ADVERTISEMENT

കിണറ്റിൽ നിന്ന് പാമ്പുകളാണെന്നു കരുതി പിടിച്ചപ്പോൾ കിട്ടിയത് അപൂർവ ഇനം മത്സ്യത്തെ. പൂമുഖത്തെ തട്ടാംകണ്ടി സിദ്ദീഖിന്റെ വീട്ടിലെ കിണറ്റിൽ  നിന്നാണ് അപൂർവ ഇനത്തിൽ പെട്ട 7  ഭൂഗർഭ ശുദ്ധജല മത്സ്യത്തെ കിട്ടിയത്. കഴിഞ്ഞ ദിവസം വെള്ളം കോരുമ്പോഴാണ് സിദ്ദീഖിന്റെ ഭാര്യ സബീന പാമ്പിന്റെ രൂപത്തിലുള്ള ജീവിയെ കിണറ്റിൽ കണ്ടത്.

പാമ്പ് പിടിത്തക്കാരൻ സുരേന്ദ്രൻ കരിങ്ങാട് എത്തിയപ്പോഴാണ് ഭൂഗർഭ ശുദ്ധജല മത്സ്യമാണെന്ന് മനസ്സിലായത്.  മോട്ടർ ഉപയോഗിച്ചു കിണറ്റിലെ വെള്ളം  വറ്റിച്ചതിനു ശേഷം മത്സ്യത്തെ പിടികൂടി. 10 സെന്റീമീറ്റർ  നീളം വരുന്ന  മീനുകൾക്കു ചുവപ്പും മഞ്ഞയും കലർന്ന നിറമാണ്. അപൂർവയിനം മത്സ്യത്തെ കാണാൻ അയൽവാസികൾ ഉൾപ്പെടെ എത്തുന്നുണ്ട്.

പാതാള പൂന്താരകനെ കണ്ടെത്തിയതും കിണറ്റിൽ

കഴിഞ്ഞ ദിവസം പനങ്ങാടു നിന്നും  പുതിയൊരു ഭൂഗർഭ മത്സ്യ ഇനത്തെ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ (കുഫോസ്) ഗവേഷകർ കണ്ടെത്തിയിരുന്നു. ഇൽ ലോച്ച് (പൂന്താരകൻ) വർഗത്തിൽപെട്ട പുതിയ മത്സ്യത്തിന് 'പാജിയോ ഭുജിയോ' (പാതാള പൂന്താരകൻ) എന്നാണ് പേരിട്ടത്. കോഴിക്കോട് ജില്ലയിലെ ചേരിഞ്ചാലിൽ 6 മീറ്റർ ആഴമുള്ള കിണറ്റിലാണിതിനെ കണ്ടെത്തിയത്.

New freshwater fish species discovered in Kozhikode
പാതാള പൂന്താരകൻ

തെക്കു–കിഴക്ക് ഏഷ്യൻ രാജ്യങ്ങളിൽ കുത്തൊഴുക്കുള്ള ശുദ്ധജല അരുവികളിലാണ് ഇത്തരം മത്സ്യങ്ങൾ കാണപ്പെടുന്നത്. ഭൂഗർഭ ജലഅറയിൽ വസിക്കുന്ന ഇവയെ കണ്ടെത്തുന്നത് ആദ്യമായാണന്ന് പഠനത്തിനു നേതൃത്വം നൽകിയ കുഫോസ് ശാസ്ത്രജ്ഞൻ ഡോ. രാജീവ് രാഘവൻ പറഞ്ഞു. ഡോ. രാജീവ് രാഘവന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം മലപ്പുറത്തെ പാടത്ത് എനിഗമചന്ന ഗൊല്ലം എന്ന ഭൂഗർഭ വരാലിനെ ആദ്യമായി കണ്ടെത്തിയത് ഏതാനും മാസം മുൻപാണ്. പ്രളയത്തിൽ നാട്ടിലെ ജലാശയങ്ങളിലേക്ക് എത്തിയതാവാനാണു സാധ്യതയെന്ന് ഗവേഷകർ പറയുന്നു.

ചേരിഞ്ചാലിലെ മത്സ്യ നിരീക്ഷകനായ വിഷ്ണുദാസാണ് 'പാതാള പൂന്താരകനെ' ആദ്യമായി കണ്ടതും ഗവേഷണ സംഘത്തെ വിവരം അറിയിച്ചതും. കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ഇത്. തുടർന്ന് ഡോ. രാജീവ് രാഘവന്റെ നേതൃത്വത്തിൽ കുഫോസിലെ ഗവേഷകർ ഒപ്പം പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എജ്യുക്കേഷൻ റിസർച്, ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുടെ സംഘവും കണ്ണൂരിലെ അവേർനസ് ആൻഡ് റസ്‌ക്യൂ സെന്റർ എന്നിവിടങ്ങളിലെ പരിസ്ഥിതി പ്രവർത്തകരും ചേർന്നു നടത്തിയ പഠനത്തിലാണ് പാജിയോ ജിനസിലെ പുതിയ മത്സ്യ ഇനമാണെന്ന് സ്ഥിരീകരിച്ചതും പേരിട്ടതും.

പാജിയോ കുടുംബത്തിലെ മറ്റ് മത്സ്യ ഇനങ്ങളിൽ നിന്ന് വളരെയേറേ രൂപമാറ്റം ഇപ്പോൾ കണ്ടെത്തിയ പാജിയോ ഭുജിയക്ക് ഉണ്ടെന്ന് ഡോ. രാജീവ് രാഘവൻ പറഞ്ഞു. മത്സ്യങ്ങളുടെ പരിണാമചക്രത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ഈ മത്സ്യത്തെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. വി.കെ. അനൂപ്, സി.പി. അർജുൻ, ഡോ. റാൽഫ് ബ്രിറ്റ്‌സ്, നീലീഷ് ദനാഹുകർ എന്നിവരും ഗവേഷക സംഘത്തിലുണ്ടായിരുന്നു. മലബാർ മേഖലയിലെ ചെങ്കൽ മലകളിലെ ഭൂഗർഭ അറകളിൽ ഇതുവരെ അറിയാത്ത മത്സ്യ ഇനങ്ങൾ ഇനിയും ഉണ്ടാകാം എന്നാണ് ഗവേഷകരുടെ അനുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com