ADVERTISEMENT

ചെന്നൈ ഉൾപ്പെടെ വടക്കൻ തമിഴ്നാട്ടിലെ 10 ജില്ലകളിൽ രണ്ടു ദിവസം ചുടുകാറ്റു വീശും. താപനില ആറു ഡിഗ്രി സെൽഷ്യസ് വരെ ഉയരും. അതിനാൽ, രാവിലെ 11 മുതൽ വൈകിട്ട് 4 വരെ പുറത്തിറങ്ങുന്നതു പരമാവധി കുറയ്ക്കണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച നുങ്കമ്പാക്കത്ത് രേഖപ്പെടുത്തിയ താപനില 40.2 ഡിഗ്രിയും മീനമ്പാക്കത്ത് 42 ഡിഗ്രി സെല്‍ഷ്യസുമാണ്. 20 മുതൽ ചെന്നൈയിലുൾപ്പെടെ പകൽ താപനില പടിപടിയായി  കുറയും. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, വെല്ലൂർ, തിരുവണ്ണാമല തുടങ്ങിയ ജില്ലകളിലാണു ചൂടുകാറ്റ് പ്രവചിച്ചിരിക്കുന്നത്. നിലവിൽ 40 ഡിഗ്രിയിലേറെ താപനിലയിലുള്ള ഈ ജില്ലകളിൽ ഇതു 45 ഡിഗ്രിവരെ ഉയരും.

സൂര്യാഘാത സാധ്യത

സൂര്യാഘാതത്തിനു സാധ്യതയുള്ളതിനാൽ രാവിലെ 11 മുതൽ 4 വരെ നേരിട്ടു വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നു കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പു നൽകി. ചെന്നൈയിൽ കൂടിയ താപനില 41 ഡിഗ്രിയും കുറഞ്ഞ താപനില 32 ഡിഗ്രിയും ആയിരിക്കും. ഒരാഴ്ചയിലേറെയായി നഗരത്തിലെ താപനില 40 ഡിഗ്രിക്ക് അടുത്താണ്.

sun

45 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത

നഗരത്തിൽ പകലും രാത്രിയും ഉഷ്ണം കൂടുതലായി. നഗരത്തിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനിലയാണ്  രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ  ഇതു വീണ്ടും ഉയരാനാണു സാധ്യത.ബംഗാൾ ഉൾക്കടലിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിൽ നിന്നു വീശിയടിക്കുന്ന വരണ്ട കാറ്റാണ് താപനില ഉയരാൻ കാരണം. പുതുച്ചേരിയിലും താപനില ഉയരാനാണു സാധ്യത. മഹാരാഷ്ട്ര,  ആന്ധ്ര എന്നിവിടങ്ങളിൽ മൺസൂൺ മഴ ലഭിച്ചാൽ നഗരത്തിലെ താപനിലയിൽ നേരിയ കുറവുണ്ടാകും.കഴിഞ്ഞ വേനലിൽ നഗരത്തിലെ താപനില 44 ഡിഗ്രിവരെ എത്തിയിരുന്നു. ഇത്തവണ ഇത് 46 ഡിഗ്രി വരെയാകാനുള്ള സാധ്യതയുണ്ട്.

Chennai Drought
ചെന്നൈ നഗരത്തിന്റെ പ്രധാന ജല സ്രോതസ്സായ പുഴൽ റിസർവോയർ വറ്റിയതിനെ തുടർന്ന് കാലികളെ മേയ്ക്കുന്നു.

22 ജില്ലകൾ റെഡ് കാറ്റഗറിയിൽ

സംസ്ഥാനം അതിരൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്നതിനിടെ, വിവിധ ജില്ലകളിൽ ഭൂഗർഭ ജലത്തിന്റെ അളവ് കുറയുന്നതു ആശങ്ക സൃഷ്ടിക്കുന്നു. നിലവിൽ ചെന്നൈ ഉൾപ്പെടെ 22 ജില്ലകൾ റെഡ് കാറ്റഗറിയിലാണ്. ഭൂഗർഭ ജലത്തിന്റെ അളവ് ആശങ്കജനകമാംവിധം  താഴ്ന്ന ജില്ലകളെയാണു റെഡ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കടലൂർ, തൂത്തുക്കുടി, തിരുനൽവേലി ജില്ലകൾ കഴിഞ്ഞ ഒരു മാസത്തിനിടെയാണു റെഡ് കാറ്റഗറിയിലേക്കു മാറിയത്.

