ADVERTISEMENT

പശ്ചിമ മഹാരാഷ്ട്രയിലും വടക്കൻ കർണാടകയിലും മഴ കുറഞ്ഞു. വീടും കൃഷിയും നശിച്ചതിൽ നിരാശനായ കർഷകൻ കർണാടകയിൽ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ കോലാപുരിലും സാംഗ്ലിയിലും രക്ഷാപ്രവർത്തനം നിർത്തി. എന്നാൽ, കർണാടകയിലെ വിവിധ മേഖലകളിൽ രക്ഷാദൗത്യം തുടരുകയാണ്. മരണം 48 ആയി. കാണാതായവർ 16. ഒഴിപ്പിച്ചത് 6.77 ലക്ഷം പേരെ. ബെള്ളാരിയിലെ പൈതൃകകേന്ദ്രമായ ഹംപിയിൽ വെള്ളം കയറിയിയെങ്കിലും അവിടുത്തെ പ്രശസ്തമായ സ്തൂപങ്ങൾക്കു കേടുപാടില്ല. 10000 കോടി  രൂപയാണു ദുരിതാശ്വാസമായി കർണാടക സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

മഹാരാഷ്ട്രയിൽ മരണം 43. പ്രളയം ദുരന്തം വിതച്ച കോലാപുർ ജില്ലയിൽ പ്രതിഷേധങ്ങൾക്കും പ്രകടനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി.  12 ദിവസത്തേക്കാണു നിരോധനാജ്ഞ. നൂറുകണക്കിന് ആളുകൾക്കാണ് വീടും കൃഷിയും നഷ്ടമായതിനെ തുടർന്നു പ്രതിഷേധ സാധ്യത മുന്നിൽ കണ്ടാണു നടപടി. കർണാടകയെയും മഹാരാഷ്ട്രയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ പുണെ-ബെംഗുളുരു ഹൈവേ തിങ്കളാഴ്ച തുറന്നെങ്കിലും ഇപ്പോഴും ഗതാഗതം മന്ദഗതിയിൽ തന്നെ. ആറുവരി പാതയിൽ എല്ലാ ലൈനുകളും ഇതുവരെ തുറന്നിട്ടില്ല. 

പ്രളയമൊഴിഞ്ഞു

flood

പ്രളയജലം ഇറങ്ങിത്തുടങ്ങുകയും അപകടസാഹചര്യം ഒഴിവാകുകയും ചെയ്തതോടെ കോലാപുർ, സാംഗ്ലി ജില്ലകളിലെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.  എന്നാൽ, ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളിലെ ഒരു വിഭാഗം തൽക്കാലം തുടരും.  വീടുകളിൽ നിന്ന് ഒഴിപ്പിച്ച നാലര ലക്ഷത്തോളം ആളുകളുടെ  പുനരധിവസിപ്പിക്കുന്നതിനും അവർക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിനുമുള്ള കാര്യങ്ങൾക്കാണ് ഇപ്പോൾ ശ്രദ്ധ നൽകുന്നതെന്ന് കോലാപുർ ജില്ലാ കലക്ടർ അറിയിച്ചു.പ്രളയക്കെടുതിയിൽ 9 ദിവസങ്ങൾക്കിടെ 43 പേർക്കാണ് പശ്ചിമ മഹാരാഷ്ട്രയിൽ ജീവൻ നഷ്ടപ്പെട്ടത്. 

നാലര ലക്ഷത്തിലേറെപ്പേരെയാണ് ദുരിതമേഖലകളിൽ നിന്ന് ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നത്. വെള്ളക്കെട്ടു കുറഞ്ഞതിനെത്തുടർന്നു കുറച്ചുപേർ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി ചെളിയും മാലിന്യങ്ങളും നീക്കുന്ന ജോലി ആരംഭിച്ചതായും സാംഗ്ലി ജില്ലാ ഭരണകൂടം അറിയിച്ചു. ആളുകളെ അപകടത്തിൽ നിന്നു രക്ഷിക്കുക എന്നതായിരുന്നു ആദ്യഘട്ടമെന്നും അവശ്യസാധനങ്ങൾ അവർക്ക് എത്തിക്കലാണ് രണ്ടാംഘട്ടമെന്നും നഷ്ടങ്ങളുടെ കണക്കെടുക്കലും നഷ്ടപരിഹാരം ലഭ്യമാക്കലുമാണ് അടുത്ത ഘട്ടമെന്നും കോലാപുർ ഡപ്യുട്ടി കലക്ടർ സഞ്ജയ് ഷിൻെഡ പറഞ്ഞു.ദുരിതബാധിത മേഖലകളിൽ ശുദ്ധജലത്തിന്റെ അഭാവമുണ്ടെന്നും അവ എത്തിക്കുന്നതിനൊപ്പം ശുദ്ധജലവിതരണ പൈപ്പുകളും ജലശുചീകരണ കേന്ദ്രങ്ങളും വൃത്തിയാക്കുന്ന ജോലികൾ പുരോഗമിക്കുകയാണെന്നും സാംഗ്ലി ജില്ലാ കലക്ടർ അഭിജിത് ചൗധരി അറിയിച്ചു. ജില്ലയുടെ പല മേഖലകളിൽ ആരോഗ്യ ക്യാംപുകൾ ആരംഭിച്ചിട്ടുണ്ട്. 

