ADVERTISEMENT
Kanpur A city being killed by pollution
കാൺപുരിലെ തുകൽ സംസ്കരണ ശാലകളിൽ നിന്നുള്ള കാഴ്ചകൾ.

ഒരു വശത്ത് നാലു ലക്ഷത്തിലേറെ പേരുടെ ഉപജീവനമാർഗം നഷ്ടപ്പെടുന്നുവെന്ന പരാതി. മറുവശത്ത് അതേ ഉപജീവനമാര്‍ഗം അവരുടെ തന്നെ ജീവനെടുക്കുന്നുവെന്ന നടുക്കുന്ന സത്യവും. ഉത്തർപ്രദേശിലെ കാണ്‍പുരിലെ തുകൽ വ്യവസായ മേഖലയിൽ നിന്നാണ് ഈ വാർത്ത. ഇന്ത്യയിൽ  തുകൽ സംസ്കരിച്ച് കയറ്റുമതി ചെയ്യുന്നതിൽ 40 ശതമാനവും കാൺപുരിൽ നിന്നാണ്. പ്രതിവർഷം ഏകദേശം 12,000 കോടി രൂപയുടെ കച്ചവടം. എന്നാൽ ഇക്കഴിഞ്ഞ നാലു മാസത്തിനിടെ ഏകദേശം 250ഓളം തുകൽ സംസ്കരണ ശാലകൾ കാൺപുരിൽ മാത്രം അടച്ചു പൂട്ടി. 2018 ഡിസംബർ 15നും 2019 മാർച്ചിനും ഇടയ്ക്കാണിത്. 

അലഹബാദിൽ കുംഭമേളയോടനുബന്ധിച്ചായിരുന്നു അടച്ചു പൂട്ടൽ നിർദേശം. മലിനീകരണ പ്രശ്നമാണു കാരണമായി ഉത്തർപ്രദേശ് സർക്കാർ പറഞ്ഞത്. ഗംഗ മലിനമാക്കുന്നതിൽ ഈ തുകൽ സംസ്കരണ ശാലകൾക്കു നിർണായക പങ്കുണ്ടെന്നും മലിനീകരണ നിയന്ത്രണ ബോർഡ് പറയുന്നു. കുംഭമേള കഴിഞ്ഞിട്ടും ഇപ്പോഴും പല സംസ്കരണ ശാലകളും തുറക്കാൻ അനുമതി ലഭിച്ചിട്ടില്ല. മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരാകട്ടെ ഓരോ ദിവസവും പരിശോധന തുടരുന്നു. തങ്ങൾ നിർദേശിച്ച മാനദണ്ഡങ്ങളൊന്നും പാലിക്കാത്തവരോട് സംസ്കരണ ശാലകൾ അടച്ചുപൂട്ടാനാണു നിർദേശം. എന്നാൽ ഗംഗയിലെ മലിനീകരണത്തിനു 15–20 ശതമാനം മാത്രമേ തങ്ങൾ കാരണക്കാരാകുന്നുള്ളൂവെന്നാണ് ഈ വ്യവസായവുമായി ബന്ധപ്പെട്ടു ജീവിക്കുന്നവർ പറയുന്നത്. ബാക്കിയുള്ള വൻകിട–ചെറുകിട വ്യവസായങ്ങൾക്കു നേരെ സർക്കാർ കണ്ണടയ്ക്കുകയാണെന്നും. 

Kanpur A city being killed by pollution
ശ്വാസതടസ്സത്തെത്തുർന്നുള്ള പരിശോധനയിൽ ലഭിച്ച എക്സ് റേയുമായി തൊഴിലാളി. കാൺപുരിൽ നിന്നുള്ള കാഴ്ച.

കാൺപുരിലെ തുകൽ സംസ്കരണ ശാലകൾ വർഷങ്ങളായി പ്രസിദ്ധമാണ്. യുഎസിലേക്കും ജർമനിയിലേക്കുമാണ് ഇവിടെ നിന്നുള്ള തുകൽ കയറ്റുമതി ചെയ്യുന്നതിലേറെയും. അതിനാൽത്തന്നെ സംസ്ഥാനത്തിനു മികച്ച വരുമാനമുണ്ടാക്കാനുള്ള മാർഗവുമായിരുന്നു. എന്നാൽ പണം കായ്ക്കുന്ന തുകൽ അധികം വൈകാതെ തിരിച്ചടിച്ചു. തുകൽ ഊറയിടാൻ ഉപയോഗിക്കുന്ന ക്രോമിയം ഉൾപ്പെടെയുള്ള രാസവസ്തുക്കളായിരുന്നു പ്രശ്നക്കാർ. സംസ്കരണ ശാലകളിൽ ജോലി ചെയ്യുന്നവരുടെ രോഗപ്രതിരോധ ശേഷി കുറയ്ക്കുന്ന നിലയിലേക്ക് എത്തിയെന്നു മാത്രമല്ല പ്രദേശത്തെ മണ്ണും ഭൂഗർഭജലവും വരെ ഈ വ്യവസായത്താൽ മലീമസമായി. സംസ്കരണ ശാലകളിൽ നിന്നുള്ള ക്രോമിയം നിറഞ്ഞ വെള്ളം പുറത്തേക്കൊഴുക്കി ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിക്കുകയാണു പതിവ്. അവിടെ നിന്ന് കനാലിലേക്കും അതുവഴി വയലിലേക്കും എത്തിക്കും. 

