ADVERTISEMENT

ലോകത്തിൽ ഓരോ വർഷവും ശരാശരി 4.35 ലക്ഷം പേർ മലേറിയ ബാധിച്ചു മരിക്കുന്നുണ്ടെന്നാണു കണക്ക്. അതിൽ 61 ശതമാനവും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളാണ്. ഏഴിനം രോഗാണുക്കളാണ് (പാരസൈറ്റ്) പ്രധാനമായും മലേറിയ പരത്തുന്നത്. അവയിൽ ഒരെണ്ണമാണ് മനുഷ്യരിൽ മലേറിയ പരത്തുന്നതിലെ ഏറ്റവും അപകടകാരി. പ്ലാസ്മോഡിയം ഫാൽസിപറം എന്ന ആ രോഗാണുവാണ് 2017ൽ ആഫ്രിക്കയിൽ മലേറിയ ബാധിച്ചുണ്ടായ മരണങ്ങളിൽ 99.7 ശതമാനത്തിനും കാരണമായത്. ഇവയ്ക്കു മനുഷ്യനിൽ മാത്രമേ മലേറിയ പരത്താനും സാധിക്കൂ. 

എന്നാൽ ഏകദേശം 50,000 വർഷം മുൻപ് ഈ രോഗാണുവിന് മനുഷ്യനെ ആക്രമിക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. മനുഷ്യനുമായി ബന്ധമുള്ള ഗോറില്ലകളെ പക്ഷേ ഇവ ആക്രമിച്ചിരുന്നു. ഗോറില്ലകളെ കടിക്കുന്ന കൊതുകുകള്‍ വഴിയായിരുന്നു മറ്റു മൃഗങ്ങളിലേക്കും മലേറിയ പടർന്നത്. അരലക്ഷം വര്‍ഷം മുൻപ് അസാധാരണവും വളരെ അപൂർവവുമായ ഒരു സംഭവം നടന്നു. പ്ലാസ്മോഡിയം ഫാൽസിപറമിന്റെ ഡിഎൻഎയിലുണ്ടായ ഒരു മാറ്റം അവയെ മനുഷ്യനെയും ആക്രമിക്കാൻ തക്ക കരുത്തരാക്കുകയായിരുന്നു. എങ്ങനെയാണ് ആ മാറ്റം സംഭവിച്ചതെന്ന് ഇക്കാലമത്രയും ഗവേഷകർ തലപുകച്ചു പോന്നു. ഒടുവിൽ കഴിഞ്ഞ ദിവസം പ്ലോസ് ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച വിശദ പഠനത്തിലൂടെ ആ രഹസ്യം ഗവേഷകർ പുറത്തുവിടുകയും ചെയ്തു. 

Deadly parasite 'jumped' from gorilla to humans

അരലക്ഷം വർഷം മുൻപ് ഒരു ഗോറില്ലയെ ബാധിച്ച ആ പ്ലാസ്മോഡിയം ഫാൽസിപറമിന്റെ ജീനോം സ്വീക്വൻസാണ് ഗവേഷകർ വിജയകരമായി പുനഃസൃഷ്ടിച്ചത്.  40,000–60,000 വർഷം മുൻപ് ആഫ്രിക്കയിൽ നിന്ന് ആദ്യമായി മനുഷ്യൻ പുറത്തേക്കു ദേശാടനം നടത്തിയതിനൊപ്പമാണ് മനുഷ്യനിലും മലേറിയ എത്തുന്നത്. മലേറിയ രോഗാണുക്കളുമായി സഞ്ചരിക്കുന്ന കൊതുകുകളിൽ നിന്നായിരുന്നു മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥയിലേക്ക് അവ കടന്നത്. ആദ്യമായി മനുഷ്യനെ ബാധിച്ച പ്ലാസ്മോഡിയം ഫാൽസിപറമിന്റെ ജീനോം സീക്വൻസ് പുനഃസൃഷ്ടിക്കുകയെന്നതായിരുന്നു ഗവേഷകരുടെ മുന്നിലെ വെല്ലുവിളി. അതിനായി അവർ മലേറിയയ്ക്കു കാരണമായ ഏഴിനം പാരസൈറ്റുകളുടെയും ജീനോം സീക്വൻസിങ് നടത്തി. 

