ADVERTISEMENT

അടുത്തടുത്ത വർഷങ്ങളിൽ ചെറുതും വലുതുമായ 2 പ്രളയങ്ങൾ നേരിട്ട പെരിയാർ ഏലൂർ– എടയാർ– കളമശേരി വ്യവസായ മേഖലയിൽ ചെളിയും മണലും നിറഞ്ഞു ചുരുങ്ങി. പുഴയുടെ നേർപകുതിയോളം മണലും ചെളിയും അടിഞ്ഞുകൂടി.  പാതാളം ബണ്ടിനു താഴേക്കു കിലോമീറ്ററുകളോളം പുഴയുടെ അവസ്ഥ ഇതാണ്. കുത്തൊഴുക്കിൽ ഒഴുകിയെത്തിയ മണ്ണിനും ചെളിക്കുമൊപ്പം വലിയ മരത്തടികളും മറ്റും അടിഞ്ഞവയിൽ പെടുന്നു. കളമശേരിയിൽ മഞ്ഞുമ്മൽ റഗുലേറ്റർ ബ്രിജിനു താഴേക്കും പെരിയാറിന്റെ കൈവഴിയായ മുട്ടാർ പുഴ നികന്നു. 

വലിയ മരങ്ങൾ കടപുഴകി വീണും വൻതോതിൽ തീരം ഇടിഞ്ഞും പുഴയുടെ ഒഴുക്കിന്റെ ഗതി മാറ്റുന്ന അവസ്ഥയാണ്. മഹാപ്രളയം ശമിച്ച ശേഷം നടന്നഅതിജീവന പ്രക്രിയയിൽ പെരിയാറിനെ ഉൾപ്പെടുത്തണമെന്നു എല്ലായിടത്തുനിന്നും ആവശ്യമുയർന്നിരുന്നു. ദുരന്ത നിവാരണ സമിതിയോ ബന്ധപ്പെട്ട വകുപ്പുകളോ പെരിയാറിന്റെ അതിജീവനത്തിനായി നടപടിയെടുത്തില്ല.  

മഴ ശക്തമായാൽ, ഒഴുകിയെത്തുന്ന വെള്ളത്തെ ഉൾക്കൊള്ളാനുള്ള പെരിയാറിന്റെ ശേഷി മൂന്നിലൊന്നായി കുറഞ്ഞെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മഴ കനത്താൽ പെരിയാറിനു കരയിലൂടെയല്ലാതെ ഒഴുകാൻ കഴിയില്ലെന്ന അവസ്ഥയാണ്.  കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ അടിഞ്ഞുകൂടിയ മണലും ചെളിയും കുറച്ചെങ്കിലും നീക്കം ചെയ്തെങ്കിൽ ഏലൂർ– കളമശേരി– എടയാർ വ്യവസായ മേഖല ഈ വർഷത്തെ പ്രളയത്തിൽ നേരിട്ട ദുരിതം അനുഭവിക്കേണ്ടിവരില്ലായിരുന്നുവെന്നു നാട്ടുകാർ വിശ്വസിക്കുന്നു. 

ജില്ലാ ദുരന്ത നിവാരണ സമിതി ഇക്കാര്യത്തിൽ ഇടപെടണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. ഏലൂർ നഗരസഭയിലെ ഡിപ്പോ കടവിൽ കടത്തു സർവീസ് അസാധ്യമായി. നഗരസഭ മാസംതോറും പണം നൽകി നടത്തുന്ന സർവീസിന്റെ പ്രയോജനം വേലിയിറക്ക സമയങ്ങളിൽ നാട്ടുകാർക്കു ലഭ്യമല്ല. വഞ്ചി ഇറക്കാനാവാത്ത അവസ്ഥയാണ്. 2018ലെ പ്രളയത്തിൽ വ്യവസായ മേഖലയ്ക്കു കോടിക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടായത്. ഇത്തവണത്തെ വെള്ളപ്പൊക്കത്തിൽ തീരപ്രദേശത്തുള്ള ചെറുകിട വ്യവസായങ്ങൾക്കു കനത്ത നഷ്ടമുണ്ടായി. വീടുകൾ വെള്ളക്കെട്ടിലമർന്നു. 

ഏലൂർ നഗരസഭയിൽ മാത്രം 800 ൽ ഏറെ കുടുംബങ്ങൾ വെള്ളക്കെട്ടിലായി. പെരിയാറിന്റെ സംരക്ഷണച്ചുമതല ജലവിഭവ വകുപ്പിനാണ്. കിലോമീറ്ററുകളോളം ദൂരത്തിൽ അടിഞ്ഞുകൂടിയ ചെളിയും മണ്ണും ഡ്രജ് ചെയ്തു നീക്കണമെങ്കിൽ ലക്ഷക്കണക്കിനു രൂപ വേണ്ടിവരും. വാരി മാറ്റുന്ന മണൽ ലേലം ചെയ്തു വിൽക്കുന്നതിലൂടെ ഈ തുക കണ്ടെത്താൻ കഴിയും. കോടിക്കണക്കിനു രൂപയുടെ മണലാണ് അടിഞ്ഞത്. ഏലൂർ നഗരസഭയുടെ 20 കിലോമീറ്റർ ചുറ്റളവിൽ മണൽ അടിഞ്ഞിട്ടുണ്ട്. 

നിയന്ത്രണ വിധേയമായി ഇവ വാരിയെടുത്തു വിൽക്കാൻ ബന്ധപ്പെട്ട പഞ്ചായത്തുകൾക്കും നഗരസഭകൾക്കും അനുമതി നൽകിയാൽ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നു ഫാക്ട് മുൻ ചീഫ് എൻജിനീയർ ഇട്ടൂപ്പ് മാമ്പിള്ളി അടക്കമുള്ള വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചെളിയും മണലും വാരി മാറ്റി പെരിയാറിനെ പൂർവസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ടു നഗരസഭയ്ക്കും കലക്ടർക്കും മന്ത്രിക്കും നാട്ടുകാർ നിവേദനം നൽകുമെന്നു മുൻ പഞ്ചായത്തംഗം എം.എ. ഡൊമിനിക് അറിയിച്ചു.

ചെളി നീക്കണം

സർക്കാർ അടിയന്തരമായി ഇടപെട്ട് സെസിനെക്കൊണ്ടു പഠനം നടത്തി അടിഞ്ഞുകൂടിയ മണ്ണും ചെളിയും പെരിയാറിൽ നിന്നു നീക്കം ചെയ്യണമെന്നു പെരിയാർ മലിനീകരണ വിരുദ്ധ സമിതി ആവശ്യപ്പെട്ടു. മണ്ണും ചെളിയും കലർന്ന മിശ്രിതം പുഴയുടെ ആവാസ വ്യവസ്‌ഥയ്ക്ക്  ഭീഷണിയാണ്. പുഴയുടെ ഒഴുക്കിന്റെ തിരിവനുസരിച്ചു പല ഭാഗത്തും ടൺ കണക്കിനു മണ്ണും ചെളിയുമാണ് അടിഞ്ഞത്. പുഴയുടെ സംഭരണ ശേഷിക്കു വലിയ കുറവു സംഭവിച്ചു. ഒഴുക്കിന്റെ വേഗം കുറയുകയും മാലിന്യം കുമിഞ്ഞുകൂടുകയും ചെയ്യും. അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ അതിവർഷത്തിൽ പുഴ അടിക്കടി കരകവിഞ്ഞൊഴുകി ഏലൂരിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുന്ന സാഹചര്യം ഉണ്ടാകുമെന്നും സമിതി ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com