ADVERTISEMENT

ആശ്വാസമായി മഴയെത്തിയെങ്കിലും ശുദ്ധ ജലത്തിനായുള്ള നഗരത്തിന്റെ ദാഹം തീരുന്നില്ല. 4 കൊല്ലം മുൻപ് പ്രളയത്തിൽ മുങ്ങിയ നഗരം ഇപ്പോൾ ഓരോ തുള്ളി ജലത്തിനും കണക്കുവയ്ക്കുന്നു. വെള്ളമില്ലാത്തതു കാരണം ഹോട്ടലുകൾ പൂട്ടുന്നു, ജനങ്ങൾ താമസം മാറുന്നു, നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നു, സ്കൂളുകൾ പ്രവൃത്തി സമയം കുറയ്ക്കുന്നു. നഗര ഹൃദയത്തോടടുക്കുന്തോറും ക്ഷാമത്തിന്റെ തീവ്രത കൂടുന്നു. നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽ സ്ഥിതി അൽപം മെച്ചമാണ്.

കാരണം

കഴിഞ്ഞ 2 വർഷവും മഴ ലഭ്യതയിലുണ്ടായ വൻ കുറവ്. കഴിഞ്ഞ വർഷം ചില ജില്ലകളിൽ 60% വരെ മഴക്കുറവുണ്ടായി. ചെന്നൈ ഉൾപ്പെടെ ആകെയുള്ള 33 ജില്ലകളിൽ 24 എണ്ണം വരൾച്ചാ ബാധിതം

 ഭൂഗർഭ ജലനിരപ്പ് ആശങ്കജനകമാംവിധം താഴ്ന്നതിനാൽ കുഴൽക്കിണറുകൾ വറ്റി. ഭൂഗർഭ ജലനിരപ്പ് നഗരമേഖലയിൽ 15 അടി വരെ താഴ്ന്നു. മധുരവയൽ പ്രദേശത്ത് ഒരു വർഷത്തിനിടെ 10.4 മീറ്റർ താഴ്ന്നു.

Water scarcity

അതിരൂക്ഷമായ ജലക്ഷാമം ജനജീവിതത്തെ ബാധിച്ചു തുടങ്ങിയിരിക്കെ, പ്രശ്ന പരിഹാരത്തിനു അതിവേഗ നടപടികളുമായി സംസ്ഥാന സർക്കാർ. ചെന്നൈയിൽ ഫലപ്രദമായ  ജലവിതരണം ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ 200 കോടി അനുവദിച്ചു. സംസ്ഥാനമൊട്ടാകെ വരൾച്ചാ ആശ്വാസ നടപടികൾക്കായി 700കോടി വകയിരുത്തി.ഇന്നലെ മുഖ്യമന്ത്രി എടപ്പാടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. അടുത്ത 6 മാസത്തേയ്ക്കു ജോലാർപേട്ടിൽ നിന്നു ദിനംപ്രതി ട്രെയിനിൽ ചെന്നൈയിലേക്കു 10 ദശലക്ഷം ലീറ്റർ ജലമെത്തിക്കും. ഇതിനായി 65 കോടി നീക്കിവച്ചു

ചെന്നൈയിൽ കടുത്ത ജലക്ഷാമമുണ്ടെന്നു മുഖ്യമന്ത്രി സമ്മതിച്ചു.ജലക്ഷാമം മാധ്യമ സൃഷ്ടിയാണെന്നായിരുന്നു കഴിഞ്ഞ ദിവസംവരെയുള്ള സർക്കാർ നിലപാട്. ചെന്നൈ  നഗരത്തിലെ പ്രധാന ജലസ്രോതസ്സുകളായ ഷോളവാരം, ചെമ്പരമ്പാക്കം, പൂണ്ടി, റെഡ് ഹിൽസ് തടാകങ്ങൾ വറ്റി വരണ്ടതായി മുഖ്യമന്ത്രി പറഞ്ഞു. കാഞ്ചീപുരം, തിരുവള്ളൂർ, വെല്ലൂർ എന്നിവിടങ്ങളിൽ പുതിയ ക്വാറികളും കിണറുകളും കണ്ടെത്താനാണു ശ്രമം .

അയൽക്കാർ കനിയണം

സംസ്ഥാനത്തെ വരൾച്ച മറികടക്കുന്നതിനു അയൽ സംസ്ഥാനങ്ങൾ തങ്ങൾക്കു അർഹമായ ജലം വിട്ടുനൽകണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താനുള്ള സുപ്രീം കോടതി വിധി കേരളം മാനിക്കണം. കൃഷ്ണ നദിയിൽ നിന്നു 12 ടിഎംസി ജലം തമിഴകത്തിനു അവകാശപ്പെട്ടതാണ്. എന്നാൽ, 2ടിഎംസി ജലം മാത്രമാണു ലഭിച്ചത്.  കാവേരിയിൽ നിന്നും അർഹതപ്പെട്ട വെള്ളം കർണാടക വിട്ടുനൽകുന്നില്ല.

