ADVERTISEMENT

2004 ഡിസംബർ 26. ഇന്ത്യൻ മഹാസമുദ്രത്തിലെ മഹാഭൂകമ്പം സൃഷ്ടിച്ച സൂനാമിത്തിരകൾ രാക്ഷസാകാരം പൂണ്ടു തീരങ്ങളെ, ജീവിതങ്ങളെ വിഴുങ്ങിയ കറുത്ത ദിനം. ഇന്ത്യ ഉൾപ്പെടെ ദക്ഷിണേഷ്യയിലെ 2.30 ലക്ഷം ജീവിതങ്ങളെ കടലെടുത്ത ദുരന്ത ദിനം. കേരള തീരങ്ങളിൽ മൺമറഞ്ഞതു 168 വിലപ്പെട്ട ജീവിതങ്ങൾ. ആ രാക്ഷസത്തിരകളിൽപ്പെട്ടിട്ടും കടൽ വിഴുങ്ങാതെ പോയൊരു ദ്വീപു സമൂഹമുണ്ട്; ആൻഡമാൻ നിക്കോബാർ. ആൻഡമാനെ വൻനാശത്തിൽ നിന്നു രക്ഷിച്ചതു കരുത്തുറ്റ കോട്ടമതിൽ പോലെ ഉറച്ചു നിന്ന കണ്ടൽക്കാടുകളായിരുന്നുവത്രെ!ഇവിടെ, പുതുവൈപ്പ് മേഖലയും വലിയ പരുക്കില്ലാതെ രക്ഷപ്പെട്ടു. 

ശാസ്ത്ര, പരിസ്ഥിതി പ്രവർത്തകർ അതിനും നന്ദി പറയുന്നതും കണ്ടലുകൾക്കാണ്. വേരുറപ്പുള്ള കണ്ടലുകൾ പ്രകൃതി നിർമിച്ച ജൈവ മതിലുകളാണ്. സൂനാമിത്തിരകളുടെ വരെ ശക്തി കുറയ്ക്കാൻ ശേഷിയുള്ള കണ്ടലുകൾ. ദൈവികമായ കരുത്തുള്ള ചെടികൾ! കരയുടെ, തീരത്തിന്റെ കാവൽക്കാരാണു കണ്ടൽ വനങ്ങൾ. ഉപ്പുവെള്ളത്തിലും ജീവിക്കാൻ കഴിയും അവയ്ക്ക്. കടലോരത്തും കായലോരത്തും നദീമുഖങ്ങളിലും അഴിമുഖത്തും ചതുപ്പു മേഖലകളിലുമൊക്കെ വളരുന്ന കണ്ടലുകളിൽ വ്യത്യസ്ത ഇനങ്ങളുണ്ട്. 

കുറ്റിച്ചെടികൾ മുതൽ 50 – 60 മീറ്റർ വരെ ഉയരമുള്ള കൂറ്റൻ ചെടികൾ വരെയുണ്ട്. ഒരു നൂറ്റാണ്ടു മുൻപു കേരളത്തിൽ ഏകദേശം 1700 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കണ്ടൽ വനങ്ങളുണ്ടായിരുന്നത്രെ. ഇപ്പോഴത് 16 – 18 ചതുരശ്ര കിലോമീറ്ററിൽ ഒതുങ്ങുന്നു. നാമറിയുന്നില്ലെങ്കിലും പല വിധത്തിൽ നമ്മെ സംരക്ഷിക്കുന്ന കണ്ടലുകൾ വികസനത്തിന്റെ പേരിൽ അനുദിനം മുറിച്ചു നീക്കപ്പെടുകയാണ്. 

കണ്ടലുകളുടെ സംരക്ഷണം പ്രകൃതിയുടെയും ജീവവംശങ്ങളുടെയും നിലനിൽപ്പിന് ഏറെ പ്രധാനമാണെന്ന തിരിച്ചറിവിൽ രാജ്യാന്തര കണ്ടൽ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള പ്രാഥമിക ആലോചനയിലാണു കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്). കണ്ടൽ സമ്പന്ന മേഖലയായ പുതുവൈപ്പിൽ കുഫോസിനു കീഴിൽ പ്രവർത്തിക്കുന്ന ഫിഷറീസ് സ്റ്റേഷൻ രാജ്യാന്തര കണ്ടൽ ഗവേഷണ കേന്ദ്രമാക്കി മാറ്റാനാണ് ആലോചന. പദ്ധതിയുടെ കരടു തയാറാക്കുന്ന തിരക്കിലാണു കുഫോസിലെ ഗവേഷകർ. 

