ADVERTISEMENT

ഒന്നും എല്ലാക്കാലത്തേക്കും നിലനില്‍ക്കില്ല, മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണെന്ന് പറഞ്ഞത് കാള്‍ മാര്‍ക്സ് ആണ്. ഭൂമിയുടെ കാര്യത്തില്‍ ഇത് നൂറ് ശതമാനം ശരിയാണ്. പക്ഷേ ഭൂമിയുടെ ഭാഗമായിട്ടുള്ള ദ്വീപുകളും ഭൂഖണ്ഡങ്ങളും പോലുള്ള ഭൂവിഭാഗങ്ങളുടെ ജനനവും മരണവും സംഭവിക്കുന്നത് ചിലപ്പോള്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഒരു പ്രക്രിയയാണ്. എന്നാല്‍ ചിലപ്പോള്‍ ചില ഭൂവിഭാഗങ്ങലുടെ ആയുസ്സ് ഏതാനും വര്‍ഷങ്ങളിലേക്കു ചുരുങ്ങിയെന്നും വരാം. ഇത്തരത്തില്‍ 6 വര്‍ഷം മാത്രം ആയുസ്സുണ്ടായിരുന്ന ഒരു ദ്വീപ് അടുത്തിടെ അറബിക്കടലിലേക്ക് പൂര്‍ണ്ണമായും മുങ്ങിപ്പോയി.

അറബിക്കടലിലെ പാക് ദ്വീപ്

അറബിക്കടല്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇന്ത്യന്‍തീരമായിരിക്കും നമ്മുടെ മനസ്സിലേക്കെത്തുക. എന്നാല്‍ അറബിക്കടലിന്‍റെ തീരം ഇന്ത്യയെ കൂടാതെ പങ്കിടുന്ന മറ്റ് അനവധി രാജ്യങ്ങളില്‍ പാകിസ്ഥാനും ഉള്‍പ്പെടും. പാകിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്തിന് സമീപമായുണ്ടായിരുന്ന ദ്വീപാണ് ഇപ്പോള്‍ പൂര്‍ണമായും മറഞ്ഞു പോയത്. ചെളിയും കല്ലുകളും കൊണ്ട് രൂപപ്പെട്ട ഈ ദ്വീപ് കടലില്‍ ഉയർന്ന് വന്നത് 2013 ലുണ്ടായ ശക്തമായ ഭൂകമ്പത്തിന്‍റെ ഫലമായാണ്. 

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ ഭൂകമ്പമായിരുന്നു 2013 ലേത്. ആയിരത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും, അന്‍പതിനായിരത്തോളം വീടുകള്‍ തകരുകയും ചെയ്ത ദേശീയ ദുരന്തം. എല്ലാം തകര്‍ത്തെറിഞ്ഞ ഭൂകമ്പം അതിനു പകരമെന്ന വണ്ണം നിര്‍മ്മിച്ചതാണ് ഈ കൊച്ചു ദ്വീപ്. ഗ്വാദര്‍ തുറമുഖത്ത് നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയായാണ് 15 മീറ്റര്‍ ഉയരവും 180 മീറ്റര്‍ വിസ്തീര്‍ണവുമുള്ള ഈ ദ്വീപ് രൂപപ്പെട്ടത്. ഭൂകമ്പ ദ്വീപ് എന്നര്‍ത്ഥം വരുന്ന സല്‍സല കോ എന്ന പേരാണ് ദ്വീപിന് പ്രദേശവാസികള്‍ നല്‍കിയത്. 

മഡ് വോള്‍ക്കാനോ

ലാവ വമിക്കുന്ന അഗ്നിപര്‍വതം പോലെ ചെളി പുറന്തള്ളുന്ന പര്‍വതമായാണ് ഈ ദ്വീപിനെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. രണ്ടിന്‍റെയും ഉദ്ഭവം ഏതാണ്ട് സമാനമായ പ്രക്രിയയാണ്. അഗ്നിപര്‍വതത്തിന്‍റെ ഉദ്ഭവം ഭൂമിയിലുണ്ടാകുന്ന വിള്ളലിലൂടെ ലാവ പുറത്തു വരുമ്പോഴാണെങ്കില്‍ മഡ് വോള്‍ക്കാനോ എന്ന പ്രതിഭാസം ഉണ്ടാകുന്ന ഇതേ വിള്ളലിലൂടെ ചെളിയും കല്ലും പുറത്തേക്കു വരുമ്പോഴാണ്. 2013 ല്‍ ഭൂകമ്പത്തിന്‍റെ ഫലമായുണ്ടായ വിള്ളലില്‍ കൂടി ചെളിയും കല്ലും പുറത്ത് വന്നാണ് പര്‍വതം പോലെ ഈ ദ്വീപ് രൂപപ്പെട്ടത്.

ചെളിയും കല്ലും ആയതിനാല്‍ തന്നെ ഈ ദ്വീപിന് അധികം ആയുസ്സുണ്ടാകില്ലെന്ന് നേരത്തെ തന്നെ ഗവേഷകര്‍ പ്രവചിച്ചിരുന്നു. രൂപപ്പെട്ട് 3 വര്‍ഷം പിന്നിട്ട് 2016 ആയപ്പോള്‍ തന്നെ ദ്വീപ് കടലിലേക്കു മറയാന്‍ തുടങ്ങിയെന്ന് സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാകും. 2019 ലെ ദൃശ്യങ്ങളിലേക്കെത്തുമ്പോള്‍ കടലില്‍ പൂര്‍ണമായും താഴ്ന്നുപോയ നിലയിലാണ് ദ്വീപ്.

അറേബ്യന്‍ ഭൗമപാളിക്കും യൂറോപ്യന്‍ ഭൗമപാളിക്കും ഇടയിലുള്ള ഉരസലാണ് ഈ മേഖലയിലെ ഭൂചലനത്തിനു കാരണമായത്. അറേബ്യന്‍ ഭൗമപാളി യൂറോപ്യന്‍ ഭൗമപാളിയുടെ അടിയിലേക്ക് ഇടിഞ്ഞു താഴുകയാണ്. ഈ സമയത്ത് ഈ ഭൗമപാളികള്‍ക്കിടയില്‍ പെടുന്ന വെള്ളവും വാതകവും ചെലുത്തുന്ന സമ്മര്‍ദമാണ സ്ഫോടനത്തിനു സമാനമായ അന്തരീക്ഷം സൃഷ്ടിച്ച് പാറയും ചെളിയും മുകളിലേക്കെത്തിക്കുന്നത്. പാക് തീരത്ത് ഭൗമപാളികളുടെ സബ്ഡക്ഷന്‍ മൂലം ഇത്തരം മഡ് വോള്‍ക്കാനോകള്‍ സാധാരണമാണ്. ഇവയില്‍ ഉയരം കൂടിയ ഒന്നായതിനാലാണ് "സല്‍സല കോ" കടലിനു മുകളില്‍ ദൃശ്യമായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com