ADVERTISEMENT

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നൽ ഉണ്ടാകാനിടയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. വൈകുന്നേരം  4  മണി മുതൽ രാത്രി 10 മണിവരെ  അപകടകാരികളായ ഇടിമിന്നലിനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

ശനിയാഴ്ച വരെ കേരളത്തിൽ വ്യാപകമായ മഴയുണ്ടാകും. ശക്തമായ കാറ്റും കോളും ഉള്ളതിനാൽ ഇന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ ഇടിയും മിന്നലും ഉണ്ടാകാനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലും വയനാട്ടിലും യെലോ അലർട്ട് നൽകിയിട്ടുണ്ട്.

ശ്രദ്ധിക്കുക ഈ മുന്നറിയിപ്പുകൾ

കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് 10 വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഇത്തരം ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കും. പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ സ്വീകരിക്കേണ്ടതാണ്.

കുട്ടികൾ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് 10 വരെയുള്ള സമയത്തു തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപെട്ട പ്രസംഗ വേദികളിൽ ഇടിമിന്നൽ ഉള്ള സമയം നിന്നു കൊണ്ടുള്ള പ്രസംഗം ഒഴിവാക്കണം. പ്രാസംഗികർ ഉയർന്ന വേദികളിൽ ഇത്തരം സമയങ്ങളിൽ നിൽക്കാതിരിക്കുകയും മൈക്ക് ഉപയോഗിക്കാതിരിക്കുകയും വേണം

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടനെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറുക. മഴക്കാർ കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ജനലും വാതിലും അടച്ചിടുക. ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ഫോൺ ഉപയോഗിക്കരുത്‌.

ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക. കഴിയുന്നത്ര വീടിനുള്ളിൽ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക. ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌. വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനത്തിനുള്ളിൽ ആണെങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത്.

Lightning

പട്ടം പറത്തുവാൻ പാടില്ല. തുറസ്സായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക. ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക. ഇടിമിന്നലിൽനിന്നു സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം.

മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല. മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാൽ ആദ്യ 30 സെക്കൻഡ് സുരക്ഷയ്ക്കായിട്ടുള്ള സുവർണ നിമിഷങ്ങളാണ്‌. വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോൾ തുറസായ സ്ഥലത്തേക്ക് പോകരുതെന്നും  ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

പത്തനംതിട്ട ജില്ലയിൽ 19 വരെ മഞ്ഞ അലർട്ട്

പത്തനംതിട്ട ജില്ലയിൽ 19 വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മണിയാർ ബാരേജിന്റെ ഷട്ടറുകൾ 50 സെന്റീമീറ്റർ വീതം ഉയർത്തി അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടും. ഇതുമൂലം കക്കാട്ടാറിൽ 100 സെന്റീമീറ്റർ വരെ ജലനിരപ്പു ഉയരാൻ സാധ്യത ഉണ്ട്. പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ള മണിയാർ, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികൾ ജാഗ്രത പാലിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com