ADVERTISEMENT

മേഘ സ്ഫോടനത്തിനു സമാനമായ കനത്ത മഴയിൽ ചെന്നൈ നനഞ്ഞു കുതിർന്നു.  ബുധനാഴ്ച രാത്രി തുടങ്ങിയ മഴ ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ മണിക്കൂറുകൾ നിർത്താതെ പെയ്തു. നഗരത്തിന്റെ എല്ലാ ഭാഗത്തും മഴ ലഭിച്ചു.റോഡുകളിൽ വെള്ളക്കെട്ടു രൂപപ്പെട്ടതോടെ പലയിടത്തും ഗതാഗതം സ്തംഭിച്ചു. മധ്യ ചെന്നൈയിലുൾപ്പെടെ മേൽ പാലങ്ങൾക്കു താഴെ വെള്ളം കെട്ടിക്കിടന്നതിനാൽ മണിക്കൂറുകളോളം ഗതാഗതം നിർത്തിവയ്ക്കേണ്ടിവന്നു.‌

‌ചെന്നൈയിൽ 2017 നവംബറിനു ശേഷം ഒറ്റ ദിവസം ഇത്രയും മഴ ലഭിക്കുന്നതു ആദ്യമായാണെന്നു കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നഗരത്തിലാകെ 10 സെ.മീ. മഴ ലഭിച്ചു. സമീപ ജില്ലകളായ വെല്ലൂർ, കാഞ്ചീപുരം എന്നിവിടങ്ങളിലും പരക്കെ മഴയുണ്ടായി. 19 വർഷത്തിനിടെ ജൂൺ-സെപ്റ്റംബർ കാലയളവിൽ ഒരുദിവസം 10 സെന്റി മീറ്റർ മഴ ലഭിച്ചതു 4 തവണ മാത്രം.മഴയെത്തു‌ടർന്നു ചെന്നൈയിലെ താപനില കുറഞ്ഞു. 23 ഡിഗ്രി സെൽഷ്യസാണു ഇന്നലെ അനുഭവപ്പെട്ട കൂടിയ താപനില.‌

‌സംഭരണികൾക്കു ചാകര‌

‌∙ ചെന്നൈയുടെ കുടിവെള്ള സ്രോതസ്സുകളായ നാലു തടാകങ്ങളുടെയും വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചതോടെ സംഭരണികളിൽ വെള്ളം നിറയാൻ തുടങ്ങി. പൂണ്ടി, ഷോളാവരം,ചെമ്പരമ്പാക്കം, റെഡ്ഹിൽസ് എന്നിവിടങ്ങളിൽ കനത്ത മഴ‌യാണു ഇന്നലെ ലഭിച്ചത്. ഓഗസ്റ്റ് മുതൽ നഗരത്തിൽ മഴ ലഭിച്ചു തുടങ്ങിയെങ്കിലും സംഭരണികളിൽ ജലമെത്താനുള്ള തീവ്രതയില്ലായിരുന്നു ഇതുവരെ. എന്നാൽ, ഇന്നലെ മണി‌ക്കൂറുകളോളം നിർത്താതെ മഴ ലഭിച്ചതോടെ   വെള്ളം ഒഴുകിയെത്തിത്തുടങ്ങി.നാലു സംഭരണികളിലും ആകെ ശേഷിയുടെ 15% താഴെ മാത്രമാണ് വെള്ളമുള്ളത്. തടാകപ്രദേശങ്ങളിൽ പെയ്ത മഴയുടെ അളവ് ഇങ്ങനെയാണ്. പൂണ്ടി (20സെ.മീ), ഷോളാവരം ( 13.5 സെ.മീ), ചെമ്പരമ്പാക്കം ( 2.9 സെ.മീ),റെഡ്ഹിൽസ് ( 9.6 സെ.മീ).‌

‌‌വീടുകളിൽ വെള്ളം‌

Rain Chennai

‌∙ അഞ്ചര മണിക്കൂറോളം നിർത്താതെ പെയ്ത മഴയിൽ ആവഡിയിലെ സംസ്ഥാന ഭവന നിർമാണ ബോർഡ് ഹൗസിങ് കോളനിയിലെ വീടുകളിൽ വെള്ളം കയറി. താഴത്തെ നിലയിലുള്ള വീടുകളിൽ വെള്ളം കയറിയതിനാൽ ജനം വലഞ്ഞു. സമീപത്തെ റോഡുകളിലും വഴികളിലുമെല്ലാം വെള്ളക്കെട്ടു രൂപപ്പെട്ടതോടെ ഹൗസിങ് കോളനി ഒറ്റപ്പെട്ടു.രാവിലെ ആറു മണിയോടെ മഴയൊഴിഞ്ഞതിനെത്തുടർന്നു വെള്ളം ഇറങ്ങിത്തുടങ്ങി. പ്രദേശത്തു ചില സ്ഥലങ്ങളിലേക്കു ഭൂമിക്കടിയിലൂടെ കേബിൾ വലിച്ചാണു വൈദ്യുതിയെത്തിച്ചിരിക്കുന്നത്. ഇതിന്റെ ട്രാൻസ്ഫോമറിലെ കേബിളുകൾ തുറന്നു കിടക്കുന്നതു അപകടത്തിനു കാരണമാകുമോയെന്ന ആശങ്കയുണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു. തടാകം നികത്തിയാണു ആവഡിയിൽ ഹൗസിങ് ബോർഡ് റസിഡൻഷ്യൽ കോളനി ‌സ്ഥാപിച്ചത്.വെള്ളം ഒഴിഞ്ഞുപോകാനുള്ള അഴുക്കുചാൽ സംവിധാനമില്ലാത്തതിനാൽ മഴ പെയ്താൽ വീടുകളിൽ വെള്ളം കയറുന്നതു പതിവാണ്. അടുത്ത മാസം മഴക്കാലം തുടങ്ങുന്നതോടെ സ്ഥിതി വീണ്ടും വഷളാകുമെന്ന ആശങ്കയിലാണു പ്രദേശവാസികൾ.‌

