ADVERTISEMENT

ഒട്ടേറെ മലിനീകരണ പ്രശ്നങ്ങളുണ്ടായിട്ടും ആഗോളതാപനത്തിന്‍റെ മുഖ്യ കാരണങ്ങളിലൊന്നായിട്ടും കല്‍ക്കരി തന്നെയാണ് ഇന്നും ലോകത്തെ ഊർജോൽപാദനത്തിന്‍റെ നട്ടെല്ല്. പക്ഷേ പതിയെയാണെങ്കിലും ഈ പരമ്പരാഗത ഊര്‍ജ സ്രോതസ്സില്‍ നിന്ന് ലോക രാജ്യങ്ങള്‍ മാറുകയാണ്. മറ്റ് പല പുരോഗമന നിലപാടുകള്‍ക്കും ചുക്കാന്‍ പിടിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ തന്നെയാണ് ഈ മാറ്റത്തിലും മുന്നില്‍ നില്‍ക്കുന്നത്. യൂറോപ്പിലെ ഏറ്റവും ജനസാന്ദ്രതയേറിയ രാജ്യങ്ങളിലൊന്നായ യുകെ ഇപ്പോള്‍ കല്‍ക്കരി ഉപയോഗിക്കാതെ പുതിയ റെക്കോഡിട്ടിരിക്കുകയാണ്. തുടര്‍ച്ചയാി 6 ദിവസമാണ് കല്‍ക്കരി ഇല്ലാതെ യുകെ ഊര്‍ജോൽപാദനം നടത്തിയത്.

ആറ് ദിവസം ഇത്ര വലിയ കാര്യമാണോ എന്നു ചോദിക്കരുത്. കാരണം ബ്രിട്ടന്‍റെ ഈ നേട്ടം ഒന്നര നൂറ്റാണ്ടിനു ശേഷം ഉണ്ടായതാണ്. വ്യവസായ വിപ്ലവ കാലത്തിനു ശേഷം ഇതാദ്യമായാണ് കല്‍ക്കരി താപനിലയങ്ങളില്‍ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാതെ തുടര്‍ച്ചയായി ആറ് ദിവസം യുകെയിൽ കടന്നു പോകുന്നത്. കഴിഞ്ഞ മാസം സൃഷ്ടിച്ച 90 മണിക്കൂറിന്‍റെ റെക്കോഡ് തകര്‍ത്താണ് ഇത്തവണ തുടര്‍ച്ചയായി 159 മണിക്കൂര്‍ കല്‍ക്കരി നിലയങ്ങള്‍ പ്രവര്‍ത്തിക്കാതെ മറ്റ് സ്രോതസ്സുകളിലെ വൈദ്യുതികള്‍ കൊണ്ട് യുകെയില്‍ ഉപഭോഗം സാധ്യമായത്.

uk

പുതിയ പുനരുപയോഗ സ്രോതസ്സുകളുടെ ഉപയോഗം പ്രായോഗിക തലത്തില്‍ സാധ്യമാകുന്നതോടെ കല്‍ക്കരിയുടെ ഉപയോഗം കുറച്ചു കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് യുകെ നാഷണല്‍ പവര്‍ഗ്രിഡിന്‍റെ വക്താവ് പ്രതികരിച്ചത്. ഇപ്പോള്‍ കല്‍ക്കരി രഹിത വൈദ്യുതി എന്നത് ഒരു അദ്ഭുതകരമായ നേട്ടമായാണ് തോന്നുന്നത്. എന്നാല്‍ ഇത് വളരെ സാധാരണ സംഭവമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും വക്താവ് പ്രതികരിച്ചു.