Chennai Drought
ചെമ്പരമ്പക്കം തടാകം വറ്റിവരണ്ട നിലയിൽ.

ഈ വർഷം കൂടി മഴയുടെ ലഭ്യത കുറഞ്ഞാൽ കൂടുതൽ ജില്ലകൾ റെഡ് കാറ്റഗറി വിഭാഗത്തിലേക്കു മാറും. കഴിഞ്ഞ ഒരു മാസത്തിനിടെ, തിരുനൽവേലിയിൽ0.83  മീറ്ററും തൂത്തുക്കുടിയിൽ 0.45 മീറ്ററും കടലൂരിൽ 0.43 മീറ്ററുമാണു ഭൂഗർഭ ജലത്തിന്റെ തോത് കുറഞ്ഞത്.കഴിഞ്ഞ വർഷം ജനുവരിക്കു ശേഷം ആദ്യമായാണു തിരുനൽവേലി, തൂത്തൂക്കുടി ജില്ലകളിൽ ഭൂഗർഭ ജലത്തിന്റെ നിരപ്പ് കുറയുന്നത്. മഴയുടെ കുറവാണു കാരണം. നിലവിലെ കണക്കുപ്രകാരം സംസ്ഥാനത്തെ 9 ജില്ലകളിലാണ് ഭൂഗർഭ ജലത്തിന്റെ അളവ് വർധിച്ചത്. മധുര, ഈറോഡ്,തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ  ഉൾപ്പെടെ ഇത്തവണ ഭേദപ്പെട്ട മഴ  ലഭിച്ച ജില്ലകളിലാണു ജലനിരപ്പ് ഉയർന്നത്. 

ചെന്നൈയിലെ പരിസര ജില്ലകളിലും വൻ തോതിലുള്ള ഇടിവാണു ജലനിരപ്പിലുണ്ടായത്. കാഞ്ചീപൂരം, തിരുവള്ളൂർ, വെല്ലൂർ, തിരുവണ്ണാമല ജില്ലകളിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ഭൂഗർഭ ജലനിരപ്പ് വൻ തോതിൽ താഴ്ന്നു. ചെന്നൈയിലേക്കു ജലം വിതരണം ചെയ്യുന്നതിനായി സ്വകാര്യ  ടാങ്കറുകൾ വൻ തോതിൽ ജലം ഊറ്റിയതാണു ഇതിനു കാരണമെന്നാണു നിഗമനം. ജില്ലകളിൽ പെരുമ്പല്ലൂരിലും തിരുവണ്ണാമലയിലുമാണു ഏറ്റവും കൂടുതൽ ജലനിരപ്പ് താഴ്ന്നത്. ഒരു വർഷത്തിനിടെ രണ്ടു ജില്ലകളിലും 4.5 മീറ്ററിലധികമാണു ഭൂഗർഭ ജലനിരപ്പ് താഴ്ന്നത്. 

Drought

മഴയ്ക്കു വേണ്ടി കാത്തിരിപ്പ്

മഴയ്ക്കു വേണ്ടി കാത്തിരിക്കുന്നതു വേഴാമ്പൽ മാത്രമല്ല, ചെന്നൈ നഗരം കൂടിയാണ്. എങ്ങിനെ കാത്തിരിക്കാതിരിക്കും. ചെന്നൈയിൽ മഴ പെയ്തിട്ടു ഇന്നലെ 192 ദിവസം പിന്നിട്ടും. രണ്ടു ദിവസം കൂടി ഈ മഴയില്ലായ്മ നീണ്ടു നിന്നാൽ 10 വർഷത്തിനിടെ ഏറ്റവും കൂടുതൽ മഴയില്ലാത്ത വർഷമായി ഇതു മാറും. ചെന്നൈയിൽ മഹാപ്രളയം സംഭവിച്ച 2015നു മുൻപ് ഇതേ രീതിയിൽ മഴയില്ലായ്മ നഗരത്തെ വീർപ്പുമുട്ടിച്ചിരുന്നു. അന്ന് മഴയില്ലാത്ത തുടർച്ചയായ 193 ദിവസങ്ങൾക്കു ശേഷമാണു നിർത്താതെ മഴ പെയ്തത്. തെലങ്കാനയിൽ മഴക്കാലമെത്തുന്ന 19നു ശേഷം ചെന്നൈ ഉൾപ്പെടെ വടക്കൻ തമിഴ്നാട്ടിൽ മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ  പ്രവചനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com