ADVERTISEMENT

മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകരുടെ നെഞ്ചിലേക്കാണ് രണ്ടു വർഷമായി അതിതീവ്രമഴയുടെ ജലപാതം. മഴദിനങ്ങളുടെ എണ്ണം കുറയുകയും മഴവെള്ളത്തിന്റെ അളവ് കൂടുകയും ചെയ്യുമ്പോൾ വയനാടിൻ കൃഷി മണ്ണ് വലിയ മാറ്റങ്ങളിലേക്കാണ് നീങ്ങുന്നത്. നെല്ലു മുതൽ കുരുമുളക് വരെയുള്ള എല്ലാ പരമ്പരാഗത കൃഷിയിനങ്ങൾക്കും പ്രത്യക്ഷത്തിൽ ദോഷകരമാകുന്നു ഈ ശക്തിപ്പെയ്ത്ത്. 

ജില്ലാ കൃഷി ഓഫിസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരങ്ങളനുസരിച്ച് ഈ മഴക്കാലത്തെ മാത്രം കൃഷിനാശം  223.9 കോടി രൂപയുടേതാണ്. 18991 കർഷകരുടെ 3633 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയത്. കഴിഞ്ഞ വർഷത്തെ മഴക്കെടുതിയിലെ കൃഷിനാശ നഷ്ടപരിഹാരമായി കർഷകർക്ക് 24.5 കോടി വിതരണം ചെയ്യുകയും ബാക്കി നൽകാനിരിക്കെയുമാണ് കൃഷിനാശത്തിന്റെ പുതിയ ഇടിത്തീ കനലായി എരിയുന്നത്. 

ചന്നംപിന്നം പെയ്തിരുന്ന നൂൽമഴ ഇന്ന് തുള്ളിക്കൊരുകുടം എന്ന രീതിയിൽ തീവ്രമഴയായി കുറഞ്ഞ ദിവസങ്ങളിൽ പെയ്തിറങ്ങുന്നു. വരും വർഷങ്ങളിലും ഇതു തുടർന്നാൽ നമ്മുടെ കൃഷി രീതികളിൽ അവലംബിക്കേണ്ട പുതിയ മാർഗങ്ങൾക്കായി ഏറെ പഠനങ്ങൾ നടത്തേണ്ടി വരും. 

മഴയുടെ മാറ്റവും കൃഷിനാശവും

വയനാടൻ മഴയുടെ മാറ്റങ്ങളെക്കുറിച്ച് അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം കാർഷിക കാലാവസ്ഥാ ശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രഫസർ സജീഷ് ജാൻ പറയുന്നത്. 1960 മുതലിങ്ങോട്ട് കഴിഞ്ഞ 58 വർഷത്തെ മഴകണക്ക് നോക്കിയാൽ വയനാട്ടിൽ ഏറ്റവും കൂടുതൽ മഴ പെയ്തിറങ്ങിയ ദിവസം ഇക്കഴിഞ്ഞ ഓഗസ്റ്റ് 8 ആണ്. 265 മില്ലിമീറ്റർ.  ചില ഭാഗങ്ങളിലത് 500 മുകളിലേക്കായി.ജനുവരി 1 മുതൽ ഡിസംബർ 31 വരെ ജില്ലയിലെ ശരാശരി ജലപാതം 2100 മില്ലിമീറ്ററാണ്. 

