ADVERTISEMENT

കാട്ടിൽ സിംഹം രാജാവാണെങ്കിൽ കടുവ കിരീടം വയ്ക്കാത്ത രാജാവാണ്. ക്രൗര്യം നിറഞ്ഞ മുഖവും എന്തിനും തയാറെടുത്തുള്ള നിൽപും കണ്ടാൽ ഒരുവിധം ജീവികളൊക്കെ സലാം വയ്ക്കും. എന്നാൽ, കാട്ടിലെ ഈ വീരനെ പേടിക്കുകയല്ല രക്ഷിക്കുകയാണ് വേണ്ടതെന്നു ജന്തുശാസ്ത്ര ലോകം പറയുന്നു. ഈ സന്ദേശവുമായി എല്ലാ വർഷവും ജൂലൈ 29 ‘കടുവാ ദിനമായി’ ആചരിക്കുന്നു. 2010ൽ സെന്റ് പീറ്റേഴ്സ്ബർഗിൽ നടന്ന ‘ടൈഗർ സമ്മിറ്റിൽ’ ഉദിച്ച ആശയം. പരിസ്ഥിതി സ്നേഹികളുടെ കൂട്ടായ്മകളായ ‘വേൾഡ് വൈൽഡ് ലൈഫ് ഫണ്ടും, ഇന്റർനാഷനൽ ഫണ്ട് ഫോർ ആനിമൽ വെൽഫയർ’ എന്നിവ നേതൃത്വം നൽകുന്നു. ഇന്നു ലോകമെമ്പാടും കടുവാ ദിനം ആചരിക്കുമ്പോൾ ഇന്ത്യക്കാർക്ക് സന്തോഷിക്കാനിതാ ഒരു ചെറിയ കടുവ വാർത്ത. പതിയെ ആണെങ്കിലും ഇന്ത്യയിലെ കടുവകളുടെ എണ്ണം മെച്ചപ്പെടുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 

കടുവകളുടെ എണ്ണത്തിൽ വർധനവ്

രാജ്യത്തെ കടുവകളുടെ എണ്ണത്തിൽ വർധന. ആഗോള കടുവാദിനത്തിന്റെ ഭാഗമായി പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കിൽ രാജ്യത്താകെ 2,977 കടുവകളാണ് ഉള്ളത്. 2014–ൽ ഇത് 1,400 ആയിരുന്നു. 7 മാസം മുൻപു പൂർത്തിയാക്കിയ പഠനത്തിന്റെ റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തുവിട്ടത്. 

മൂവായിരത്തോളം കടുവകൾ വസിക്കുന്ന ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയതും സുരക്ഷിതവുമായ ആവാസ കേന്ദ്രങ്ങളിലൊന്നാണെന്നു ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. ഇത് ഓരോ ഇന്ത്യക്കാരനെയും പ്രകൃതി സ്നേഹിയെയും സന്തോഷിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒമ്പതു വർഷങ്ങൾക്കു മുൻപു റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ വച്ച്, 2022 ആകുമ്പോഴേക്കും കടവുകളുടെ എണ്ണം ഇരട്ടിയാക്കണമെന്നാണ് തീരുമാനം എടുത്തത്.

Tiger

എന്നാൽ നമ്മുടെ രാജ്യം നാല് വർഷം മുൻകൂറായി തന്നെ ആ നേട്ടം കൈവരിച്ചിരിക്കുകയാണ്. നിശ്ചയദാര്‍ഢ്യത്തിലൂടെ എന്തു നേട്ടവും കൈവരിക്കാനാകുമെന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. ‘ഏക് താ ടൈഗറിൽ’ നിന്ന് ആരംഭിച്ച് ‘ടൈഗർ സിന്ദാ ഹേയ്’ യിലെത്തിയ കഥ ഇവിടെ അവസാനിക്കരുതെന്നും ബോളിവുഡ് സിനിമകളെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു.