എന്നാൽ വെള്ളം പൂർണമായും ശുദ്ധീകരിക്കപ്പെടാറില്ലെന്നതാണു സത്യം. അതിന്റെ ഫലം വയലുകളിലും കണ്ടു. മണ്ണിന്റെ വളക്കൂറ് നഷ്ടപ്പെട്ടു. ചെടികൾ വാടിക്കരിയാൻ തുടങ്ങി. പതിയെ കൃഷിക്ക് അനുയോജ്യമാകാത്ത വിധം വയലുകൾ നശിച്ചു. 2008ൽ ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടോക്സിക്കോളജി റിസർച്ച് നടത്തിയ പഠനത്തിൽ സംസ്കരണ ശാലകളിലെ ജീവനക്കാരുടെ രോഗപ്രതിരോധ ശേഷി വൻ തോതിൽ കുറഞ്ഞതായി കണ്ടെത്തി. ക്രോമിയമായിരുന്നു അവിടെയും വില്ലൻ. അന്തരീക്ഷത്തിലും ക്രോമിയം തരി കലരുന്നുണ്ടെന്നായിരുന്നു കണ്ടെത്തൽ. തുകൽ ഊറയ്ക്കിടുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കളിൽ ചിലത് കാൻസറിനു കാരണമാകുന്നവയായിരുന്നു, മറ്റു ചിലതാകട്ടെ മാരകവിഷങ്ങളും! പ്രദേശത്തെ മണ്ണിലും വെള്ളത്തിലും വൻതോതിൽ ക്രോമിയവും കണ്ടെത്തി. ഇത് വിളകളിലൂടെ മനുഷ്യരിലേക്കെത്തുന്നതും ഗവേഷകർ സ്ഥിരീകരിച്ചു. 2018ൽ ലോകാരോഗ്യ സംഘടന പുറത്തു വിട്ട റിപ്പോർട്ടിൽ ഇന്ത്യയിലെ ഏറ്റവും വൃത്തിഹീനമായ അന്തരീക്ഷമുള്ള 14 നഗരങ്ങളിൽ മുന്നിൽ കാൺപുരായിരുന്നു. 

Kanpur A city being killed by pollution
ഗംഗയിലേക്ക് ശുദ്ധീകരിക്കാത്ത മലിനജലം ഒഴുക്കി വിടുന്നു (ഫയൽ ചിത്രം)

സംസ്കരണ ശാലകളിൽ നിന്നുള്ള വെള്ളം ശുദ്ധീകരിക്കുന്നതിൽ സർക്കാർ അലംഭാവം കാണിക്കുന്നതിന്റെ പ്രശ്നവും പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിദിനം ഏകദേശം 30 കോടി ലീറ്റർ മലിനജലമാണ് സംസ്കരണശാലകളിൽ നിന്നുള്ള പുറന്തള്ളപ്പെടുന്നത്. ഇതു ഗംഗയിലേക്കും ഒഴുകുന്നു. കാൺപുരിലെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന് പ്രതിദിനം 17 കോടിയോളം ലീറ്റം വെള്ളം ശുദ്ധീകരിക്കാനുള്ള കഴിവു മാത്രമേ ഉള്ളൂ! ജലശുദ്ധീകരണ പ്ലാന്റിന്റെ പ്രവർത്തനത്തിനെന്ന പേരിൽ തങ്ങളുടെ കയ്യിൽ നിന്നു പണം പിരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നാൽ ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ ശേഷി വർധിപ്പിക്കാൻ യാതൊന്നും ചെയ്യുന്നില്ലെന്ന് മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. ഡിറ്റർജന്റ്, സോപ്പ് നിർമാതാക്കളും വൻ വ്യവസായശാലകളും ഉൾപ്പെടെ രക്ഷപ്പെടുമ്പോൾ ഗംഗയുടെ തീരത്തെ തുകൽ സംസ്കരണ ശാലകൾ മാത്രം അടച്ചു പൂട്ടുന്നതിനെതിരെയും പ്രതിഷേധമുണ്ട്.

കാൺപുരിൽ നിന്നു മാത്രം ഏകദേശം 400 ടൺ ഖരമാലിന്യവും ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിൽ ദേശീയ ഹരിത ട്രിബ്യൂണലും വിഷയത്തിൽ ഇടപെട്ടു. ഉന്നാവിലും ബന്താറയിലുമുള്ള 78 സംസ്കരണ ശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടത് കഴിഞ്ഞ ദിവസമാണ്. മേഖലയിലാകെ 106 സംസ്കരണകേന്ദ്രങ്ങളാണുള്ളത്. ഇവിടങ്ങളിൽ നിന്നു ശേഖരിച്ച സാംപിളുകളിലും പലതിലും സുരക്ഷാമാനദണ്ഡങ്ങളൊന്നും പരിഗണിക്കാതെയാണ് തുകൽ സംസ്കരണമെന്നതിന്റെ തെളിവുകൾ ലഭിച്ചിരുന്നു. മലിനജലം ശുദ്ധീകരിക്കുന്നതിനുള്ള പ്ലാന്റ് സർക്കാർ ഇടപെട്ട് കൂടുതലായി നിർമിക്കണമെന്നാണു തുകൽ സംസ്കരണ മേഖലയിലുള്ളവർ പറയുന്നത്. സർക്കാരാകട്ടെ അടച്ചുപൂട്ടിയ ശാലകൾ തുറക്കില്ലെന്ന പിടിവാശിയിലും. ഇതിനിടയിൽ നാലു ലക്ഷത്തിലേറെ വരുന്ന തൊഴിലാളികളുടെ ഉപജീവനമാണ് ഇല്ലാതാകുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com