വർഷങ്ങൾക്കു മുൻപ് പ്ലാസ്‌മോഡിയം അഡ്‌ലെറിയെന്ന മലേറിയ രോഗാണുവും പ്ലാസ്മോഡിയം ഫാൽസിപറമിന്റെ പൂർവികനായ രോഗാണുവും ഗോറില്ലകളിലൊന്നിനെ ഒരുമിച്ച് ആക്രമിച്ചിട്ടുണ്ടാകണമെന്ന നിഗമനത്തിലെത്തിയത് അങ്ങനെയാണ്. ഗോറില്ലയുടെ ശരീരത്തിൽ വച്ച് അഡ്‌ലെറിയിലെ ഡിഎൻഎ ഫാൽസിപറമിന്റേതുമായി ചില ‘കൈമാറ്റങ്ങൾ’ നടത്തി. അങ്ങനെയാണ് ഫാൽസിപറമിലേക്ക് ആർഎച്ച്5 എന്ന ജീൻ എത്തുന്നത്. മലേറിയ ഗവേഷണത്തിൽ നിർണായകമാണ് ആർച്ച്5. ഈ ജീനാണ് മനുഷ്യരിലെ ചുവന്ന രക്താണുക്കളിലേക്കു മലേറിയ രോഗാണുവിനെ പ്രവേശിക്കാൻ സഹായിക്കുന്ന പ്രോട്ടീൻ ഉൽപാദിപ്പിക്കുന്നത്. ആർച്ച്5 ഉൽപാദിപ്പിക്കുന്ന പ്രോട്ടീൻ ചുവന്ന രക്താണുക്കളിലെ റിസപ്റ്ററുകൾ എത്രമാത്രം സ്വീകരിക്കുന്നു എന്നതനുസരിച്ചിരിക്കും മലേറിയ രോഗത്തിന്റെ തീവ്രത. 

ഈ പ്രോട്ടീനും രക്താണുക്കളും തമ്മിലുള്ള ‘കൂടിച്ചേരൽ’ നടക്കാതിരുന്നാൽ മനുഷ്യർക്കു മലേറിയയും ബാധിക്കില്ല. അതിനാൽത്തന്നെ ആർഎച്ച്5 കേന്ദ്രീകരിച്ചാണ് മലേറിയ വാക്സിൻ നിർമാണ പരീക്ഷണങ്ങളിലേറെയും നടക്കുന്നത്. ഈ ജീനിനെപ്പറ്റിയുടെ വിവരങ്ങൾ ലഭിച്ചാൽ അവയെ പ്രതിരോധിക്കാനും എളുപ്പമാകും. ആർഎച്ച്5 എങ്ങനെയാണു പ്ലാസ്മോഡിയം ഫാൽസിപറമിലെത്തിയതെന്നു കണ്ടെത്താനായതോടെ ഇനി വാക്സിൻ ഗവേഷണത്തിലും നിർണായക നേട്ടം പ്രതീക്ഷിക്കാം. ഈ രോഗാണുവിന് ഇനിയും ജനിതക പരിവർത്തനം സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണു ഗവേഷകർ പറയുന്നത്. അപ്പോഴും അതിനുള്ള സാധ്യതകളെ അവർ തള്ളിക്കളയുന്നില്ല. പക്ഷേ പുതിയ കണ്ടെത്തലോടെ ലോകത്തിന്റെ പകുതിയോളം പേർക്കും ഭീഷണിയായി നിലനിൽക്കുന്ന മലേറിയയ്ക്ക് ഏകദേശ പരിഹാരമാകുമെന്നാണു ഗവേഷകലോകം പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com