ADVERTISEMENT

നിർത്താതെ പെയ്യുന്ന മഴയിൽ കാസർകോട് ജില്ലയിലെ പുഴകൾ നിറഞ്ഞു കവിയുന്നു. ഇതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഹെക്ടർ കണക്കിനു കൃഷിയാണ് നശിച്ചത്. പുഴയോരങ്ങളിലെ നൂറുകണക്കിനു കുടുംബത്തെ മാറ്റി പാർപ്പിച്ചു. ചന്ദ്രഗിരിപുഴ നിറഞ്ഞു കവി‍ഞ്ഞതിനാൽ ചെമ്മനാട് പ്രദേശങ്ങളിൽ വെള്ളം കയറി. നീലേശ്വരം കാര്യങ്കോട്, തേജ്വസനി, അരയി, കരിച്ചേരി,  ഉപ്പള, ഷിറിയ, മൊഗ്രാൽ തുടങ്ങിയ പുഴകളിലാണ് വെള്ളം കയറിയത്.

kasargod-bridge

അരയി പുഴ കവിഞ്ഞൊഴുകുന്നതിനാൽ പനങ്കാവ് ഉൾപ്പെടെയുള്ള ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. കാര്യങ്കോട് പുഴയിലെ വെള്ളം ദേശീയപാതയോരമായ  മയിച്ചയിൽ എത്തി.  പൊലീസും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് പാതയിൽ വാഹനഗതാഗതം നിയന്ത്രിച്ചത്. ചെറുവത്തൂർ, പേരോൽ, കിനാനൂർ, കരിന്തളം, ചീമേനി കയ്യൂർ, ഭീമനടി വില്ലേജുകളിലെ പുഴയുടെ തീരങ്ങളിൽ വെള്ളപ്പൊക്കത്തിൽ ജലനിരപ്പ് ഉയരുകയാണ്.

ഇവിടങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കലക്ടർ ഡി.സജിത് ബാബു നിർദേശിച്ചിട്ടുണ്ട്. പുഴയോടൊപ്പം ചെറുതോടുകളും നിറഞ്ഞിരിക്കുകയാണ്. നടവഴികൾ പാടേ വെള്ളത്തിൽ മുങ്ങി. പയസ്വിനി പുഴ നിറഞ്ഞതിനാൽ ഹിദായത്ത് നഗറിലെ ഒട്ടേറെ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കർണാടകയിൽ ശക്തമായ മഴ പെയ്യുന്നതോടെയാണ് ചന്ദ്രഗിരി ഉൾപ്പെടെയുള്ള ജില്ലയിലെ മിക്ക പുഴകളും നിറയുന്നത്.

കർണാടകയിലും മഴ; കുത്തിയൊഴുകി പയസ്വിനിപ്പുഴ

കർണാടകയിലെ കുടകിന്റെ ഭാഗങ്ങളിലും സുള്ള്യയിലും പെയ്ത ശക്തമായ മഴയെ തുടർന്ന് കേരള-കർണാടക സംസ്ഥാനങ്ങളുടെ ജലസ്രോതസ്സായ പയസ്വിനി പുഴയിൽ ജലനിരപ്പ് ഉയർന്നു. നാലു ദിവസം തുടർച്ചയായി പെയ്ത കനത്ത മഴയെ തുടർന്ന് പുഴ കര കവിഞ്ഞൊഴുകിയതിനാൽ നദിക്കരയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കൃഷിയിടത്തിലും പുഴ കരയിലെ പാതകളിലും മറ്റും വെള്ളം കയറി.

അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടെ ദക്ഷിണ കന്നഡ, കാസർകോട് ജില്ലകളിൽ പ്രളയ ഭീതി ഉയർത്തി പുഴ കുത്തി ഒഴുകുന്നു. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ പയസ്വിനി പുഴയുടെ കൈവഴികളായ ചെറു പുഴകളും തോടുകളും നിറഞ്ഞൊഴുകിയതു പുഴയിലെ വെള്ളം ഉയരാൻ കാരണമായി. പയസ്വിനി പുഴ നിറഞ്ഞൊഴുകിയതു കാസർകോട് ജില്ലയിലെ പുഴകളിലും ജലനിരപ്പ് ഉയരാൻ കാരണമായി. 

