ADVERTISEMENT

കേരളത്തിൽ നിന്ന് ഏഷ്യാഡിൽ പങ്കെടുത്ത ആനകളിലൊന്നും പാറമേക്കാവ് ദേവസ്വത്തിന്റെ ആദ്യ ആനയുമായ പാറമേക്കാവ് രാജേന്ദ്രൻ ചരിഞ്ഞു. 76 വയസ്സായിരുന്നു. കേരളത്തിലെ ഏറ്റവും പ്രായമുള്ള ആനകളിലൊന്നാണ്.പ്രായാധിക്യം കാരണം ഒരു വർഷത്തിലേറെയായി ‌വിശ്രമത്തിലായിരുന്ന രാജേന്ദ്രൻ ഇന്നലെ പുലർച്ചെ 3നാണ് വിടവാങ്ങിയത്. ജഡം ഉച്ചയ്ക്കു 2.30ന് കോടനാട് വനമേഖലയിൽ സംസ്കരിച്ചു. 1982–ൽ ഡൽഹിയിൽ നടന്ന ഏഷ്യാഡിനു തൃശൂരിൽ നിന്നു ട്രെയിനിലെത്തിച്ച മുപ്പതിലധികം ആനകളോടൊപ്പം രാജേന്ദ്രനുമുണ്ടായിരുന്നു.

തൃശൂർ നഗരത്തിൽ ആദ്യം എത്തിയ നാടൻ ആനകളിലൊന്നായിരുന്നു രാജേന്ദ്രൻ. 1955 ൽ അന്നത്തെ ക്ഷേത്രം മേൽശാന്തി വേണാട്ട് പരമേശ്വരൻ നമ്പൂതിരിയാണ് ഭക്തരിൽ നിന്നു പിരിച്ചെടുത്ത 4,800 രൂപ കൊടുത്ത് പാലക്കാട് പത്തിരിപ്പാലയിൽ നിന്ന് ആനയെ വാങ്ങിയത്. നടയ്ക്കിരുത്തുമ്പോൾ ഏകദേശം 12 വയസ്സായിരുന്നു രാജേന്ദ്രന്റെ പ്രായം.

തുടർന്ന് 1967 മുതൽ നീണ്ട 60 വർഷക്കാലം തൃശൂർ പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്. ആറാട്ടുപു‌ഴ പൂരത്തിനു 10 വർഷത്തോളമെങ്കിലും ശാസ്താവിന്റെ തിടമ്പേറ്റി.ഉൗരകം ക്ഷേത്രത്തിലെ ഉത്സവങ്ങൾക്കും നിത്യസാന്നിധ്യമായിരുന്നു. ഊത്രാളിക്കാവ്, കുട്ടനെല്ലൂർ, പെരുവനം, നെന്മാറ–വല്ലങ്ങി തുടങ്ങി കൂടൽമാണിക്യം ഉത്സവം വരെ മധ്യകേരളത്തിലെ മിക്ക ഉത്സവങ്ങളിലും രാജേന്ദ്രൻ ഇടമുണ്ടായിരുന്നു.2003ൽ ഗജരത്നം പദവിയും 2008ൽ ഗജ ശ്രേഷ്ഠ പുരസ്കാരവും രാജേന്ദ്രനെ തേടിയെത്തി. കഴിഞ്ഞ 12 വർഷമായി നിലമ്പൂർ സ്വദേശി വേലായുധൻ നായരായിരുന്നു (മാനു) പാപ്പാൻ. മാർച്ച് 4ന് വടക്കുന്നാഥ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിനാണു രാജേന്ദ്രനെ അവസാനമായി എഴുന്നള്ളിച്ചത്.

paramekkavu-rajendran-dies1
ചരിഞ്ഞ പാറമേക്കാവ് രാജേന്ദ്രന് പാപ്പാൻ വേലായുധൻ(മാനു) അന്ത്യാഞ്ജലി അർപ്പിക്കുന്നു.

