ADVERTISEMENT

മഴ താണ്ഡവമാടുന്ന കർണാടകയിൽ കഴിഞ്ഞ 8 ദിവസത്തിനിടെ പൊലിഞ്ഞതു നാൽപതിലേറെ ജീവനുകൾ.  അതേസമയം ഔദ്യോഗിക കണക്കുകൾ പ്രകാരം  31 പേരാണു മരണമടഞ്ഞത്.  മണ്ണിടിച്ചിലിനിടെ 8 പേരെ കാണാതായ കുടകിലെ തോറയിലേക്ക് എത്താനാകാതെ ദുരന്തനിവാരണ സേനയും പൊലീസും. ഇവിടുത്തെ ഉൾപ്പെടെ 14 പേരെയാണു സംസ്ഥാനത്തു കാണാതായത്. 

മണ്ഡ്യ, മൈസൂരു, കുടക് മേഖലയിലെ മിക്ക സ്ഥലങ്ങളും പെരുവെള്ളത്തിലാണ്. വടക്കൻ കർണാടകയിൽ മഴയ്ക്കു നേരിയ ശമനമുണ്ടെങ്കിലും മലനാട് മേഖലയിൽ മഴ തുടരുകയാണ്. 

∙ 3.14 ലക്ഷം പേരെയാണു പ്രളയമേഖലകളിൽ നിന്നു സുരക്ഷിത സ്ഥാനത്തെത്തിച്ചത്. ഇതിൽ 2.18 ലക്ഷം പേരെ 924 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി പാർപ്പിച്ചിരിക്കുന്നു. 

∙ 17 ജില്ലകളിലായി 1024 ഗ്രാമങ്ങളെയാണു പ്രളയം ബാധിച്ചത്. 4.16 ഹെക്ടർ കൃഷിനാശം. 21431 വീടുകൾ തകർന്നു. 

∙ കേരളം, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കു ദുരിതാശ്വാസ സാമഗ്രികൾ സൗജന്യമായി എത്തിക്കാൻ സൗകര്യമൊരുക്കി റെയിൽവേ. സർക്കാർ ഏജൻസികൾ മുഖേന ഗുഡ്സ് ട്രെയിനുകളിലും മറ്റു പാർസൽ വാനുകളിലും  ഇവ ബുക്ക് ചെയ്യാമെന്നു റെയിൽവേ ബോർഡ് (ട്രാഫിക് കമേഴ്സ്യൽ) ഡപ്യൂട്ടി ഡയറക്ടർ മഹേന്ദ്രർ സിങ് അറിയിച്ചു. റെയിൽവേ ഡിവിഷനൽ മാനേജരുടെ അനുമതിയോടെ മറ്റു സംഘടനകൾക്കും ഇതു പ്രയോജനപ്പെടുത്താം.  

Flood
പക്ഷികൾക്കും രക്ഷയില്ല : മണ്ഡ്യയിലെ രംഗനത്തിട്ട പക്ഷിസങ്കേതത്തിൽ പ്രളയജലം കയറിയപ്പോൾ

∙ മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ബെംഗളൂരു-മംഗളൂരു പാതയിലെ ഷിറാഡി ചുരം പൂർണമായി ഇന്നു ഗതാഗത യോഗ്യമാക്കാനാകും എന്നാണു പ്രതീക്ഷ. സകലേശ്പുരയ്ക്കു സമീപം മണ്ണുനീക്കിയ ഷിറാഡി ചുരം ചെറുവാഹനങ്ങൾക്കു കടന്നു പോകാനായി ഇന്നലെ തുറന്ന ശേഷം വൈകിട്ട് 6 മണിയോടെ അടച്ചു. അതേസമയം ചിക്കമഗളൂരു ചർമാഡി ചുരത്തിനു സമീപം ഹൊസ്മത്ത് പാലം തകർന്നു. 

∙ ബാഗൽക്കോട്ടിലെ കൂടലസംഗമ പട്ടണം പൂർണമായി മുങ്ങി. വെള്ളം ഇറങ്ങുംവരെ കൂടലസംഗമ ക്ഷേത്ര സന്ദർശനത്തിനു മുതിരരുതെന്നു ജില്ലാ ഭരണകൂടം. 

∙ ബെള്ളാരി ഹൊസ്പേട്ടിലെ പൈതൃകനഗരമായ ഹംപിക്കു സമീപം തുംഗഭദ്ര നദി കരകവിഞ്ഞതിനെ തുടർന്നു പാലം മുങ്ങി. കാംപ്ലിക്കും ഗംഗാവതിക്കും ഇടയിൽ ഗതാഗതം മുടങ്ങി. 

∙ ബെളഗാവിയിലും ഉത്തര കന്നഡയിലും മഴ കുറയുന്നതായും സ്ഥിതിഗതികൾ ഉടൻ സാധാരണ നിലയിൽ എത്തുമെന്നും ഇന്ത്യൻ നാവികസേന. 

∙ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ ഹെലികോപ്റ്ററിൽ സഞ്ചരിച്ച് ബെളഗാവി, ബാഗൽക്കോട്ട് ജില്ലകളിലെ പ്രളയക്കെടുതി വിലയിരുത്തി. മുഖ്യമന്ത്രി യെഡിയൂരപ്പയും ഒപ്പമുണ്ടായിരുന്നു. 

∙ കാവേരി നദിയിലെ പ്രധാന അണക്കെട്ടായ കൃഷ്ണരാജ സാഗരയിൽ നിന്നു ഒരു ലക്ഷം ഘനയടി ജലം തുറന്നുവിട്ടതോടെ മണ്ഡ്യ കനത്ത ജാഗ്രതയിൽ.

∙ കനത്ത മഴയിൽ ദക്ഷിണ കന്നഡയിലെ ബന്ത്വാൾ മുങ്ങിയതിനെ തുടർന്നു കുടുങ്ങിപ്പോയ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജനാർദ്ദൻ പൂജാരിയെയും കുടുംബാംഗങ്ങളെയും ദുരന്തനിവാരണ സേന രക്ഷിച്ചു. 

∙ കോലാപൂരിനു സമീപം ഷിറോളിയിൽ വിള്ളൽ വീണതിനെ തുടർന്നു അടച്ചിട്ട  ബെംഗളൂരു- പുണെ (ദേശീയ ഹൈവേ-4 ) പാതയുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com