മലവെള്ളപാച്ചിലിൽ തീരദേശ ഗ്രാമങ്ങൾ മുങ്ങി

flood
തൃക്കരിപ്പൂരിലെ തട്ടാർ കടവ് മുത്തപ്പൻ ദേവസ്ഥാനം വെള്ളക്കെട്ടിലായപ്പോൾ. തൊട്ടുരുമ്മി ഒഴുകുന്ന തട്ടാർകടവ്–ഉളിയം പുഴ കുതിച്ചൊഴുകിയതാണിത്

പ്രിതീക്ഷിക്കാതെ കടന്ന് വന്ന മലവെള്ളപാച്ചിലിൽ തീരദേശ ഗ്രാമങ്ങൾ മുങ്ങി.  10 വീടുകൾ തകർന്നു.ആയിരത്തോളം പേരെ മാറ്റി പാർപ്പിച്ചു. തീരദേശഗ്രാമങ്ങളായ ചെറുവത്തൂർ പഞ്ചായത്തിലെ മയിച്ച, കുറ്റിവയൽ,അച്ചാംതുരുത്തി, അരണായി, കിഴക്കേമുറി, എരിഞ്ഞിക്കീൽ, ഓർക്കളം കയ്യൂർ–ചീമേനി പഞ്ചായത്തിലെ കയ്യൂർ, കൂക്കോട്ട്, വെള്ളാട്ട്,ക്ലായിക്കോട്, രാമൻചിറ, താങ്കൈ, കയ്യൂർ തായൽ,ചെറിയാക്കര തുടങ്ങിയ തീരദേശ ഗ്രാമങ്ങളാണ് വെള്ളത്തിനടിയിലായത്. കാര്യങ്കോട്, മയിച്ച, കിഴക്കെമുറി, എന്നീ പുഴകൾ കരകവിഞ്ഞതോടെയാണ് ഗ്രാമങ്ങളിലേക്ക് മലവെള്ളം കുതിച്ചെത്തിയത്. 

രാത്രിയിൽ ചെറിയ തോതിൽ വെള്ളം കയറിയിരുന്നെങ്കിലും ഗ്രാമവാസികൾ പതിവായി കയറുന്ന വെള്ളം എന്ന നിലയിൽ മാത്രമായിട്ടായിരുന്നു ഇതിനെ കണ്ടത്. എന്നാൽ പുലർച്ചെ 1.30 ഓടെയാണ് മലവെള്ളം കുതിച്ചെത്തിയത്. ഇതോടെ ഗ്രാമങ്ങളെല്ലാം വെള്ളത്തിനടിയലായി. നാട്ടുകാർ സംഘടിച്ച് തോണയിലൂടെയും മറ്റും പുലർച്ചയെടെ തന്നെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. ദേശീയപാത കടന്ന് പോകുന്ന മയിച്ച ഗ്രാമം വെള്ളത്തിനടയിലായതോടെ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറയും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

പൊലീസിന്റെ നേതൃത്വത്തിൽ  ജനങ്ങളെ മാറ്റി പാർപ്പിക്കുന്നത്തിനാവശ്യമായ സഹായം നൽകി. ചെറുവത്തൂർ കൊവ്വൽ എയുപി സ്കൂളിൽ  ദുരിത ബാധിതരെ താമസിപ്പിക്കാൻ ക്യാംപുണ്ടാക്കി. കുടംബങ്ങളെ മാറ്റിപാർപ്പിച്ചു. ചെറുവത്തൂർ വിലേജ് ഓഫീസറുടെ നേതൃത്വത്തിൽ റവന്യു സംഘവും ആരോഗ്യ വകുപ്പ് അധികൃതരും ക്യാംപിലെത്തി. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മയിച്ചയിലെ മുനമ്പത്ത് മധുവിന്റെയും കരപ്പാത്ത് രാമന്റെയും വീടകുൾ വെള്ളപ്പൊക്കത്തിൽ തകർന്നു വീണു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com