വികസനവും പരിസ്ഥിതി സംരക്ഷണവും പരസ്പരവിരുദ്ധമാണെന്ന ചർച്ചയാണ് എപ്പോഴും ഉയരുന്നത്. എന്നാൽ ഇവ രണ്ടും തമ്മിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥ സൃഷ്ടിക്കാൻ സാധിച്ചു. വനമേഖലയിലും സംരക്ഷിത പ്രദേശങ്ങളും വർധിപ്പിച്ച് അടുത്ത തലമുറയ്ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിനാണ് കഴിഞ്ഞ അഞ്ച് വർഷം കേന്ദ്ര സർക്കാർ ശ്രമിച്ചതെന്നു പ്രധാനമന്ത്രി പറഞ്ഞു. 2014–ൽ 692 സംരക്ഷിക മേഖലകൾ ഉണ്ടായിരുന്നത് ഇപ്പോൾ 860 ആയി വർധിച്ചു. അതുപോലെ, കമ്മ്യൂണിറ്റി റിസർവുകളുടെ എണ്ണം 2014 ൽ 43 ആയിരുന്നത് 2019ൽ നൂറിൽ കൂടുതൽ ആയി.– പ്രധാനമന്ത്രി വ്യക്തമാക്കി.

കണക്കുകളിലുണ്ട് എല്ലാം

കടുവകൾക്ക് എവിടെയെങ്കിലും അതിജീവിക്കാൻ സാധിക്കുമെങ്കിൽ അത് ഇന്ത്യയിലാണ്. ലോകത്ത് ആകെയുള്ള കടുവകളിൽ 60 ശതമാനവും ഇന്ത്യയിലാണ്. ഇവയെ ശരിയായി സംരക്ഷിച്ചാൽ കടുവകളുടെ എണ്ണത്തിൽ കാര്യമായ മാറ്റമുണ്ടാകും. കടുവകളെ സാംസ്കാരിക ചിഹ്നമായി കരുതുന്നവരാണ് മിക്ക ഇന്ത്യക്കാരും. അതിനാൽ കടുവ സംരക്ഷണ യജ്ഞങ്ങളിൽ മറ്റു രാജ്യങ്ങളേക്കാൾ കൂടുതൽ ജനകീയ പങ്കാളിത്തം നമ്മുടെ നാട്ടിൽ ലഭിക്കുന്നുണ്ട്. കടുവകളുടെ എണ്ണത്തിലുള്ള വർധന ഇക്കാര്യം തെളിയിക്കുന്നു’.

ഇന്ത്യയിൽ കടുവകളുടെ എണ്ണത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് 2006ലാണ്– 1411 എണ്ണം! ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് കടുവകൾ മാ‍ഞ്ഞു പോവുമോ എന്ന് പോലും ഭയപ്പെട്ട കാലം. വിവിധ എൻജിഒകളും സർക്കാരും പരിസ്ഥിതി സംഘടനകളും ആഞ്ഞു പ്രവർത്തിച്ചു. 2011ൽ വീണ്ടും കണക്കെടുത്തപ്പോൾ കടുവകളുടെ എണ്ണം 1706ൽ എത്തി. പിന്നീടങ്ങോട്ട് ഓരോ വർഷവും ചെറിയ തോതിൽ എണ്ണം കൂടി. 2006, 2010, 2014 എന്നീ വർഷങ്ങളിലാണ് ഇതിനു മുമ്പ് കണക്കെടുപ്പു നടന്നത്. 2006 ൽ രാജ്യത്തെ കടുവകളുടെ എണ്ണം 1411 ആയി കുറഞ്ഞു. 2014 ൽ ഇത് 2226 ആയി ഉയർന്നു. ഇക്കുറി 2500 കടന്നേക്കുമെന്ന  പ്രതീക്ഷയിലാണു രാജ്യം.

