ADVERTISEMENT

ചെന്നൈയിൽ മൺസൂൺ ശക്തി പ്രാപിച്ചു. അടുത്ത 3 ദിവസം തമിഴ്നാട്ടിൽ ശക്തമായ മഴ ലഭിക്കുമെന്നു ചെന്നൈ മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചെന്നൈയിലും പുതുച്ചേരിയിലും പരക്കെ മഴ ലഭിക്കും. തെക്ക് കിഴക്കൻ ദിശ ലക്ഷ്യമാക്കി നീങ്ങിയിരുന്ന മഴക്കാറ്റ് കിഴക്ക് ദിശയിലേക്കു തിരിഞ്ഞതാണ് തമിഴ്നാട്ടിൽ കൂടുതൽ മഴയെത്താൻ കാരണമെന്നു കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു.

ഒക്ടോബർ 25 വരെ തമിഴ്നാട്ടിലുടനീളം മഴ ലഭിക്കുമെന്നാണു വിലയിരുത്തൽ. കഴിഞ്ഞ 48 മണിക്കൂറിനിടെ നീലഗിരി ജില്ലയിലെ ദേവാലയിലാണു കൂടുതൽ മഴ ലഭിച്ചത്. (13 സെന്റീമീറ്റർ). കന്യാകുമാരി ജില്ലയിലെ ശിവലോകം (12), നാമക്കൽ‍ ജില്ലയിലെ കുമാരപാളയം (6), ഈറോഡ് ജില്ലയിലെ സത്യമംഗലം (6), തിരുനെൽവേലിയിലെ ശങ്കരൻകോവിൽ (6), കോയമ്പത്തൂർ ജില്ലയിലെ മേട്ടുപ്പാളയം (6) എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു.

അടുത്ത 48 മണിക്കൂറിൽ തമിഴ്നാടിന്റെ ഉൾപ്രദേശങ്ങളിൽ മിതമായ മഴ ലഭിക്കും. നീലഗിരി, കോയമ്പത്തൂർ, ഡിണ്ടിഗൽ, തേനി, ഈറോഡ്, കന്യാകുമാരി, തിരുനെൽവേലി, കടലൂർ, നാഗപട്ടണം എന്നീ ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.

ഇത്തവണത്തെ മൺസൂണിൽ പ്രതീക്ഷിച്ച മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ചെന്നൈയിൽ മീനമ്പാക്കത്തു 0.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. സത്യാഭാമ സർവകലാശാലയിൽ 61 മില്ലിമീറ്ററും, ഷോലിംഗനല്ലൂർ, താംബരം എന്നിവിടങ്ങളിൽ 33 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. നഗരത്തിൽ ഗിണ്ടി, കോയമ്പേട്, ടിനഗർ, വൽസരവാക്കം, പോരൂർ, നുങ്കംപാക്കം, അമ്പത്തൂർ എന്നിവിടങ്ങളിലും, കാഞ്ചീപുരം തിരുവള്ളൂർ ജില്ലകളിലും പരക്കെ മഴ ലഭിച്ചു.

ജലനിരപ്പ് ഉയർന്നു

ഒരാഴ്ചയായി മഴ തുടരുന്നതോടെ നഗരത്തിലെ സംഭരണികളിൽ ജലനിരപ്പ് ഉയർന്നു. 2 മാസം മുൻപു നഗരത്തിലെ പ്രധാന ജലസംഭരണികളായ പൂണ്ടി, ഷോളവാരം, റെഡ്ഹിൽസ്, ചെമ്പരമ്പാക്കം എന്നിവിടങ്ങളിലെ ജലനിരപ്പ് നിലം തൊട്ടിരുന്നു. എന്നാൽ ഇപ്പോൾ 4 മാസത്തേക്ക് ഉപയോഗിക്കാനുള്ള ജലം സംഭരണികളിൽ എത്തിയതായി മെട്രോ വാട്ടർ അധികൃതർ പറഞ്ഞു. കഴിഞ്ഞ 2 ദിവസം നഗരത്തിൽ ശക്തമായ മഴ ലഭിച്ചതോടെ സംഭരണികളുടെ ജലനിരപ്പ് അനുദിനം ഉയരുകയാണ്.

നവംബർ, ഡിസംബർ മാസങ്ങളിൽകൂടി മഴ ലഭിച്ചാൽ ജലക്ഷാമത്തെ ഭയക്കേണ്ടതില്ലെന്നു ജലവിതരണ വകുപ്പ് അറിയിച്ചു. എന്നാൽ വലിയ സംഭരണികളായ റെഡ്ഹിൽസ്, ചെമ്പരമ്പാക്കം എന്നിവിടങ്ങളിൽ ജലത്തിന്റെ അളവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു കുറവാണ്. എന്നാൽ 4 സംഭരണികളും ചേർത്തുള്ള കണക്കിൽ ജലത്തിന്റെ അളവ് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 19ന് 1,312 ദശലക്ഷം ഘനയടിയായിരുന്നു ജലത്തിന്റെ അളവ് ഈ വർഷം 1,581 ദശലക്ഷം ഘനയടിയായി ഉയർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com