ADVERTISEMENT

ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൊന്നായ കലിഫോര്‍ണിയ അമേരിക്കയിലെ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ സംസ്ഥാനം കൂടിയാണ്. ഹോളിവുഡ് ഉള്‍പ്പെടുന്ന ലോസാഞ്ചലസും.  സാന്‍ഫ്രാന്‍സിസ്കോയുമെല്ലാം ഉള്‍പ്പെടുന്ന കലിഫോര്‍ണിയ സംസ്ഥാനം ഒരിക്കല്‍ പൂര്‍ണമായും സമുദ്രത്തിനടിയിലായി പോയിരുന്നു. ഏതാണ്ട് 480 കിലോമീറ്റര്‍ ദൂരത്തോളം കലിഫോര്‍ണിയ കടലിനടിയില്‍ അകപ്പെട്ടു പോയി.  45 ദിവസത്തോളം ആ അവസ്ഥ തുടര്‍ന്നു. ഈ പ്രതിസന്ധിയെ അതിജീവിച്ചാണ് ഈ സംസ്ഥാനം പിന്നീട് പഴയ പ്രതാപം തിരിച്ചു പിടിച്ചത്.

പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ മധ്യത്തിലാണ് ഈ കടല്‍ക്ഷോഭവും പ്രളയവും കലിഫോര്‍ണിയ നേരിട്ടത്. എന്നാല്‍ ഈ അവസ്ഥ വീണ്ടും തിരികെയെത്തിയേക്കാം എന്ന മുന്നറിയിപ്പുമായാണ് ഒരു സംഘം ഗവേഷകര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. എല്ലാ 200 മുതല്‍ 300 വര്‍ഷത്തിനിടയില്‍ സമാനമായ കൊടുങ്കാറ്റും പെരുമഴയും വെള്ളപ്പൊക്കവും കലിഫോര്‍ണിയ തീരത്ത് പതിവാണെന്നാണ് ഗവേഷകര്‍ ഇതിനു കാരണമായി പറയുന്നത്. കഴിഞ്ഞ 1800 വര്‍ഷത്തിനിടയില്‍ 6 തവണയാണ് ഈ വെള്ളപ്പൊക്കം ഉണ്ടായിട്ടുള്ളത്. പലപ്പോഴും 100 മുതല്‍ 200 വര്‍ഷത്തിന്‍റെ ഇടവേളകളിലും ഇതു സംഭവിച്ചിട്ടുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പഠനങ്ങള്‍ കണക്കിലെടുത്താല്‍ ഒരു പക്ഷേ ഈ നൂറ്റാണ്ടിന്‍റെ മധ്യത്തോടെ മറ്റൊരു വന്‍പ്രളയത്തെ കൂടി കലിഫോര്‍ണിയ നേരിടേണ്ടി വന്നേക്കും.

പത്തൊന്‍പതാം നൂറ്റാണ്ടിലെ പ്രളയം

flood

1861 ന്‍റെ അവസാനം മുതല്‍ 1962 ന്‍റെ തുടക്കം വരെയാണ് ഈ മഹാപ്രളയം നീണ്ടു നിന്നത്. ഇതിന് കാരണമായതാകട്ടെ 43 ദിവസത്തോളം നീണ്ടു നിന്ന മഴയും. കനത്ത കൊടുങ്കാറ്റിനൊപ്പമെത്തിയ മഴയ്ക്ക് കാരണമായി പറയുന്നത് അറ്റ്മോസ്ഫിയറിക് റിവര്‍ അഥവാ അന്തരീക്ഷ നദി എന്ന പ്രതിഭാസമാണ്. തുടര്‍ച്ചയായുള്ള മഴയില്‍ നെവാഡ മലനിരകളില്‍ നിന്നൊഴുകിയെത്തുന്ന നദികളെല്ലാം നിറഞ്ഞൊഴുകി. വൈകാതെ കലിഫോര്‍ണിയയുടെ വലിയൊരു ഭാഗം അന്‍പതടി വരെ താഴ്ചയില്‍ വെള്ളത്തില്‍ മുങ്ങി. മിസിസിപ്പി നദിയിലും മറ്റും ശരാശരി ഉണ്ടാകുന്ന വെള്ളത്തിന്‍റെ പത്തിരട്ടി വാഹക ശേഷിയായിരുന്നു ആ അന്തരീക്ഷ നദിക്കുണ്ടായിരുന്നതെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്.