12 വർഷം രാജേന്ദ്രന്റെ പാപ്പാനായിരുന്ന മാനു തന്റെ ‘പൊന്നു’വിനെക്കുറിച്ച്

‘അനുസരിപ്പിക്കാൻ ആരുമില്ലെങ്കിലും പാറമേക്കാവ് ക്ഷേത്രത്തിലേക്ക് അവൻ സ്വയം എഴുന്നള്ളുമായിരുന്നു. സ്ഥിരം ക്ഷേത്ര പരിസരത്തുണ്ടാകും. അടുത്തേക്ക് ചെല്ലുന്നവരോടെല്ലാം സൗമ്യമായ പെരുമാറ്റം.ആനക്കാർ ആരുമില്ലെങ്കിലും ഉൗരകം ക്ഷേത്രത്തിലെ എല്ലാ പൂര ചടങ്ങുകൾക്കും ആർക്കും ആനയെ നടത്താൻ കഴിയുമായിരുന്നു. 12 വർഷത്തിനിടയിൽ ദുശ്ശീലങ്ങളൊന്നും ഉണ്ടായിട്ടില്ല. ഞാൻ പൊന്നേ, മുത്തേ, മോനേ.എന്നെല്ലാമാണു വിളിക്കാറ്. പൊന്നു എന്ന് വിളിക്കുന്നതായിരുന്നു അവനിഷ്ടം’.

ഇഷ്ടം പൈനാപ്പിൾ, ചോറ്

‘ആളുകളോട് ഇണങ്ങി നിൽക്കുന്ന പ്രകൃതമായിരുന്നു രാജേന്ദ്രന്. അടുത്തുചെന്നു വിളിച്ചാൽ ശബ്ദമുണ്ടാക്കി പ്രതികരിക്കും. ഭക്ഷണ സാധനങ്ങൾ നൽകിയാൽ മടി കൂടാതെ സ്വീകരിക്കും. മധുരത്തോടായിരുന്നു പ്രിയം.പഴം, പൈനാപ്പിൾ, ചോറ് ഇവ മൂന്നുമാണ് ഇഷ്ടഭക്ഷണം. 10 കിലോ അരിയും 10 കിലോ അവലും വൈറ്റമിൻ മരുന്നുകളുമാണു സ്ഥിരം മെനു. ഇതോടൊപ്പം 5 ലീറ്റർ പാലും.2 ദിവസത്തിൽ കൂടുതൽ കുളിപ്പിക്കാതിരുന്നാൽ അസ്വസ്ഥനാകും. ക്ഷേത്രങ്ങളിലെ ചടങ്ങുകളിൽ ഒരിക്കൽ പങ്കെടുത്താൽ പിന്നീടൊരിക്കലും രാജേന്ദ്രനു പഠിപ്പിച്ചുകൊടുക്കേണ്ടി വന്നിട്ടില്ല’.

പേടിയില്ല വെടിക്കെട്ട്!

‘നാടൻ ആനയുടെ സൗന്ദര്യം ഏറ്റവും കൂടുതൽ ആവാഹിച്ചിരുന്നത് രാജേന്ദ്രന്റെ ചെവികളിലായിരുന്നു. ഗജരാജൻ ഗുരുവായൂർ കേശവന്റെ ചെവികളുമായുള്ള സാദൃശ്യം ആന പ്രേമികൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.തെളിഞ്ഞ നഖം, എടുത്ത കൊമ്പ്, മസ്തകം, നിലത്തിഴയുന്ന തുമ്പിക്കൈ എന്നിവയാണ് രാജേന്ദ്രന്റെ പ്രത്യേകതകൾ. തൃശൂർ പൂരം വെടിക്കെട്ടിനു ദീർഘകാലം മണികണ്ഠനാലിൽ പന്തലിൽ തിടമ്പേറ്റി നിന്നിരുന്നതു രാജേന്ദ്രനാണ്. കാരണം അവന് വെടിക്കെട്ടിനെ പേടിയില്ല എന്നതുതന്നെ!’

പെരുവനം കുട്ടൻ മാരാർ


‘ഞാൻ ജനിക്കുന്നതിനു മുൻപേ, രാജേന്ദ്രൻ പാറമേക്കാവിൽ എത്തിയിരുന്നു. അവൻ എഴുന്നള്ളിപ്പുകൾ ആരംഭിച്ച് വർഷങ്ങൾക്കു ശേഷമാണ് ഞാൻ ആദ്യമായി കൊട്ടാനെത്തുന്നത്. 50 വർഷത്തിലധികം രാജേന്ദ്രന്റെ മുൻപിൽ കൊട്ടിയിട്ടുണ്ട്. ലക്ഷണമൊത്തവൻ. പാറമേക്കാവിന്റെയാണെങ്കിലും രാജേന്ദ്രൻ തൃശൂരിന്റെയാണ്. തൃശൂർ രാജേന്ദ്രൻ’.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com