ADVERTISEMENT

കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യതാമേഖലകൾ വർധിക്കുന്നതായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ 1943 സ്ഥലങ്ങളിൽ നടത്തിയ പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ടിലാണ് ഈ നിഗമനം. കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മേപ്പാടിയും ജിഎസ്ഐ മാപ്പിങ്ങിലെ അപകടസാധ്യതാമേഖലയിലുണ്ട്.

കഴിഞ്ഞ വർഷത്തെ ഉരുൾപൊട്ടൽ മേഖലയിലെ മണ്ണു പൂർണമായും ഉറയ്ക്കാത്തതിനാൽ ഇത്തവണ അപകടസാധ്യത കൂടുതലാണ്. ചെറുതും വലുതുമായ 5000 ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, കുഴലീകൃത മണ്ണൊലിപ്പ് (സോയിൽ പൈപ്പിങ്) സംഭവങ്ങൾ കഴിഞ്ഞ പ്രളയ കാലത്തുണ്ടായെന്നാണു കണക്ക്. ഉരുൾപൊട്ടലിൽ തകർന്ന 985 വീടുകളിൽ 625 എണ്ണം മാറ്റിസ്ഥാപിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. ഇതിൽ 382 എണ്ണവും ഇടുക്കി ജില്ലയിലാണ്. 80 എണ്ണം പാലക്കാട്ടും 63 എണ്ണം വയനാട്ടിലും.

ദേശീയ ഭൗമശാസ്ത്ര ഗവേഷണകേന്ദ്രത്തിന്റെ 2010ലെ പഠനപ്രകാരം കേരളത്തിന്റെ 14.4 % മേഖലകളാണ് ഉരുൾപൊട്ടലിനു സാധ്യതയുള്ളതെന്നു വിലയിരുത്തിയത്. 5607 ചതുരശ്ര കിലോമീറ്ററാണ് അപകടകരമായ മേഖല. ഇതിൽ നെടുമങ്ങാട് (തിരുവനന്തപുരം), മീനച്ചിൽ, കാഞ്ഞിരപ്പള്ളി (കോട്ടയം), തൊടുപുഴ, ഉടുമ്പൻചോല (ഇടുക്കി), ചിറ്റൂർ, മണ്ണാർക്കാട് (പാലക്കാട്), നിലമ്പൂർ, ഏറനാട് (മലപ്പുറം), തളിപ്പറമ്പ് (കണ്ണൂർ) താലൂക്കുകളിലാണു കൂടുതൽ സാധ്യത. പുറമേ 25 താലൂക്കുകളും സാധ്യതാപ്പട്ടികയിലുണ്ട്. 

landslide

സോയിൽ പൈപ്പിങ് സാധ്യതാമേഖലകളായി പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലെ 14 താലൂക്കുകളെ കണ്ടെത്തിയിട്ടുണ്ട്. പഠനം നടത്തുന്നത് 18,854 ചതുരശ്ര കിലോമീറ്ററിൽ ദേശീയ ഉരുൾപൊട്ടൽ സാധ്യതാപഠനപദ്ധതിയുടെ ഭാഗമായി ജിഎസ്ഐ കേരളത്തിലെ 18,854 ചതുരശ്ര കിലോമീറ്ററിൽ പഠനം നടത്തുന്നുണ്ട്. ഇതിൽ 13,356 ചതുരശ്ര മീറ്ററിലെ പഠനം പൂർത്തിയായി. 5498 ചതുരശ്ര കിലോമീറ്ററിലെ പഠനം അടുത്ത വർഷം പൂർത്തിയാകും.

ഉരുൾപൊട്ടൽ ഉണ്ടാകുന്നതെങ്ങനെ?

കനത്ത മഴ പെയ്യുമ്പോൾ സംഭരണശേഷിയിൽ കൂടുതൽ വെള്ളം മണ്ണിലേക്കിറങ്ങും. ഭൂഗർഭ ജലത്തിന്റെ അളവു കൂടുന്നതിനനുസരിച്ചു മണ്ണിനടിയിൽ മർദം വർധിക്കുന്നു. ഈ മർദത്തിന്റെ ഫലമായി വെള്ളം പുറത്തേക്കു ശക്‌തിയിൽ കുതിച്ചൊഴുകുന്നു. ഇതിനൊപ്പം ഇളകിയ മണ്ണും പാറകളും കടപുഴകിയ മരങ്ങളും ഒഴുകും. ഒഴുകുന്ന വഴികളിലെ വീടുകളും കൃഷിസ്‌ഥലങ്ങളും നശിക്കുന്നു.

ചെരിവുള്ള സ്ഥലങ്ങളിൽ ഉരുൾപൊട്ടലിനു സാധ്യത

ഏകദേശം 22 ഡിഗ്രിക്കു മുകളിൽ ചെരിവുള്ള മലമ്പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലുണ്ടാവാൻ സാധ്യത കൂടുതൽ. മണ്ണിടിച്ചു നീക്കുന്നതും പാറകൾ പൊട്ടിച്ചെടുക്കുന്നതും ഉരുൾപൊട്ടലിനു കാരണമാകും.ഉരുൾപൊട്ടൽ സാധ്യതയുള്ള സ്‌ഥലങ്ങളുടെ ഭൂപടം ജിയോളജി വകുപ്പ് തയാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് അധികൃതർ കരുതൽ നടപടി സ്വീകരിക്കുക. 24 മണിക്കൂറിൽ കൂടുതൽ നിർത്താതെ തുടർച്ചയായി മഴ പെയ്യുകയാണെങ്കിൽ ഉരുൾപൊട്ടൽ സാധ്യത മുൻകൂട്ടി കാണണം.

മലയടിവാരത്തും മലമുകളിലും കുന്നിൻചെരിവുകളിലും താമസിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. രണ്ടു കിലോമീറ്റർ ചുറ്റളവിൽ എന്നെങ്കിലും ഉരുൾപൊട്ടൽ ഉണ്ടായ സ്‌ഥലമാണെങ്കിൽ പ്രത്യേകിച്ചും.ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഭൂമി ഇടിഞ്ഞു താഴുന്ന സോയിൽ പൈപ്പിങ് എന്ന പ്രതിഭാസം കൂടുതലായി കണ്ടുവരുന്നുണ്ട്.

നീർച്ചാലുകൾ‌ വൃത്തിയാക്കണം

നീർച്ചാലുകൾ വൃത്തിയാക്കുകയാണ് ഉരുൾപൊട്ടൽ തടയാൻ പ്രധാന മാർഗം. മഴവെള്ളം പുറത്തേക്കൊഴുകാൻ കഴിയാതെ മണ്ണിൽനിന്നു ശക്‌തിയായി പുറന്തള്ളുമ്പോഴാണ് ഉരുൾപൊട്ടുന്നത്. മലയടിവാരത്തോടു ചേർന്നുള്ള ചെറിയ കൈത്തോടുകളും നീർച്ചാലുകളും ആഴം കൂട്ടി വൃത്തിയാക്കണം.

സഞ്ചാരികൾ സൂക്ഷിക്കുക

മഴക്കാലമാവുമ്പോൾ മലയോര മേഖലകളിൽ ഓരോ ദിവസവും ഓരോ പുതിയ വെള്ളച്ചാട്ടങ്ങളാണു സൃഷ്‌ടിക്കപ്പെടുന്നത്. മഴക്കാല ടൂറിസത്തിനെത്തുന്നവർ വെള്ളച്ചാട്ടങ്ങളെ ഒഴിവാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com