില്‍  വര്‍ഷം തോറും ലക്ഷക്കണക്കിന് ഭൂചലനങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയ സംഘത്തിന്‍റെ മേധാവി. ടെംപ്ലേറ്റ് മാച്ചിങ് സാങ്കേതിക വിദ്യ ഒരു പുതിയ കണ്ടെത്തലല്ല എന്ന് ടര്‍ഗ് മാന്‍ പറയുന്നു. പക്ഷേ അത് ഇത്തരത്തില്‍ ഭൂമിയിലെ പ്രകമ്പനങ്ങളെ വേര്‍തിരിച്ചു പഠിക്കാന്‍ സഹായകമാകുമെന്നു കണ്ടെത്തിയതാണ് പഠനത്തില്‍ വഴിത്തിരിവായതെന്നും ടര്‍ഗ് മാന്‍ വിശദീകരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com