മെയ് 1 മുതല്‍ 6 വരെ കല്‍ക്കരി നിലയങ്ങള്‍ പ്രവര്‍ത്തിക്കാതിരുന്നതോടെ ഈ വര്‍ഷം 1000 മണിക്കൂറുകളാണ് യുകെയില്‍ കല്‍ക്കരി രഹിത ഊര്‍ജ ഉപയോഗം സാധ്യമായത്. ഇതോടെ കഴിഞ്ഞ വര്‍ഷത്തെ 1800 മണിക്കൂറുകള്‍ എന്ന കല്‍ക്കരി രഹിത വൈദ്യുത ഉപയോഗത്തിന്‍റെ റെക്കോര്‍ഡ് ഇക്കുറി യുകെ മറികടക്കുമെന്നു ഉറപ്പായിക്കഴിഞ്ഞു. കല്‍ക്കരി മാത്രമല്ല ഹാനികരമായ ഒരു ഫോസില്‍ ഇന്ധനവും  സ്രോതസ്സായി ഉപയോഗിക്കാതെയാണ് യുകെ ഈ നേട്ടം കൈവരിച്ചത്. 2017 ല്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായി ഫോസില്‍ ഇന്ധന രഹിത വൈദ്യുത ഉപയോഗം വിജയകരമായി സാധിച്ചതോടെയാണ് കല്‍ക്കരി ഇന്ധനം ഒഴിവാക്കാനുള്ള നടപടികളിലേക്കg യുകെ കടന്നത്.

അടുത്തതായി ഒരാഴ്ചയോ അതില്‍ കൂടുതലോ സമയം തുടര്‍ച്ചയായി കല്‍ക്കരി രഹിത വൈദ്യുത ഉപോയോഗം സാധ്യമാക്കാനാണ് യുകെ അധികൃതര്‍ ലക്ഷ്യമിടുന്നത്. ഒരു പതിറ്റാണ്ട് മുന്‍പ് യുകെയിലെ വൈദ്യുത ഉൽപാദനത്തില്‍ 40 ശതമാനവും കല്‍ക്കരി താപനിലയങ്ങളില്‍ നിന്നായിരുന്നു. എന്നാല്‍ ഇന്നത് 10 ശതമാനത്തില്‍ താഴെ മാത്രമാണ്. 2012 നും 2018 നും ഇടയില്‍ രാജ്യത്തെ കല്‍ക്കരി താപനിലയങ്ങളുടെ ഉപയോഗത്തില്‍ 88 ശതമാനം കുറവാണുണ്ടായത്. 

2018 ല്‍ കല്‍ക്കരി ഉള്‍പ്പടെയുള്ള ഹാനികരമായ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് 5 ശതമാനം വൈദ്യുതി മാത്രമാണ് യുകെയില്‍ ഉൽപാദിപ്പിച്ചത്. ശേഷിക്കുന്നതില്‍ 33.3 ശതമാനം പുനരുപയോഗ സ്രോതസ്സുകളില്‍ നിന്നും (ധനമായും കാറ്റാടി യന്ത്രങ്ങള്‍), 40 ശതമാനം സിഎന്‍ജി യില്‍ നിന്നും( സിഎന്‍ജി ഫോസില്‍ ഇന്ധനമാണെങ്കിലും മറ്റ് ഫോസില്‍ ഇന്ധനങ്ങളായ പെട്രോള്‍, ഡീസല്‍, കല്‍ക്കരി തുടങ്ങിയവയിലുള്ള ഹാനികരമായ വസ്തുക്കള്‍ സിഎന്‍ജിയില്‍ ഇല്ല), 20 ശതമാനത്തോളം ആണവ വൈദ്യുത നിലയങ്ങളില്‍ നിന്നുമാണ്.

പക്ഷേ ഇപ്പോഴും സന്തോഷിക്കാറായിട്ടില്ല എന്ന നിലപാടിലാണ് യുകെയിലെ വൈദ്യുത ഉൽപാദന വിഭാഗം പറയുന്നത്. സിഎന്‍ജി ഉള്‍പ്പടെയുള്ള എല്ലാ ഫോസില്‍ ഇന്ധനങ്ങളെയും വൈദ്യുത ഉൽപാദനത്തില്‍ നിന്ന് ഒഴിവാക്കുകയെന്നതാണ് അവര്‍ ലക്ഷ്യമിടുന്നത്. ഇപ്പോഴും ഊര്‍ജസ്രോതസ്സുകളില്‍ 45 ശതമാനവും സിഎന്‍ജി ഉള്‍പ്പടെയുള്ള ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നാണ് എന്നിരിക്കെ ഈ ലക്ഷ്യം കൈവരിക്കുക യുകെക്ക് അത്ര എളുപ്പമാകില്ല. എങ്കിലും 2025 ഓടെ ഫോസില്‍ ഇന്ധനങ്ങളുടെ ഊർജോൽപാദനത്തിലെ പങ്ക് പൂജ്യം ശതമാനമാക്കാം എന്ന പ്രതീക്ഷയിലാണിവര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com