ADVERTISEMENT

അടുത്ത 48 മണിക്കൂറിൽ തമിഴ്നാട്ടിലുടനീളം കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ കേന്ദ്രം. തമിഴ്നാട്ടിലെ 11 ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. വെല്ലൂർ, തിരുവള്ളൂർ, കാഞ്ചീപുരം, തിരുവണ്ണാമല, കൃഷ്ണഗിരി, ധർമപുരി, വില്ലുപുരം, കടലൂർ, നാഗപട്ടണം, അരിയലൂർ, പെരമ്പലൂർ, തിരുവാരൂർ എന്നിവിടങ്ങളിൽ 2 ദിവസം ശക്തമായ മഴ ലഭിക്കും. പുതുച്ചേരിയിലും കാരയ്ക്കലിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. 

ചെന്നൈയിലും സമീപ ജില്ലകളിലും 2 ദിവസം കൂടി മഴ തുടരും. കേരളം, കർണാടക, ആന്ധ്രയുടെ തീരദേശ ജില്ലകൾ, റായലസീമ, തെലങ്കാന എന്നിവിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു ചെന്നൈയിലെ മേഖലാ കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ എൻ.ഭുവിയരശൻ പറഞ്ഞു.ബംഗാൾ ഉൾക്കടലിൽ ചെറു ന്യൂന മർദത്തെ തുടർന്നു കാറ്റ് വൃത്താകൃതിയിൽ ചലിക്കുന്നതാണു (സൈക്ലോണിക് സർക്കുലേഷൻ) മഴയെത്താൻ കാരണമായി പറയുന്നത്.

Rain

റെക്കോർഡ് മഴയുടെ വെല്ലൂർ

മഴയുടെ കാര്യത്തിൽ 100 വർഷത്തെ റെക്കോർഡ് തകർത്തു വെല്ലൂർ. ഓഗസ്റ്റ് മാസത്തിൽ 24 മണിക്കൂർ കാലയളവിൽ വെല്ലൂർ ജില്ലയിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ മഴയാണു കഴിഞ്ഞ ദിവസം പെയ്തിറങ്ങിയത്, 16.5 സെന്റീമീറ്റർ മഴ. 1909 ഓഗസ്റ്റ് 8നു ജില്ലയിൽ രേഖപ്പെടുത്തിയ 10.6 സെന്റീമീറ്റർ മഴയുടെ റെക്കോർഡാണു പഴങ്കഥയായത്. കനത്ത മഴയിൽ വെല്ലൂരിലെ താഴ്ന്ന പ്രദേശങ്ങളിലുള്ള വീടുകളിൽ വെള്ളം കയറി. വെല്ലൂരിൽ നിന്നു തിരുപ്പതി, ആരണി, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡുകളിൽ വെള്ളക്കെട്ടുണ്ടായി. 

കട്പാടി (10.9), ആളങ്കയം (8.02), ആർക്കോണം (4.6), ആമ്പൂർ (4.08), വണിയമ്പാടി (3.2), തിരുപ്പട്ടൂർ (2.35), ഗുഡിയാട്ടം (1.46) എന്നിവിടങ്ങളിലും ശക്തമായ മഴ രേഖപ്പെടുത്തി. അരിയലൂർ, തിരുവാരൂർ, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, നാഗപട്ടണം, പെരമ്പലൂർ, പുതുക്കോട്ട, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നീലഗിരി, തേനി എന്നിവിടങ്ങളിലും മഴ ലഭിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com