ADVERTISEMENT

ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ ഭീഷണിയിൽ ആമസോൺ മഴക്കാടുകൾ. ഭൂമിയിലെ ജീവന്റെ നിലനിൽപിനാവശ്യമായ ഓക്സിജന്റെ 20 ശതമാനവും പുറത്തു വിടുന്നത് ഈ മഴക്കാടുകളാണ്. ഇവയ്ക്കുണ്ടാകുന്ന നാശം ഭൂമിയുടെ സന്തുലനാവസ്ഥയ്ക്ക് തന്നെ ഭീഷണിയാകും. കാട്ടുതീ ഉയർത്തുന്ന ഭീഷണി മൂലം ബ്രസീലിലെ പല നഗരങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

കടുത്ത വരൾച്ചയാണ് ഈ വർഷം ആമസോൺ മഴക്കാടുകൾ നേരിട്ടത്. എൽ നിനോ പ്രതിഭാസമാണ് വരൾച്ചയ്ക്ക് പിന്നിലെന്നാണ് നിഗമനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 85 ശതമാനത്തിലധികം കാട്ടുതീയാണ് ഈ വർഷം രേഖപ്പെടുത്തിയത്. 2019 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള സമയത്ത് ചെരുതും വലുതുമായ 74,155 കാട്ടുതീയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബ്രസീലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് റിസേർച്ച് നൽകുന്ന വിവരങ്ങളനുസരിച്ച് കഴിഞ്ഞ ഒരാഴ്ച മാത്രം 9500 ൽ അധികം കാട്ടുതീ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്. വരണ്ട കാലാവസ്ഥ കാട്ടുതീ പടരുന്നതിന് അനുകൂല ഘടകമാണെന്ന് ഗവേഷകർ വ്യക്തമാക്കി.

ബ്രസീലിന്റെ വടക്കൻ മേഖലയെയാണ് കാട്ടുതീ പ്രധാനമായും ബാധിച്ചിരിക്കുന്നത്. രൂക്ഷമായ കാട്ടുതീയുടെ അനന്തരഫലമായി അന്തരീക്ഷത്തിൽ നിറഞ്ഞ കടുത്ത പുകയും പൊടിപടലങ്ങളും പ്രദേശങ്ങളെ വലയം ചെയ്തിരിക്കുകയാണ്. 3200 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സാവോ പോളോ നഗരം വരെ പുകപടലങ്ങൾ നിറഞ്ഞ് സൂര്യപ്രകാശം തടസ്സപെട്ട്  ഇരുട്ടിൽ മുങ്ങിയിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോപ്പർനിക്കസ് അറ്റ്മോസ്ഫിയറിക് മോണിട്ടറിങ് സർവീസിന്റെ റിപ്പോർട്ട് അനുസരിച്ച് ഈ പുകപടലങ്ങൾ അന്തരീക്ഷത്തിലൂടെ സഞ്ചരിച്ച് അറ്റ് ലാന്റിക് തീരം വരെ എത്താൻ സാധ്യതയുണ്ട്.

ഭൂമിയുടെ ശ്വാസകോശം എന്നറിയിപ്പെടുന്ന ആമസോൺ മഴക്കാടുകൾ കത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. വലിയ അളവിലുള്ള കാർബൺ ബഹിർഗമനമാണ് കാട്ടുതീ സൃഷ്ടിക്കുന്നത്. കാർബൺ ഡൈഓക്സൈഡ് മാത്രമല്ല തടികൾ കത്തുമ്പോൾ പുറന്തള്ളപ്പെടുന്ന കാർബൺ മോണോക്സൈഡും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കടുത്ത ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ആഗോളതാപനം രൂക്ഷമാകുന്നതിനും ഇവ കാരണമാകുമെന്ന് ഗവേഷകർ വിലയിരുത്തുന്നു.

55 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതമായ ആമസോൺ മഴക്കാടുകൾ ജെവവൈവിധ്യത്താൽ സമ്പന്നമാണ്. ഇതിന്റെ 60 ശതമാനത്തോളവും ബ്രസീലിലാണ്. വലിയ തോതിൽ കാർബൺ ‍ഡൈഓക്സൈഡ് ആഗീരണം ചെയ്ത് ഭൂമിക്ക് വേണ്ടി 20 ശതമാനത്തിലധികം ഓക്സിജനാണ് ഈ മഴക്കാടുകൾ പുറന്തള്ളുന്നത്.

അപൂർവയിനം സസ്യങ്ങളാലും ജന്തുജാലങ്ങളാലും സമ‍ൃദ്ധമാണ് ഈ മഴക്കാടുകൾ. വലിതോതിൽ വ്യാപിക്കുന്ന കാട്ടുതീയിൽ വിവിധ ജീവജാലങ്ങളും കത്തിയമരുകയാണ്. ലക്ഷക്കണക്കിനു വന്യമൃഗങ്ങളാണ് കാട്ടുതീയിൽ വെന്തമർന്നത്. സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വരുന്ന ആമസോണിലെ വിവരങ്ങളും ചിത്രങ്ങളും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. മനുഷ്യ നിർമിതമായ ദുരന്തമെന്നാണ് ഈ കാട്ടുതീയെ ഗവേഷകർ വിശേഷിപ്പിക്കുന്നത്. ബ്രസീൽ സർക്കാരിനെതിരെയും കടുത്ത വിമർശനമാണ് ഉയരുന്നത്. കൃഷിയാവശ്യങ്ങൾക്കും കാലിവളർത്തലിനും മറ്റുമായി വനമേഖലയിൽ കൈയേറ്റങ്ങൾ വ്യാപകമാണ്. ഇതിനായി മരങ്ങളും മറ്റും വെട്ടി കൂട്ടിയിട്ട് കത്തിച്ചതാണ് കാട്ടുതീക്ക് കാരണമെന്നാണ് നിഗമനം.

ആമസോൺ കാടുകളിൽ കൃഷിയും ഖനനവും നടത്താനുള്ള ബ്രസീൽ പ്രസിഡന്റിന്റെ തീരുമാനത്തിനെതിരെ ആദ്യം തന്നെ വിമർശനമുയർന്നിരുന്നു. അറിഞ്ഞോ അറിയാതെയോ ഉള്ള മനുഷ്യന്റെ ഇടപെടലുകൾ തന്നെയാണ് കാട്ടുതീക്ക് പിന്നിലെന്ന് സ്പേസ് റിസേർച്ച് സെന്ററിലെ ഗവേഷകനായ ആൽബെർട്ടോ സെറ്റ്സറും പറയുന്നു. ആമസോൺ മഴക്കാടുകൾ നിലനിൽക്കേണ്ടത് പരിസ്ഥിതി വാദികളുടെ മാത്രം ആവശ്യമല്ല, ഭൂമിയുടെ കൂടി  ആവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com