ADVERTISEMENT

ഭുവനേശ്വർ കൊടിയ നാശം വിതച്ച് ഒഡീഷയിൽ വീശിയടിച്ച ‘ഫോനി’ ചുഴലിക്കാറ്റിൽ 9 മരണം. 175 കിലോമീറ്റർ വേഗത്തിൽ രാവിലെ 8ന് പുരിയുടെ തെക്കൻ തീരത്തെ കുടിലുകൾ തൂത്തെറിഞ്ഞായിരുന്നു ഫോനിയുടെ കരപ്രവേശം. ഒട്ടേറെ കെട്ടിടങ്ങൾ നിലംപൊത്തി, വൃക്ഷങ്ങൾ പിഴുതെറിഞ്ഞു, കനത്ത മഴയിൽ ജനവാസകേന്ദ്രങ്ങൾ മുങ്ങി, വൈദ്യുതി–ടെലിഫോൺ ബന്ധം നിലച്ചു.

9 ജില്ലകളിൽ നിന്നായി 11 ലക്ഷം പേരെ നേരത്തേ ഒഴിപ്പിക്കാൻ കഴിഞ്ഞതാണ് മരണസംഖ്യ മൂന്നായി കുറയ്ക്കാൻ സഹായിച്ചത്. 4000 അഭയകേന്ദ്രത്തിലായാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. മരം വീണു യുവാവും തകർന്ന കെട്ടിടത്തിൽ നിന്നുള്ള അവശിഷ്ടം വീണ് ഒരു സ്ത്രീയും മരിച്ചു. അഭയകേന്ദ്രത്തിൽ ഹൃദയസ്തംഭനം മൂലമാണു മറ്റൊരു മരണം.

ഒഡീഷയിലെ കുർദ, കട്ടക്ക്, ജാജ്പുർ, ഭദ്രക്, ബാലാസോർ പിന്നിട്ട് രാത്രി വൈകി ബംഗാളിലേക്കു കടന്ന ചുഴലിക്കാറ്റിന്റെ വേഗം 100 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്. ബംഗാളിലെ തീരദേശ ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശമുണ്ട്.

വേഗം 70 കിലോമീറ്ററായി കുറഞ്ഞു ‘ഫോനി’ ഇന്ന് ബംഗ്ലദേശിലേക്കു നീങ്ങി. കൊൽക്കത്ത, ഭുവനേശ്വർ വിമാനത്താവളങ്ങൾ അടച്ചിട്ടു. ഭുവനേശ്വർ വിമാനത്താവളത്തിലെ ചില ഉപകരണങ്ങൾക്കു സാരമായ നാശം നേരിട്ടു. ഇതു നന്നാക്കി ഇന്ന് ഉച്ചയ്ക്കേ പ്രവർത്തനം പുനരാരംഭിക്കൂ. കൊൽക്കത്ത വിമാനത്താവളം ഇന്നു രാവിലെ 8നു തുറക്കും.

കൊൽക്കത്ത– ചെന്നൈ തീരപാതയിലൂടെയുള്ള 223 ട്രെയിനുകൾ നേരത്തേ റദ്ദാക്കിയിരുന്നു. 24 കിലോമീറ്റർ വിസ്തൃതിയിലാണു ചുഴലിക്കാറ്റിന്റെ പ്രഹരശേഷി (കണ്ണ്). ഇത് 30 കിലോമീറ്റർ വേഗത്തിലാണു നീങ്ങുന്നതെങ്കിലും ഇതിനുള്ളിൽ 175 കിലോമീറ്റർ വരെയാണു കാറ്റിന്റെ വേഗം. ചുഴലിക്കാറ്റ് ബാധിത സംസ്ഥാനങ്ങൾക്കായി 1000 കോടി രൂപയുടെ മുൻകൂർ സഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com