Tiger Attack

പുതിയ കണക്കിൽ കേരളത്തെ കാത്തിരിക്കുന്നതു ശുഭവാർത്തയാണ്. രാജ്യത്തെ ആകെ കടുവകളുടെ എണ്ണത്തിൽ 20 ശതമാനത്തോളം വർധനയുണ്ടായെന്നതാണ് സൂചന. കേരളം ഉൾപ്പെടെ 3 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കടുവകളുടെ എണ്ണം കുറഞ്ഞിട്ടില്ലെന്നു മാത്രമല്ല, നേരിയ വർധന ഉണ്ടായതായും ദേശീയ കടുവാ കണക്കെടുപ്പ് അതോറിറ്റിയും ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും പറയുന്നു.  കേരളത്തിൽ 2014 ലെ കണക്കിൽ 136 കടുവകളാണുള്ളത്. ഇത് ഇക്കുറി 150 കടന്നാൽ തന്നെ സംസ്ഥാനത്തെ വനംവകുപ്പിനും അഭിമാനിക്കാം.  7 മാസം മുമ്പ് പൂർത്തിയാക്കിയ പഠനം സംബന്ധിച്ച ആധികാരിക കണക്ക് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പുറത്തുവിടാനാണു സാധ്യത. 

നേരത്തെ നടന്ന കേരള ടൈഗർ മോനിട്ടറിങ് പരിപാടിയിൽ 175 കടുകളെ കണ്ടെത്തിയിരുന്നു. വയനാട് സങ്കേതിത്തിലാണ് കൂടുതൽ– 75.  പറമ്പിക്കുളവും പെരിയാറുമാണ് മറ്റു സങ്കേതങ്ങൾ. ഇവിടെ ഏകദേശം 25 വീതം. നിലമ്പൂർ വനം ഡിവിഷനിൽ ക്യാമറാ വയ്ക്കാൻ കഴിയാത്തതുമൂലം ഇവിടെ സർവേ നടത്താനായില്ല. ഇതു കൂടി ചേർത്താൽ കേരളത്തിലെ കടുവകളുടെ എണ്ണം 200 കടക്കുമായിരുന്നു. കേരളത്തിലെ ഇരുപതോളം വനം ഡിവിഷനുകളിൽ കടുവാ സാന്നിധ്യമുണ്ട്. പത്തോളം ഡിവിഷനുകളി‍ൽ  ഇല്ല.  ആദ്യകാലത്ത് കടുവയുടെ കാലടയാളം നോക്കിയായിരുന്നു പഠനം. എന്നാൽ 2018 ലെ സർവേയിൽ 18 സംസ്ഥാനങ്ങളിലായി 40000 ഫീൽഡ് പ്രവർത്തകർ രംഗത്തിറങ്ങി.

15000 ക്യാമറ ട്രാപ്പുകൾ ഉപയോഗിച്ചു. കോളർ ഐഡി പ്രയോജനപ്പെടുത്തി. 2022  ആകുമ്പോഴേക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കടുവകളുടെ എണ്ണം ഇരട്ടിയാക്കുകയാണ് പ്രോജക്ട് ടൈഗറിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ വനമേഖലയുടെ വിസ്തൃതി കുറയുന്നതിനാൽ ഇവയുടെ എണ്ണം അത്രകണ്ട് വർധിക്കുന്നില്ല എന്ന് ഉല്ലാസ് കാരന്തിനെപ്പോലെയുള്ള കടുവ സംരക്ഷണ പ്രവർത്തകർ പറയുന്നു. 

