ADVERTISEMENT

യമുനാ നദിയിലേക്കു മലിനജലം ഒഴുക്കിവിടുന്നതു തടയാൻ വിജിലൻസ് സംവിധാനം ഏർപ്പെടുത്തണമെന്നു കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) നിർദേശിച്ചു. യമുനയിലേക്ക് മലിനജലം തള്ളുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാനും ഡൽഹി ജല ബോർഡിനോട് സിപിസിബി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ സംബന്ധിച്ചുള്ള ആക്ഷൻ പ്ലാൻ 20 നുള്ളിൽ സമർപ്പിക്കണമെന്നും ജല ബോർഡിനു നിർദേശം നൽകി.

വസീറാബാദിനും പല്ലയ്ക്കും മധ്യേയുള്ള യമുനയുടെ തീരപ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ പലസ്ഥലങ്ങളിലും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനികൾ കണ്ടെത്തിയതായി ഡൽഹി ജല ബോർഡ് സിഇഒയ്ക്ക് അയച്ച കത്തിൽ സിപിസിബി വ്യക്തമാക്കി. സിപിസിബി ഉദ്യോഗസ്ഥ സംഘം നടത്തിയ പരിശോധനയിൽ ഈ ജനവാസ കേന്ദ്രങ്ങളിൽ നിന്നുള്ള മലിനജലം യമുനയിലേക്കാണ് ഒഴുകിയെത്തുന്നതെന്നു ബോധ്യപ്പെട്ടു.

മലിനജല സംസ്കരണ പ്ലാന്റുകളിൽ ശുദ്ധീകരിക്കാതെ ഇത്തരം മലിന ജലം യമുനയിലേക്ക് ഒഴുക്കിവിടുന്നതു ഗുരുതരമായ ജല മലിനീകരണത്തിനു കാരണമാവുന്നു. ആളുകൾക്കു കുളിക്കാൻ പോലും സാധിക്കാത്ത വിധത്തിൽ യമുനയിലെ ജലം മലിനമാണ്.ഇത്തരം ജനവാസ കോളനികളിൽ നിന്ന് അഴുക്കുചാലുകൾ വഴിയാണു പ്രധാനമായും മലിനജലം യമുനയിലേക്ക് എത്തുന്നത്. ഇതുകൂടാതെ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മാലിന്യം ലോറികളിൽ കൊണ്ടുവന്നു നേരിട്ട് യമുനയിൽ തള്ളുന്നതായും സിപിസിബി കത്തിൽ ചൂണ്ടിക്കാട്ടി.ഇത്തരം കോളനികളിലെ അഴുക്കുചാലുകളിലെ മലിനജലം ശുദ്ധീകരിച്ച ശേഷം മാത്രം യമുനയിലേക്ക് ഒഴുക്കിവിടാനുള്ള സംവിധാനം ഡൽഹി ജല ബോർഡ് ഏർപ്പെടുത്തണം. സെപ്റ്റിക് ടാങ്ക് മാലിന്യം നദിയിൽ തള്ളുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും സിപിസിബി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com