പദ്ധതിച്ചെലവ് 150കോടി രൂപ വരെ

ഇന്ത്യയിൽ അപൂർവമായി മാത്രം കാണുന്ന കണ്ടൽ കന്യാവനങ്ങളുടെ തുരുത്താണു പുതുവൈപ്പിൽ 50ഏക്കറിലായി പരന്നുകിടക്കുന്ന കുഫോസ് ഫിഷറീസ് സ്റ്റേഷൻ. സമീപകാലം വരെ 400 ഏക്കർ വിസ്തൃതിയുണ്ടായിരുന്നെങ്കിലും സർക്കാർ വക വൻകിട പദ്ധതികൾക്കായി 350 ഏക്കറും വഴിമാറി. ശേഷിച്ച 50 ഏക്കറിൽ പകുതിയോളം കണ്ടൽക്കാടാണ്. കുഫോസിന്റെ ഫിഷറീസ് ഹാച്ചറികളും ഇവിടെയുണ്ട്. കുഫോസ് സ്കൂൾ ഓഫ് ഫിഷറി എൻവയേൺമെന്റ് പ്രവർത്തിക്കുന്നതും ഫിഷറീസ് സ്റ്റേഷനിലാണ്. 4 പിജി കോഴ്സുകൾ പഠിപ്പിക്കുന്നുണ്ട്.  പലതരം കണ്ടൽ ചെടികളുടെയും ധാരാളം ഓരു ജല മൽസ്യങ്ങളുടെയും പലതരം ഞണ്ടുകളുടെയും ദേശാടനക്കിളികളടക്കം ഒട്ടേറെ ജലപ്പക്ഷികളുടെയും സ്വാഭാവികമായ ആവാസവ്യവസ്ഥയും പ്രജനനകേന്ദ്രവുമാണ് ഈ കണ്ടൽ കന്യാവനങ്ങൾ.ഇവിടം കേന്ദ്രമാക്കി കണ്ടൽ വനങ്ങൾ, ഓർഗാനിക് അക്വാകൾച്ചർ എന്നിവയ്ക്കായി രാജ്യാന്തര പഠന കേന്ദ്രം സ്ഥാപിക്കാനാണു കുഫോസ് നീക്കം.

പരിസ്ഥിതി പഠനത്തിനു പ്രാധാന്യം നൽകുന്ന എൺവയേൺമെന്റൽ ടൂറിസം കേന്ദ്രമായും പുതുവെപ്പ് ഫിഷറീസ് സ്റ്റേഷനെ ഉയർത്താനാണു ലക്ഷ്യമിടുന്നത്. കുഫോസ് ഗവേണിങ്ങ് കൗൺസിൽ അംഗീകാരം നൽകിയാലുടൻ പദ്ധതിക്കു തുടക്കമിടാൻ കഴിയുമെന്നാണു കുഫോസ് വൈസ് ചാൻസലർ ഡോ.എ. രാമചന്ദ്രന്റെ പ്രതീക്ഷ. കണ്ടൽ കന്യാവനങ്ങളുടെ സ്വാഭാവികതയ്ക്കും പുതുവൈപ്പിലെ ജനജീവിതത്തിനും ജീവനോപാധികൾക്കും തടസം വരാത്ത തരത്തിലായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് ഇതെക്കുറിച്ചു നടന്ന ശിൽപശാലയിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ‘‘ കണ്ടൽ ഗവേഷണം, പരിസ്ഥിതി – ഫിഷറീസ് ഗവേഷണം എന്നിവയ്ക്കു പ്രാധാന്യം നൽകും. 

ലോകത്തിന്റെ പലഭാഗത്തു നിന്നും ഗവേഷകർ കണ്ടൽ ചെടികളെയും ആവാസവ്യവസ്ഥയെയും കുറിച്ചു പഠിക്കാൻ ഇവിടെ എത്താറുണ്ട്. അവർക്കായി സൗകര്യങ്ങളൊരുക്കും. പ്രാദേശിക സമൂഹത്തിന് മൽസ്യ, പരിസ്ഥിതി മേഖലയുമായി  ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ നൽകാനുള്ള സെന്ററുമുണ്ടാകും. കണ്ടൽ സംരക്ഷണത്തിനു നാട്ടുകാരുടെ സഹകരണം അത്യാവശ്യമാണ്. അവർക്കായി പരിശീലന, ബോധവൽകരണ പരിപാടികളും സംഘടിപ്പിക്കും’’ – ഡോ. രാമചന്ദ്രൻ പറയുന്നു. വിദ്യാഭ്യാസ, പരിസ്ഥിതി ടൂറിസം ഹബായി മാറാൻ സാധ്യതയുള്ള പദ്ധതി നടപ്പാക്കുന്നതിന് 150 കോടി രൂപ വരെ ചെലവു വരുമെന്നാണു പ്രാഥമിക വിലയിരുത്തൽ. പദ്ധതിയുടെ കരടു തയാറാക്കിയശേഷം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു സമർപിക്കും. ക്ലൈമറ്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളുടെ സഹായവും തേടും. 