‌‌അപകടം മണ്ണടിയിൽ‌

‌∙ മണ്ണടി അയ്യപ്പ ചെട്ടി തെരുവിൽ മഴയത്ത് വീടിന്റെ ചുമർ ഇടിഞ്ഞു വീണു സറീന ബാനു (45) ആണു മരിച്ചത്.  പുലർച്ചെ ഉറങ്ങിക്കിടക്കവെ ഇവരുടെ മുകളിലേക്കു ചുമരിടിഞ്ഞു വീണാണു അപകടം. സറീന ബാനു സംഭവ സ്ഥലത്തു തന്നെ മരിച്ചു. വീട്ടിലുണ്ടായിരുന്ന മ‌റ്റുള്ളവരെ നിസ്സാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.‌

 അടിപ്പാതകളിൽ വെള്ളം‌

‌∙ നിർത്താതെ പെയ്ത മഴയിൽ ചെന്നൈയിലെ പല റോഡുകളും കുളമായി. മേൽപാലത്തിനു താഴെയുള്ള അടിപ്പാതകളിൽവെള്ളം കയറി മണിക്കൂറുകളോളം ഗതാഗതം നിർത്തിവച്ചു. ട്രിപ്ലിക്കേനിൽ പ്രധാന റോഡുകളിലെല്ലാം രാവിലെ ഒരടി ഉയരത്തിൽ വെള്ളം കെട്ടിക്കിടന്നതിനെത്തുടർന്നു ഗതാഗതം താറുമാറായി. ഷോളിംഗനല്ലൂരിലും വെള്ളക്കെട്ടു ഗതാഗതം മുടക്കി. രാവിലെ റോ‌ഡുകളിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ‌നാലു വർഷ‌ത്തിനു ശേഷം ആദ്യമായി കൊശത്തലയാർ നിറഞ്ഞുകവിഞ്ഞു.‌

‌രോഗികളെ ഒഴിപ്പിച്ചു‌

‌∙മഴ പെയ്ത് ആശുപത്രിയിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെത്തുടർന്നു രോഗികളെ അർധരാത്രിയിൽ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. അണ്ണാ നഗർ സുന്ദരം മെഡിക്കൽ ഫൗണ്ടേഷൻ ആശുപത്രിയുടെ ചുറ്റുമതിൽ ട്രാൻസ്‌ഫോമറിനു മുകളിലേക്കു വീണതിനെത്തുടർന്നാണ് ആശുപത്രിയിലെ വൈദ്യുതി ബന്ധം വി‌ച്ഛേദിക്കപ്പെട്ടത്.  വളപ്പിൽ ഒരടി ഉയരത്തിൽ വെള്ളം ഉയരുക കൂടി  ചെയതതോടെ രാത്രി രണ്ടരയോടെ രോഗികളെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.  22 രോഗികളാണുണ്ടായിരുന്നത്. ഇവരെ വാനഗരം അപ്പോളോ, നെൽൻ മാണിക്കം റോഡിലെ എംജിഎം ആശുപത്രി, അണ്ണാനഗറിലെ എസ്എംഎഫ് ആശു‌പത്രി, നുങ്കമ്പാക്കം കാഞ്ചി ആശുപത്രി എന്നിവിടങ്ങളിലേക്കാണു മാറ്റിയത്.‌

‌‌കൂടുതൽ മഴ വെല്ലൂരിൽ‌

‌വെല്ലൂർ : 22 സെന്റിമീറ്റർ‌

ആർക്കോണം : 16‌

മീനമ്പാക്കം - 9.4‌

അമ്പത്തൂർ : 8‌

പാരീസ് കോർണർ : 7.9‌

പൂനമല്ലി : 7.9‌

മറീന : 7.1‌

കെ.കെ.നഗർ : 7.7‌

ആലന്തൂർ : 6.2‌

ഗിണ്ടി : 5.9‌

എന്നൂർ : 10.8‌

‌‌മഴ തുടരും‌ം

‌ചെന്നൈ ഉൾപ്പെടെ മിക്ക ജില്ലകളിലും മൂന്നു ദിവസത്തേയ്ക്കു മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. പുതുച്ചേരിയിലും മഴയുണ്ടാകും. തെക്കൻ ജി‌ല്ലകളിൽ തുടർച്ചയായി കനത്ത മഴയ്ക്കു സാധ്യതയുണ്ട്.ചെന്നൈയിൽ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com