flood

പ്രളയം ദുരന്തം വിതച്ച കോലാപുർ ജില്ലയിൽ പ്രതിഷേധങ്ങൾക്കും പ്രകടനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. ഇന്നലെ മുതൽ 12 ദിവസത്തേക്കാണു നിരോധനാജ്ഞ. നൂറുകണക്കിന് ആളുകൾക്കാണ് വീടും കൃഷിയും മറ്റു ജീവിതമാർഗങ്ങളും ഇല്ലാതായത്. പ്രതിഷേധ, പ്രക്ഷോഭ സാധ്യത മുന്നിൽക്കണ്ടാണ് സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് നാലിൽ കൂടുതൽ പേർക്ക് സംഘം േചരാനാകില്ല. 

സ്വാതന്ത്ര്യദിനാഘോഷം, ദഹി ഹണ്ടി തുടങ്ങിയ ആഘോഷ വേളകൾ വരുംദിവസങ്ങളിൽ വരുന്നുണ്ട്. ആളുകൾ ജീവനൊടുക്കാനോ, അനിശ്ചിതകാല സമരം തുടങ്ങാനോ ഉള്ള സാധ്യതകളും തള്ളാനാകില്ല. ഇൗ സാഹചര്യത്തിലാണ് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 24ന് അർധരാത്രിവരെയാണിത്. ജനങ്ങളുടെ ശബ്ദം ഇല്ലാതാതാക്കാനാണ് സർക്കാരിന്റെ നീക്കമെന്നും പ്രളയദുരിതം അനുഭവിച്ച ജനതയുടെ മേൽ ഇത്തരം നിയമങ്ങൾ നടപ്പാക്കുന്നത് അനുയോജ്യമെല്ലെന്നും എൻസിപി പ്രതികരിച്ചു.

പുണെ-ബെംഗളുരു ഹൈവേയിൽ ഗതാഗതം മന്ദഗതിയിൽ

കർണാടകയെയും മഹാരാഷ്ട്രയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ പുണെ-ബെംഗളുരു ഹൈവേ തിങ്കളാഴ്ച തുറന്നെങ്കിലും ഇപ്പോഴും ഗതാഗതം മന്ദഗതിയിൽ തന്നെ. ആറുവരി പാതയിൽ എല്ലാ ലൈനുകളും ഇതുവരെ തുറന്നിട്ടില്ല.   പ്രശ്നസാധ്യതയുള്ള മേഖലകളിലും റോഡ് തകർന്ന പ്രദേശങ്ങളിലും അടിയന്തര അറ്റകുറ്റപ്പണി ആവശ്യമാണ്. 

അതേസമയം, ട്രെയിൻ യാത്രാ പ്രശ്നങ്ങൾ തുടരുകയാണ്. ഇന്നത്തെ ചണ്ഡീഗഡ്-കൊച്ചുവേളി എക്സ്പ്രസ് (12218), എറണാകുളം-ഓഖ എക്സ്പ്രസ് (16338)  എന്നിവയും നാളത്തെ തിരുനെൽവേലി-ഗാന്ധിധാം എക്സ്പ്രസും (19423) റദ്ദാക്കി. ഇന്നത്തെ പുണെ-എറണാകുളം എക്സ്പ്രസ് (22150) പൻവേലിൽ നിന്നായിരിക്കും പുറപ്പെടുക. ഇന്നലത്തെ തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ് (19577), എറണാകുളം-നിസാമുദീൻ എക്സ്പ്രസ് ((12283) എന്നിവ റദ്ദാക്കിയിരുന്നു.

പശ്ചിമ മഹാരാഷ്ട്ര, കൊങ്കൺ മേഖലകളിൽ പ്രളയക്കെടുതിയുണ്ടായ ഗ്രാമങ്ങളിൽ സഹായപ്രവർത്തനങ്ങളുമായി ബിജെപി സംസ്ഥാന ഘടകം.   ചില ഗ്രാമങ്ങൾ ദത്തെടുക്കാനാണു പദ്ധതി. ഗ്രാമത്തലവൻമാർ മുതൽ ജനപ്രതിനിധകൾ വരെയുള്ള ബിജെപി നേതാക്കളോടെ ഒരു മാസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ  സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീൽ നിർേദശിച്ചു.  പാർട്ടി അംഗങ്ങളോട് ചുരുങ്ങിയതു 100 രൂപയെങ്കിലും സംഭാവന നൽകാൻ അദ്ദേഹം അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com