ജൂൺ 1 മുതൽ ജൂലൈ 15 വരെ ശരാശരി പെയ്യേണ്ടത് 570 മില്ലി ലിറ്ററും. എന്നാൽ ഇത്തവണ പെയ്തതാകട്ടെ 298 മില്ലി ലിറ്റർ മാത്രവും. 53 ശതമാനത്തിന്റെ കുറവ്.എന്നാൽ പിന്നത്തെ ഒരു മാസം  കഥ മാറി. ജൂലൈ 16 മുതൽ ഓഗസ്റ്റ് 17 വരെ 981 മില്ലിമീറ്റർ വൻമഴ പെയ്തിറങ്ങി. കഴിഞ്ഞ 58 വർഷത്തെ കണക്കിൽ ജൂൺ 1 മുതൽ ഓഗസ്റ്റ് 17 വരെ പെയ്യേണ്ട മഴയുടെ അളവ് 1048 മില്ലീമീറ്ററാണെങ്കിൽ ഇത്തവണ അത് 1279 മില്ലീമീറ്ററായി. 18 ശതമാനത്തിന്റെ വർധനവ്.കുറഞ്ഞ ദിവസങ്ങളിൽ പെയ്യുന്ന അതിതീവ്രമഴയാണ് ഇതിന് കാരണം. ജൂൺ 1 മുതൽ ജൂലൈ 17 വരെ  ജില്ലയിൽ  ശരാശരി 78 മഴദിനങ്ങളാണുള്ളത്. 

ഇത്രയും ദിവസങ്ങൾ കൊണ്ടാണ് ശരാശരി മഴ ലഭിക്കേണ്ടത്. എന്നാൽ ഇത്തവണ 48 മഴദിനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. മഴദിനങ്ങളുടെ എണ്ണം കുറഞ്ഞിട്ടും മഴവെള്ളം കൂടുതൽ മണ്ണിലേക്കെത്തിയെന്നത് കാർഷിക വിളകളുടെ നിലനിൽപ്പിനെ ബാധിച്ചേക്കാം. ജില്ലയിൽ നഞ്ച കൃഷി ആരംഭിക്കുന്നത് ജൂൺ 15 നാണ്.എന്നാൽ ഇത്തവണ തുടക്കത്തിൽ മഴ നന്നേ കുറവായിരുന്നു. നാട്ടിപ്പണി കഴിഞ്ഞപ്പോൾ തീവ്രമഴയെത്തി. അതും ദോഷമായി. 

ഓണത്തിന് വിളവെടുക്കാനിരുന്ന വാഴകൃഷി അപ്പാടെ വെള്ളത്തിലായി. തീവ്രമഴയിൽ  കുരുമുളകിന്റെ ദ്രുതവാട്ടം ശക്തി പ്രാപിക്കും. മിക്ക കൃഷികൾക്കുമുള്ള മഞ്ഞളിപ്പ് കൂടും. കമുകിനും തെങ്ങിനും കാപ്പിക്കുമെല്ലാം വിവിധ തരത്തിലുള്ള രോഗങ്ങൾ പിടിപെടാം. പല വിളകൾക്കും ഫംഗസ് ബാധയും വർധിക്കും. 

കർഷകർക്ക് മുന്നറിയിപ്പ്

കർഷകർക്കായി എല്ലാ ചൊവ്വാഴ്ചയും വെ2ള്ളിയാഴ്ചയും 5 ദിവസം മുന്നോട്ടുള്ള  കാലാവസ്ഥാ പ്രവചനം അമ്പലവയൽ ആർഎആർഎസിൽ നിന്ന് നൽകുന്നുണ്ട്. എന്തെല്ലാം മുൻകരുതലുകൾ വേഗത്തിലെടുക്കണമെന്ന് അതിൽ പറയുന്നു. ന്യൂസ് ബുള്ളറ്റിനായും മൊബൈൽ ഫോൺ സന്ദേശം വഴിയുമാണ് ഇത് കൈമാറുന്നത്. 

71000 കർഷകർക്ക് ഇപ്പോൾ മൊബൈൽ ഫോണുകളിലേക്ക് സന്ദേശമെത്തുന്നുണ്ട്. കാലാവസ്ഥ മുന്നറിയിപ്പ് മാത്രമല്ല, കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ച് പ്രധാന വിളകൾക്ക് എന്തെല്ലാം സുരക്ഷിതത്വം ഏർപ്പെടുത്തണമെന്നും അറയിക്കുന്നുണ്ട് അഗ്രോ മെറ്റീരിയോളജിക്കൽ ഫീൽഡ് യൂണിറ്റുകൾ വഴിയാണ് മുന്നറിയിപ്പുകൾ നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com