ADVERTISEMENT

തെക്കന്‍ യൂറോപ്പിലാകെ പ്രത്യേകിച്ചും സ്പെയിനിലും ഫ്രാന്‍സിലും താപനില അതിന്‍റെ എല്ലാ അതിർത്തികളും ഭേദിച്ചു മുന്നേറുകയാണ്. ഫ്രാന്‍സില്‍ പലയിടങ്ങളിലും താപനില 45 ഡിഗ്രി സെല്‍ഷ്യസാണ്. സമശീതോഷ്ണ മേഖലയില്‍ സ്ഥിതി ചെയ്യുന്ന യൂറോപ്യന്‍ രാജ്യങ്ങളെ സംബന്ധിച്ച് ഈ താപനില വർധനവ് ഭൂപ്രകൃതിയേയും ജൈവവ്യവസ്ഥയെയും മാറ്റിമറിക്കാന്‍ ശേഷിയുള്ളതാണ്. കൊടും ചൂടിനൊപ്പം ഈ രാജ്യങ്ങളെ വലയ്ക്കുന്ന മറ്റൊന്നു കൂടിയുണ്ട്. പലയിടങ്ങളിലായി പടര്‍ന്നു പിടിച്ചിരിക്കുന്ന കാട്ടുതീയാണ് ഈ പ്രതിസന്ധി. ഫ്രാന്‍സിലും സ്പെയ്നിലുമായുണ്ടായ കാട്ടുതീ ഇതുവരെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. 

സ്പെയിനിലെ കാട്ടുതീ

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയാണ് വടക്കന്‍ സ്പെയ്ന്‍ അഭിമുഖീകരിക്കുന്നത്. യൂറോപ്പിലാകെ വീശുന്ന ചൂടുകാറ്റ് തന്നെയാണ് ഈ കാട്ടുതീക്ക് കാരണമായതും തീ ഇപ്പോഴും ആളിപ്പടരുന്നതിനു സാഹചര്യം സൃഷ്ടിക്കുന്നതും. സ്പെയ്നിലെ ടറാഗോനാ, ബാര്‍സലോണ തുടങ്ങിയ മേഖലകളിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായിട്ടുള്ളത്. ഈ പ്രദേശങ്ങളിലെ ഏതാണ്ട് 200 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം കാട്ടുതീ മൂലം ഒറ്റപ്പെട്ടുവെന്നാണു കരുതുന്നത്. 

കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഇത്ര വലിയ കാട്ടു തീ അഭിമുഖീകരിച്ചിട്ടില്ലെന്നാണ് കാറ്റിലോണിയ പ്രവിശ്യയിലെ ആഭ്യന്തരമന്ത്രി രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ട്വീറ്റ് ചെയ്തത്. പക്ഷേ ഇതിനകം തന്നെ 1997 ലുണ്ടായ കാട്ടുതീ വരുത്തിയ നാശനഷ്ടങ്ങളെക്കാള്‍ അധികം ഇക്കുറിയെത്തിയ കാട്ടുതീ വരുത്തി വച്ചുവെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയ്ക്കൊപ്പം ഏറ്റവു വലിയ കാട്ടുതീയെ കൂടി നേരിടേണ്ട അവസ്ഥയിലാണ് സ്പെയ്ന്‍.

കാട്ടുതീ മനുഷ്യ നിര്‍മിതം

forest-fire-spain1

സ്പെയ്നില്‍ ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്ന കാട്ടു തീ പക്ഷേ സ്വാഭാവികമായി ഉണ്ടായതല്ലെന്നാണ് അധികൃതര്‍ കരുതുന്നത്. വനമേഖലയ്ക്കു സമീപം അശ്രദ്ധമായി കൂട്ടിയിട്ടിരുന്ന ചവറില്‍ നിന്നാണ് തീ പടര്‍ന്നത്. ഈ ചവറിന് തീയിട്ടതോ അബദ്ധത്തില്‍ തീ പിടിച്ചതോ ആകാമെന്നും വിലയിരുത്തുന്നു. ഈ ചവറില്‍നിന്നു പടര്‍ന്ന തീയാണ് ഇപ്പോള്‍ കാറ്റിലോണിയ മേഖലയെയാകെ പുകയിലും കരിയിലും മുക്കിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.

കാട്ടുതീ നിയന്ത്രിക്കാന്‍ പറ്റിയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന്  അധികൃതര്‍ സമ്മതിക്കുന്നു. പ്രാദേശിക അഗ്നിശമന സേനാംഗങ്ങള്‍ കാട്ടുതീ ഇതുവരെ നിയന്ത്രണ വിധേയമായതായി അറിയിച്ചിട്ടില്ല. കാട്ടുതീ ഒരു ഭാഗത്തു നിന്നു മാത്രമല്ല പടര്‍ന്നു പിടിക്കുന്നത്. ഏതാണ്ട് 400 ഭാഗങ്ങളിലായാണ് അത്ര തന്നെ കാട്ടുതീകള്‍ പല പ്രദേശങ്ങളിലായി കത്തികയറുന്നത്. അതുകൊണ്ട് തന്നെ ഈ പ്രദേശങ്ങളിലെയെല്ലാം തീയണയക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാകൂ.

യൂറോപ്പിലെ ചൂട് കാറ്റിനു പിന്നില്‍?

‌അറ്റ്ലാന്‍റിക് സമുദ്രത്തിനു മുകളില്‍ രൂപം കൊണ്ട കാലാവസ്ഥാ പ്രതിഭാസമാണ് യൂറോപ്പിലെ ഇപ്പോഴത്തെ ചൂടു കാറ്റിനു പ്രധാന കാരണമെന്നാണ് ഗവേഷര്‍ പറയുന്നത്. ഈ പ്രതിഭാസം മൂലം ഉയര്‍ന്ന മര്‍ദ നിലയാണ് ഇപ്പോള്‍ യൂറോപ്പിനു മുകളിലുള്ളത്. ഈ സാഹചര്യത്തില്‍ ആഫ്രിക്കയിലെ വടക്കന്‍ മേഖലയിലുള്ള മരുപ്രദേശങ്ങളില്‍ നിന്നുള്ള ചൂട് യൂറോപ്പിലേക്കെത്തിയതാണ് ചൂട് കാറ്റിനും ഉയര്‍ന്ന താപനിലയ്ക്കും കാരണമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com