ADVERTISEMENT

ആസന്നമൃതിയോടടുക്കുന്ന ഭൂമിയുടെ രക്ഷയ്ക്ക് ഒടുവിൽ ഒരാൾ വരികതന്നെ ചെയ്തു. കാലാവസ്ഥാമാറ്റത്തോടു നിസ്സംഗത പുലർത്തുന്ന ഭരണാധികാരികളെയും പൊതുസമൂഹത്തെയും അവൾ തട്ടിയുണർത്തി. ഗ്രേറ്റ എന്ന ജ്വാല കെട്ടടങ്ങുകയില്ലെന്നാണ് എന്റെ പ്രതീക്ഷ.

കേവലം 16 വയസ്സുള്ള ഗ്രേറ്റ ട്യുൻബെർഗ് എന്ന സ്വീഡിഷ് പെൺകുട്ടി തുടക്കമിട്ട ഒറ്റയാൻ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം യുഎൻ കാലാവസ്ഥാ അടിയന്തര ഉച്ചകോടിയുടെ വേദിയിലേക്കും പടർന്നുകയറി, വാക്കുകളുടെ തീമഴയായി മാറിയത്. ലോകം കാതോർത്ത ആ പ്രസംഗം ആഗോള കാലാവസ്ഥാ സംരക്ഷണ ചരിത്രത്തിലെ നാഴികക്കല്ലായി.

2018ൽ സ്വീ‍ഡനിലെ പൊതു തിരഞ്ഞെടുപ്പു സമയത്താണ് ഗ്രേറ്റ ആ തീരുമാനമെടുത്തത്. ഇനി മുതൽ സ്കൂളിൽ പോകുന്നില്ല. ആദ്യമൊന്നും ആരും ഗൗനിക്കാതിരുന്ന സമരം കുട്ടികൾ ഏറ്റെടുത്തു. പിന്നീട് രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്കു പടർന്നു. കാലാവസ്ഥാമാറ്റത്തിൽ നിന്ന് ഈ ജീവഗ്രഹത്തെ മോചിപ്പിക്കുക എന്നതായിരുന്നു ആ ബാലിക ഉയർത്തിയ സന്ദേശം. പിന്നീട് എല്ലാ വെള്ളിയാഴ്ചയുമായി സമരം. ‘ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ’ പ്രക്ഷോഭത്തിന്റെ തുടക്കം അങ്ങനെയായിരുന്നു. 

ഞങ്ങ‍ൾക്കൊരു ഭാവിയുണ്ടോ എന്ന നടുക്കുന്ന ചോദ്യമാണ് ഗ്രേറ്റ ലോകത്തോടു ചോദിച്ചത്. ‘മുതിർന്നവരേ, നിങ്ങൾ എന്താണ് ഞങ്ങൾക്കു വേണ്ടി അവശേഷിപ്പിക്കുക? തിരുത്തലിനു നിങ്ങൾ എന്തെങ്കിലും ചെയ്യുന്നുണ്ടോ?’കാലാവസ്ഥാമാറ്റത്തെ നേരിടാൻ ഉച്ചകോടി കൂടുകയല്ലാതെ, കാര്യമായി ഒന്നും ചെയ്യാത്ത ലോകരാഷ്ട്രത്തലവന്മാർ ഉത്തരമില്ലാതെ തലകുനിച്ചു.

മുതിർന്ന തലമുറയുടെ കോർപറേറ്റ് മുറികളിലേക്കും മന്ത്രിസഭാ യോഗങ്ങളിലേക്കും അവളുടെ രോദനം തുളച്ചുകയറി. സർവനാശത്തെ ചെറുക്കാനുള്ള മറ്റൊരവസരമാണ് ഗ്രേറ്റ ലോകത്തിനും നമ്മൾ മുതിർന്നവർക്കും മുന്നിൽ തുറന്നിട്ടിരിക്കുന്നത്. വരുംതലമുറകളുടെ ജീവൻകൂടി നിലനിർത്തുക എന്ന ലക്ഷ്യത്തിലേക്കു നമ്മൾ ഇന്നത്തെ വികസനക്കണക്കുപുസ്തകം മാറ്റിയെഴുതിയാൽ ഭൂമിയിലെ ജീവയോഗ്യമായ കാലാവസ്ഥയെ കഷ്ടിച്ചു നിലനിർത്താനാവും.

ലോക നേതൃത്വത്തോട് ഗ്രേറ്റ ട്യുൻബെർഗ്: ഇങ്ങനെ മുന്നോട്ടുപോകാൻ ഞങ്ങൾ സമ്മതിക്കില്ല 
ചൂടുപിടിച്ച ഒരു ലോകത്തിന്റെ അനിശ്ചിത വിധിയിലേക്കു തള്ളിയിടാനുള്ളവരല്ല, മറിച്ച് ഇന്നത്തെ വികസനസങ്കൽപങ്ങളുടെ കേന്ദ്രബിന്ദുക്കളാകണം കുഞ്ഞുങ്ങൾ. അവരുടെ ക്ഷേമം മാത്രമാകണം വികസനത്തിന്റെ അളവുകോൽ. കുഞ്ഞുങ്ങളെ രോഗികളാക്കുന്ന വായുമലിനീകരണവും അവരെ അഭയാർഥികളാക്കുന്ന പ്രളയവും വരൾച്ചയുമൊക്കെ പ്രതിരോധിക്കാൻ മുതിർന്നവർക്കു ചുമതലയുണ്ടെന്ന സത്യമാണ് ഗ്രേറ്റയും അവൾക്കൊപ്പം തെരുവിലിറങ്ങിയ ലോകത്തെ ലക്ഷോപലക്ഷം കുട്ടികളും നമ്മോടു പറയുന്നത്.

മലിനീകരണമില്ലാത്ത ഊർജസ്രോതസ്സുകളും പോഷകാഹാരവും മറ്റ് അനുബന്ധ ജീവിതസൗകര്യങ്ങളും ഉറപ്പാക്കുന്ന സുസ്ഥിര ലോകക്രമമാണ് നാളെയുടെ ആവശ്യം. പെൺകുട്ടികൾ ഉൾപ്പെടെ വളരുന്ന തലമുറയ്ക്കു നിലനിൽപിനാവശ്യമായ അറിവും  നൈപുണ്യവും പകരുക എന്നതിലൂടെ വിദ്യാഭ്യാസത്തിനും പ്രധാന പങ്കുവഹിക്കാനുണ്ട്. കാലാവസ്ഥാമാറ്റത്തിന് യോജ്യമായ പുതിയ ജീവിതക്രമം നാം കുട്ടികളെ പരിശീലിപ്പിക്കണം.

ഭൂമിയുടെ സുസ്ഥിരത വിലയിരുത്തേണ്ടത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ അടിസ്ഥാനമാക്കിയാണ്. അതിനു യോജ്യമായ ആവാസവ്യവസ്ഥ ഇവിടെ ഇന്നുതന്നെ ഉറപ്പാക്കുകയാണ് മുതിർന്നവരുടെ ഉത്തരവാദിത്തം. ലോകത്തെ ഓരോ ഗ്രേറ്റമാരും നമ്മെ ഓർമിപ്പിക്കുന്നത് ഇതിൽ കുറഞ്ഞതൊന്നുമല്ല.

(പരിസ്ഥിതി പ്രവർത്തകയും ന്യൂഡൽഹി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് മേധാവിയുമാണ് ലേഖിക)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com