സാക്രമെന്‍റോ നഗരമാണ് ഏറ്റവും വലിയ നാശനഷ്ടം ഈ പ്രളയത്തില്‍ നേരിട്ടത്. കലിഫോര്‍ണിയ സംസ്ഥാനത്തിന്‍റെ ആസ്ഥാനം കൂടിയായിരുന്ന സാക്രമെന്‍റോ ഏതാണ്ട് പൂര്‍ണമായും തകര്‍ത്തെറിയപ്പെട്ടു.പ്രളയത്തെ തുടര്‍ന്ന് പിന്നീട് ഒരു വര്‍ഷത്തേക്ക് സാന്‍ ഫ്രാന്‍സിസ്കോയിലാണ് കലിഫോര്‍ണിയ സംസ്ഥാനത്തിന്‍റെ ആസ്ഥാനം പ്രവര്‍ത്തിച്ചത്. 

480 കിലോമീറ്റര്‍ വെള്ളത്തിനടിയില്‍

കലിഫോര്‍ണിയയിലെ തീരപ്രദേശത്തിനും മലനിരകള്‍ക്കും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന താഴ്‌വാര മേഖലയിലാണ്  ഏറ്റുവും വലിയ പ്രളയം സംഭവിച്ചത്. കനത്ത മഴയില്‍ വെള്ളം കുത്തിയൊലിച്ചെത്തിയതോടെ കടലിലേക്കുള്ള ഒഴുക്കിനു പോലും പ്രളയത്തെ തടയാനായില്ല. നദികളെല്ലാം കരകവിഞ്ഞ് താഴ്‌വര നിറഞ്ഞൊഴുകി. ഏതാണ്ട് 480 കിലോമീറ്റര്‍ നീളവും 32 കിലോമീറ്റര്‍ വീതിയുമുള്ള കലിഫോര്‍ണിയ താഴ്‌വര പൂര്‍ണമായും വെള്ളത്തിനടിയിലായി. 

ഈ സമയത്ത് കലിഫോര്‍ണിയയില്‍ ഉണ്ടായിരുന്ന ബൊട്ടാണിസ്റ്റ് വില്യം ഹെന്‍റി ബ്ര്യൂവറിന്‍റെ കുറിപ്പുകളില്‍ നിന്നാണ് പ്രളയത്തെ കുറിച്ചുള്ള ചിത്രം വ്യക്തമാകുന്നത്. താഴ്‌വര മുഴുവന്‍ കന്നുകാലികള്‍ ഉള്‍പ്പടെയുള്ള ജീവികളുടെ ജഢം കൊണ്ടു നിറഞ്ഞുവെന്ന് വില്യമിന്‍റെ കുറിപ്പില്‍ പറയുന്നു. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളാകട്ടെ പട്ടിണിയില്‍ അകപ്പെട്ടു പോയി. ടെലഗ്രാഫ് പോലുള്ള ആശയവിനിമയം സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നു വില്യമിന്‍റെ കുറിപ്പുകളില്‍ നിന്ന് വ്യക്തമാകും. കലിഫോര്‍ണിയയില്‍ എട്ടില്‍ ഒന്ന് എന്ന കണക്കില്‍ വീടുകള്‍ തകര്‍ന്നുവെന്നും കലിഫോര്‍ണിയ ഏറെക്കുറെ കടത്തില്‍ മുങ്ങിയ അവസ്ഥയിലായെന്നും വില്യമിന്‍റെ തുടര്‍ക്കുറിപ്പുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും.

sea

അടുത്ത മഹാപ്രളയം ഇനിയെന്ന് ?

കലിഫോര്‍ണിയയിലെ ഈ മഹാപ്രളയം ഒറ്റപ്പെട്ട സംഭവമായിരുന്നില്ല എന്നതാണ് ചരിത്ര രേഖകളും ഭൗമശാസ്ത്രജ്ഞരുടെ പഠനത്തില്‍ നിന്നു ലഭിച്ച തെളിവുകളും സൂചിപ്പിക്കുന്നത്. 200 മുതല്‍ 300 വര്‍ഷത്തിന്‍റെ ഇടവേളകളില്‍ ഈ പ്രളയം നിശ്ചയമായും സംഭവിക്കുമെന്ന് ഭൗമശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. അത് കൊണ്ട് തന്നെ ഈ നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ മുതല്‍ സമാനമായ ഒരു പ്രളയത്തിനായി തയ്യാറെടുക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ പ്രളയം മുന്‍കാലങ്ങളേക്കാള്‍ ശക്തിയേറിയതാകാനും സാധ്യതയുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനമാണ് ഈ നിഗമനത്തിലെത്താന്‍ ഗവേഷകരെ പ്രേരിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com