ജല തീവണ്ടി  ഫ്രം ജോലാർപെട്ട്

വെല്ലൂർ ജില്ലയിലെ ജോലാർപെട്ടിൽ നിന്നു ആറു മാസത്തേയ്ക്കു ദിനംപ്രതി 10 ദശലക്ഷം ലീറ്റർ ജലം ചെന്നൈയിലെത്തിക്കാൻ യോഗത്തിൽ തീരുമാനമായി. ട്രെയിൻ വഴിയാണു ജലമെത്തിക്കുക.ഇതിനായുള്ള സ്രോതസ്സ് സർക്കാർ കണ്ടെത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ചെന്നൈയിൽ മെട്രോ വാട്ടർ ദിനംപ്രതി 9800 ലോറി ട്രിപ്പുകൾ വഴി ജലം വിതരണം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ ടാങ്കറുകൾ അമിത വില ഈടാക്കുന്നതായി പരാതി ലഭിക്കുന്നുണ്ട്. എന്നാൽ, നല്ല പണമുള്ള അപ്പാർട്ട്മെന്റുകാർ പെട്ടെന്നു ജലം ലഭിക്കുന്നതിനു കൂടിയ വില നൽകുന്നു. മറ്റുള്ളവരും ഇതു നൽകാൻ നിർബന്ധിതമാകുന്നു. ഇക്കാര്യത്തിൽ സർക്കാർ ഇടപെടലിനു പരിമിതിയുണ്ട്.സ്വകാര്യ ടാങ്കർ ലോറികളുടെ യോഗം വിളിച്ചു ഇക്കാര്യം ചർച്ച ചെയ്യുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

ജലം അമൂല്യം

നഗരം നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്തു ജലം സൂക്ഷിച്ചു ഉപയോഗിക്കണമെന്നു മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.ജലം പാഴാക്കരുത്.

Chennai Drought

കേരളത്തിന്റെ സഹായം തേടി തമിഴ്നാട്

രൂക്ഷമായ ശുദ്ധജലക്ഷാമം പരിഹരിക്കാൻ കേരളത്തിന്റെ സഹായം തേടി തമിഴ്നാട്. ദിവസേന 20 ലക്ഷം ലീറ്റർ വെള്ളം ട്രെയിനിൽ കേരളത്തിൽ നിന്നെത്തിക്കണമെന്നാണ് അഭ്യർഥന. ആവശ്യം ഉന്നയിച്ചു കേരള മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി കത്തയയ്ക്കും. ഒറ്റത്തവണ 20 ലക്ഷം ലീറ്റർ ജലം നൽകാമെന്ന കേരളത്തിന്റെ വാഗ്ദാനം സ്വാഗതാർഹമാണ്. എന്നാൽ, ദിവസേന അത്രയും ജലമെങ്കിലും തമിഴ്നാടിനു തരണമെന്ന് എടപ്പാടി പറഞ്ഞു.

ഇതിനിടെ, ജലക്ഷാമം നേരിടുന്നതിനു കേന്ദ്രം 1000 കോടിയുടെ സഹായം അടിയന്തരമായി അനുവദിക്കണമെന്നു തമിഴ്നാട് ആവശ്യപ്പെട്ടു. സുപ്രീംകോടതി നിർദേശം അനുസരിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്താൻ കേരളം സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

രക്ഷാമാർഗം മഴവെള്ള സംഭരണം

Drought

സമ്പത്തു കാലത്തു തൈ പത്തു വച്ചാൽ ആപത്തു കാലത്തു കാ പത്തു തിന്നാമെന്ന ചൊല്ല് കേട്ടിട്ടില്ലേ?.അതിരൂക്ഷമായ  ജലക്ഷാമത്തിൽ നട്ടംതിരിയുന്ന ചെന്നൈ വാസികൾക്കു ഈ  ചൊല്ലിൽ നിന്നു പഠിക്കാൻ ഏറെയുണ്ട്. വർഷ കാലത്തു മഴവെള്ളം സംഭരിച്ചാൽ വരൾച്ചക്കാലത്തു വെള്ളത്തിനായി നെട്ടോട്ടമോടേണ്ടിവരില്ലെന്നതു വെറും ചൊല്ലല്ല, യാഥാർഥ്യമാണ്. 

ചെന്നൈയിൽ കഴിഞ്ഞ രണ്ടു വർഷമായി മഴ ലഭ്യത കുറവായിരുന്നു.എന്നാലും, ചെന്നൈ വാസികൾക്കു ഒരു വർഷം ഉപയോഗിക്കാൻ വേണ്ടിവരുന്ന ജലത്തേക്കാൾ കൂടുതൽ ഈ ക്ഷാമ വർഷത്തിലും മഴയായി പെയ്തിട്ടുണ്ട്. എന്നാൽ, ചെന്നൈയിൽ ലഭിക്കുന്ന മഴയിൽ 10 ശതമാനത്തിൽ താഴെ  മാത്രമാണു ഭൂമിയിലേക്കിറങ്ങുന്നത്. ഫലപ്രദമായ മഴ വെള്ള സംഭരണ സംവിധാനമില്ലാത്തതാണു പ്രശ്നം. 40 ശതമാനത്തിലധികം വീടുകളിലും കെട്ടിടങ്ങളിലും സംവിധാനമില്ലെന്നു കഴിഞ്ഞ വർഷം സന്നദ്ധ സംഘടന നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

2003-ൽ നഗരം അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിട്ടു. അന്നു മുഖ്യമന്ത്രി ജയലളിത എല്ലാ കെട്ടിടങ്ങൾക്കും  മഴ വെള്ള സംഭരണ സംവിധാനം നിർബന്ധമാക്കിയിരുന്നു. ആദ്യഘട്ടത്തിൽ ഇതു നന്നായി നടന്നെങ്കിലും പിന്നീട് സർക്കാർ കാര്യം മുറപോലെ എന്ന രീതിയായി. ഇപ്പോൾ, വീണ്ടും  കുടിവെള്ളത്തിനു  മുട്ടിയപ്പോഴാണു നഗരം  മഴ വെള്ള സംഭരണത്തിനു കുറിച്ചു ചിന്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com