ADVERTISEMENT

ഒരാഴ്ചയോളം ചെന്നൈയിലും സമീപ ജില്ലകളിലും മഴ ലഭിച്ചിട്ടും നഗരത്തിലേക്കു വെള്ളമെത്തിക്കുന്ന 4 ജലസംഭരണികളിലും ജലനിരപ്പു കാര്യമായി ഉയർന്നില്ല. സംഭരണികളിൽ ജലനിരപ്പ് ഉയർന്നില്ലെങ്കിലും മഴ ഭൂഗർഭ ജലനിരപ്പ് ഉയരാൻ സഹായിക്കുമെന്നു മെട്രോ വാട്ടർ അധികൃതർ പറഞ്ഞു. നഗരത്തിലെ പല കുഴൽക്കിണറുകളിലും മഴയ്ക്കു ശേഷം വെള്ളം ലഭിച്ചു തുടങ്ങിയത് ഇതിന്റെ സൂചനയാണെന്നും വിലയിരുത്തലുകളുണ്ട്. 

ഇതോടെ സ്വകാര്യ വാട്ടർ ടാങ്കറുകളെ ആശ്രയിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 48 മണിക്കൂറിനുള്ളിൽ വെള്ളമെത്തിക്കുന്ന ഡയൽ ഫോർ വാട്ടർ പദ്ധതിയും നല്ല രീതിയിലാണു നടക്കുന്നത്. എന്നാൽ വെബ്സൈറ്റ് വഴിയുള്ള ബുക്കിങ്ങുകളിൽ സാങ്കേതിക പ്രശ്നമുണ്ടെന്ന പരാതി വ്യാപകമാണ്. ഫോൺ ബുക്കിങ്ങിൽ പ്രശ്നങ്ങളില്ലെങ്കിലും 3,000 ലീറ്റർ ടാങ്കറുകൾ മാത്രമാണു ബുക്ക് ചെയ്യാൻ സാധിക്കുക.  

പ്രധാന ജലസംഭരണികളായ പൂണ്ടി, ഷോളവാരം, റെഡ്ഹിൽസ്, ചെമ്പരമ്പാക്കം തടാകങ്ങളിൽ ജലനിരപ്പ് നിലം തൊട്ടു തന്നെ തുടരുകയാണ്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള വടക്കു കിഴക്കൻ മൺസൂൺ  കൃത്യമായി  ലഭിച്ചാൽ സംഭരണികളിൽ ജലനിരപ്പ് ഉയരുമെന്നാണു പ്രതീക്ഷ. മിഞ്ചൂർ, നെമ്മേലി എന്നിവിടങ്ങളിലെ കടൽ ജല ശുദ്ധീകരണ പ്ലാന്റുകൾ, വീരണം തടാകം, കൃഷിയിടങ്ങളിലെ കിണറുകൾ എന്നിവിടങ്ങളിൽ  നിന്നാണു നിലവിൽ ജലം എത്തിക്കുന്നത്. തമിഴ്നാടിന് 8 ടിഎംസി ജലം വിട്ടു നൽകുമെന്നു ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡി ഈയിടെ അറിയിച്ചിരുന്നു. 

നിലവിൽ 700 ദശലക്ഷം ലീറ്റർ ജലം നഗരത്തിൽ വിതരണം ചെയ്യുന്നുണ്ട്. 850 ലീറ്റർ ജലം പ്രതിദിനം ചെന്നൈ നഗരത്തിൽ ആവശ്യമുണ്ടെന്നാണു മെട്രോ വാട്ടർ വകുപ്പിന്റെ കണക്ക്. നിലവിലെ സ്ഥിതിയിൽ നഗരത്തിൽ ജലവിതരണം തടസപ്പെടുമെന്ന ആശങ്കയില്ലെന്നും മെട്രോ വാട്ടർ അറിയിച്ചു. സംഭരണികളിലെ ചേറു നീക്കം ചെയ്യുന്ന ജോലികളും പുരോഗമിക്കുകയാണ്. മഴക്കാലത്തു കൂടുതൽ ജലം ശേഖരിക്കുന്നതിനാണിത്.

സംഭരണികളിലെ ജലനിരപ്പ് ഇന്നലെ വൈകിട്ടത്തെ നില അനുസരിച്ച്. ദശലക്ഷം ഘനയടി കണക്കിൽ. കഴിഞ്ഞ വർഷം ഇതേ ദിവസത്തെ നില ബ്രാക്കറ്റിൽ.

∙ പൂണ്ടി ആകെ ശേഷി 3,231: 16 (16)

∙ ഷോളവാരം ആകെ ശേഷി 1,081: 0 (5)

∙ ചമ്പരമ്പാക്കം ആകെ ശേഷി 3,645: 0 (501)

∙ റെഡ്ഹിൽസ് ആകെ ശേഷി 3,300: 16 (823)

4 സംഭരണികളും ചേർത്ത് ആകെ ശേഷി 11,257 ദശലക്ഷം ഘനയടി. ഇപ്പോൾ ശേഷിക്കുന്നതു 32 ദശലക്ഷം ഘനയടി ജലം മാത്രം. കഴിഞ്ഞ വർഷം ഇതേ ദിവസം ഇത് 1,324 അടിയായിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com