പ്രോജക്ട് ടൈഗർ

പൂച്ച കുടുംബത്തിലെ ഈ വമ്പനെ രക്ഷിക്കുന്നതിൽ പ്രധാന പങ്ക് കേന്ദ്ര സർക്കാരിന്റെ ‘പ്രോജക്ട് ടൈഗർ’ പദ്ധതിയാണെന്ന് തന്നെ പറയാം.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് നാല്പതിനായിരത്തോളം കടുവകളുണ്ടായിരുന്നു ഇന്ത്യയിൽ. ഇതിനിടെ 1972ൽ നടത്തിയ കണക്കെടുപ്പിൽ പരിസ്ഥിതി സ്നേഹികളെ ഞെട്ടിപ്പിക്കുന്ന ആ വിവരം അറിഞ്ഞത്. നാല്പതിനായിരത്തോളമുണ്ടായ കടുവകളിൽ ഇനി ആകെ ബാക്കിയുള്ളത് 1800! നൈസാമുകളും നാട്ടുരാജാക്കന്മാരും പിന്നീട് വന്ന ബ്രിട്ടീഷുകാരും വിനോദത്തിനായി കടുവകളെ വേട്ടയാടിയതിന്റെ ഫലമായിരുന്നു അത്. കടുവകളെ വേട്ടയാടുന്നത് രാജ്യത്ത് നിരോധിച്ചു! തൊട്ടടുത്ത വർഷം– 1973ൽ – ഇന്ദിരാ ഗാന്ധി സർക്കാർ കടുവകളെ സംരക്ഷിക്കാനായി ബൃഹത്തായ പദ്ധതി രൂപീകരിച്ചു–പ്രോജക്ട് ടൈഗർ.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ബംഗാൾ കടുവകളെ സംരക്ഷിക്കുക കടുവകളുടെ ആവാസവ്യവസ്ഥ കാത്തു സൂക്ഷിക്കുക, കടുവകളെ കൊല്ലുന്നതും വിൽപന നടത്തുന്നതും തടയുക എന്നിവയായിരുന്നു പ്രാരംഭ ലക്ഷ്യങ്ങൾ. വിവിധ സംസ്ഥാനങ്ങളിലായി ഒൻപത് ‘ടൈഗർ റിസർവുകൾ’ സ്ഥാപിച്ചു. നിലവിൽ പ്രോജക്ട് ടൈഗറിന്റെ കീഴിൽ 50 ചെറുതും വലുതുമായ ‘ടൈഗർ റിസർവുകൾ’ ഇന്ത്യയിലുണ്ട്.

കാട്ടിൽ മേഖല തിരഞ്ഞെടുത്തു (ടെറിട്ടോറിയൽ) കഴിയുന്ന വന്യജീവിയാണ് കടുവ. മറ്റു കടുകളെ അവിടെ ഇരപിടിക്കാൻ സമ്മതിക്കില്ല. കാടിന്റെ വിസ്തൃതി കുറയുന്നതിനനുസരിച്ച് കടുവയുടെ ടെറിട്ടോറിയൽ ആധിപത്യ സ്വഭാവത്തിലും ചില മാറ്റങ്ങൾ കാണുന്നതായി പുതിയ സർവേയിൽ സൂചനകളുണ്ട്.തമിഴ്നാട്ടിലെ മേഘമല ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കൂടി കടുവാ സങ്കേതമാക്കണമെന്ന നിർദേശവും ടൈഗർ സെൻസസ് അതോറിറ്റി മുന്നോട്ടു വയ്ക്കാൻ സാധ്യതയുണ്ട്. പെരിയാർ കടുവാ സങ്കേതത്തിന് ഇത് കൂടുതൽ ഗുണം ചെയ്യും. 

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും കടുവകളെ വംശനാശപ്പട്ടികയിൽ നിന്ന് രക്ഷപ്പെടുത്താൻ ഇതുവരെ സാധിച്ചിട്ടില്ല. മാത്രവുമല്ല, അധികാരികളുടെ കണ്ണുവെട്ടിച്ച് കടുവകളെ വേട്ടയാടി എല്ലും തോലുമെല്ലാം സ്വന്തമാക്കാൻ വരുന്നവർ ഏറെയാണ്. കടുവകളുടെ തോലും പല്ലും എല്ലുമുപയോഗിച്ച് നിർമിക്കുന്ന കൗതുകവസ്തുക്കളും സ്റ്റഫ് ചെയ്ത തലയുമൊക്കെ അഭിമാനത്തോടെ വീടുകളിൽ പ്രദർശിപ്പിക്കുകയാണ് ഇവയെ വേട്ടയാടുന്നവരുടെ ലക്ഷ്യം. വിദേശരാജ്യങ്ങളിലേക്കുള്ള ഇവയുടെ കള്ളക്കടത്തും തകൃതിയായി നടക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com