ADVERTISEMENT

പശ്ചിമഘട്ട മലനിരകളിൽ നിന്ന് പുതിയ ഇനം പാമ്പിനെ കണ്ടെത്തി. മഹാരാഷ്ട്രയിലെ സതാര ജില്ലയിലുള്ള കോയ്നാ മേഖലയിൽ നിന്നാണ് പുതിയ പാമ്പ് വിഭാഗത്തെ കണ്ടെത്തി. ക്യാറ്റ് സ്നേക്ക് വിഭാഗത്തിൽ പെടുന്ന പാമ്പാണിതെന്ന് പൂനെയിലെ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി ഡയറക്ടറായ വരദ് ഗിരി വ്യക്തമാക്കി. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറേയുടെ ഇളയ മകൻ തേജസ് താക്കറേയാണ് പുതിയ പാമ്പ് വിഭാഗത്തെ കണ്ടെത്തിയത്.

‘താക്കറേയ്സ് ക്യാറ്റ് സ്നേക്ക്’ എന്നാണ് പുതിയ വിഭാഗത്തിനു നൽകിയിരിക്കുന്ന പേര്. ബോയിഗ താക്കറേ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഗവേഷണത്തിൽ തേജസ് താക്കറേയുടെ സംഭാവനകൾ മാനിച്ചാണ് പുതിയ വിഭാഗത്തിന് ഈ പേരു നൽകിയതെന്നും വരദ് ഗിരി വ്യക്തമാക്കി. ഇന്ത്യയിലുടെനീളം ക്യാറ്റ് സ്നേക്കുകൾ ഉണ്ടെങ്കിലും ഈ പുതിയ പാമ്പുകൾ പശ്മഘട്ടമലനിരകളിൽ മാത്രം കാണപ്പെടുന്നവയാണ്.

2015ലാണ് തേജസ് താക്കറേ പശ്മഘട്ടത്തിൽ നിന്ന് ഈ പാമ്പിനെ കണ്ടെത്തിയത്. പിന്നീടാണ് ഇതിന്റെ സ്വഭാവസവിശേഷതകളെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തിയത്. ഇതിൽ കണ്ടെത്തിയ വിശദാംശങ്ങൾ പങ്കുവയ്ക്കുകയും മുന്നോട്ടുള്ള ഗവേഷണത്തിൽ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺവർസേഷനെ സഹായിക്കുകയും ചെയ്തു.

കാട്ടരുവികൾക്കു സമീപമാണ് പുതിയ പാമ്പ് വിഭാഗം കാണപ്പെടാറുള്ളത്. ഇവ പകൽ സമയങ്ങളിൽ പുറത്തിറങ്ങാറില്ല. രാത്രികാലങ്ങളിലാണ് ഇരതേടി പുറത്തിറങ്ങാറുള്ളത്. വിഷമില്ലാത്ത പാമ്പാണിത്. ഏകദേശം മൂന്നടിയോളം നീളം. കടുവകളുടെ വരകൾ പോലെ തവിട്ടു നിറത്തിലും കറുപ്പ് നിറത്തിലുമുള്ള ശരീരത്തിലെ വരകളും ഇവയുടെ പ്രത്യേകതയാണ്. മഹാരാഷ്ട്രയിലെ വനാന്തരങ്ങളിലും തണുപ്പു നിറഞ്ഞ നീർത്തടങ്ങളിലും കാണപ്പെടുന്ന ഹുമയൂൺസ് നൈറ്റ് ഫ്രോഗ് എന്ന തവളയുടെ മുട്ടയാണ് ഈ പാമ്പു വർഗത്തിന്റെ പ്രധാന ആഹാരം. ഈ സ്വഭാവ സവിശേഷത പശ്ചിമഘട്ടത്തിലുള്ള മറ്റ് ക്യാറ്റ് സ്നേക്കുകൾക്കില്ലെന്നും ഗവേഷകർ വ്യക്തമാക്കി.

ഇനിയും പശ്ചിമഘട്ടത്തിൽ ഒരുപാട് വിസ്മയങ്ങൾ ഒളിപ്പിച്ചിരുപ്പുണ്ടാകാമെന്നും വരദ് ഗിരി പറഞ്ഞു. പുതിയ പാമ്പിനെക്കുറിച്ചുള്ള ഗവേഷണത്തിൽ വരദ് ഗിരിയെ കൂടാതെ ഗവേഷകരായ അശോക് ക്യാപ്റ്റൻ, ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഡോ. വി ദീപക്, സ്വപ്നിൽ പവാർ, ഡോ.ഫ്രാങ്ക് ടില്ലാക് എന്നിവർ പങ്കെടുത്തു.

ഇതിന് മുൻപ് 125 വര്‍ഷങ്ങൾക്ക് മുൻപാണ് ബോയിഗ വിഭാഗത്തിൽ പെട്ട പാമ്പിനെ പശ്ചിമഘട്ടത്തിൻ നിന്ന് കണ്ടെത്തിയത്. അവയും ഇതേപോലെ തന്നെ മരത്തവളകളേയും അവയുടെ മുട്ടകളും മാത്രം ഭക്ഷിക്കുന്നവയായിരുന്നു. പുതിയതായി കണ്ടെത്തിയ പാമ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി എന്ന ജേർണലിലാണ് പ്രസിദ്ധീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com