കണ്ടലുകൾ ഈ നാടിന്റെ ഐശ്വര്യം 

പ്രകൃതിക്കു പലവിധ സഹായങ്ങളാണു കണ്ടൽച്ചെടികൾ ചെയ്യുന്നത്. ഉപ്പുവെള്ളത്തെ വലിച്ചെടുത്തു ശുദ്ധജലമാക്കാൻ ഇവയ്ക്കു കഴിയും. തീരദേശങ്ങളിൽ കണ്ടൽച്ചെടികൾ വച്ചുപിടിപ്പിക്കുന്ന സമീപത്തെ കിണറുകളിലെ ഉപ്പുകലർന്ന വെള്ളം ശുദ്ധീകരിക്കാൻ സഹായിക്കും.  പരിസ്ഥിതി ആവാസ വ്യവസ്ഥയുടെ സംരക്ഷകരാണു കണ്ടലുകൾ. ചെറു പ്രാണികളും മൽസ്യങ്ങളും മുതൽ കാട്ടു ജീവികൾ വരെ വസിക്കുന്ന വലിയൊരു ആവാസ വ്യവസ്ഥയാണു കണ്ടൽക്കാടുകൾ. ‘‘ മൽസ്യ ആവാസ വ്യവസ്ഥയുമായി വലിയ ബന്ധമാണു കണ്ടൽക്കാടുകൾക്കുള്ളത്. 

ഒരു ഹെക്ടർ കണ്ടലുണ്ടെങ്കിൽ വലിയൊരവളു മൽസ്യസമ്പത്തിനെ സംരക്ഷിക്കാൻ കഴിയും. പ്രകൃതിദത്തമായ ഹാച്ചറിയാണു കണ്ടൽക്കാടുകൾ’’ – കുഫോസ് ഗവേണിങ് കൗൺസിൽ അംഗവും പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷനിലെ ഫാം സൂപ്രണ്ടുമായ കെ.കെ.രഘുരാജിന്റെ വാക്കുകൾ. ലോകത്ത് 56 ഇനം കണ്ടലുകളുണ്ട്. അവയിൽ 15 ഇനങ്ങൾ കേരളത്തിലുണ്ട്. പുതുവൈപ്പിൽ 8 ഇനങ്ങൾ. ഉപ്പട്ടി ഇനമാണ് 75 ശതമാനവും. കാലൻ കണ്ടൽ, ഭ്രാന്തൻ കണ്ടൽ എന്നൊക്കെ വിളിക്കപ്പെടുന്ന ഇനവും കാണാം. പേനക്കണ്ടൽ, കരക്കണ്ടൽ തുടങ്ങി നിര നീളുന്നു. താരതമ്യേന ചെറിയ കണ്ടലുകളായ ഇവയുടെ കമ്പുകൾ അരികു വേലികൾ നിർമിക്കാൻ പണ്ട് ഉപയോഗിച്ചിരുന്നു. 

തീരശോഷണം തടയാൻ കണ്ടലുകൾക്കു കഴിയും. കാലുകൾ കോർത്തുകെട്ടി തീരത്തിനു വേരുറപ്പുള്ള വേലി കെട്ടും അവ. ‘‘ കണ്ടലുകൾ ദോഷമാണെന്ന കാഴ്ചപ്പാടു മാറണം. ഓഖിയും സൂനാമിയും പ്രളയവുമൊക്കെ ഉണ്ടായപ്പോൾ പുതുവൈപ്പ് മേഖലയ്ക്കു കാര്യമായ പ്രശ്നം ഉണ്ടാകാതിരുന്നതു കണ്ടൽ സാന്നിധ്യം കൊണ്ടാണ്. ദുരന്ത ആഘാതം കുറയ്ക്കാൻ കണ്ടൽക്കാടുകൾക്കു കഴിഞ്ഞു’’ – രഘുരാജിന്റെ സാക്ഷ്യം. 

മത്തിയും തിരുതയും കണമ്പും നാടുവിടും

മത്തി കേരള തീരം വിടുന്നുവെന്ന ആശങ്കകൾക്കു വർഷങ്ങളുടെ പഴക്കമുണ്ട്.  ഭാവിയിൽ ഒരു പക്ഷേ, തിരുതയും കണമ്പുമെല്ലാം നാടു വിടാൻ സാധ്യതയേറെ. കണ്ടൽക്കാടുകൾ സംരക്ഷിച്ചില്ലെങ്കിൽ അതു സംഭവിച്ചേക്കാം. കണ്ടൽക്കാടുകളാണ് അവയുടെ ബൃഹത്തായ സ്വാഭാവിക പ്രജനന കേന്ദ്രം. കണ്ടൽ ആവാസ വ്യവസ്ഥയുടെ തണലിലാണ് ഇത്തരം മൽസ്യ ഇനങ്ങളുടെ ആദ്യകാല പോഷണം. 

മൽസ്യക്കുഞ്ഞുങ്ങളുടെ ആദ്യകാല വളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങൾ ലഭിക്കുന്നതു കണ്ടൽ വളരുന്ന വെള്ളത്തിലാണ്. കണ്ടൽക്കാടുകൾ ഇല്ലാതായാൽ ഈ മൽസ്യങ്ങളും സുരക്ഷിത തീരം തേടും. ഭക്ഷ്യസുരക്ഷയെയും മൽസ്യത്തൊഴിലാളികളുടെ തൊഴിൽ സുരക്ഷയെയുമൊക്കെ അതു ബാധിക്കും. ദേശാടനക്കിളികളുടെ പ്രിയ ഇടം കൂടിയാണു കണ്ടൽക്കാടുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com