ADVERTISEMENT

മഹാരാഷ്ട്രയിലെ നവി മുംബൈയിൽ 50 ലക്ഷത്തോളം വരുന്ന ഇരുതലമൂരിയെ വിൽക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംരക്ഷിത വിഭാഗത്തിൽ പെട്ട ഇരുതലമൂരിയെ പിടികൂടുന്നത് കുറ്റകരമാണ്. പ്രസാദ് ജാദവ് എന്ന 20കാരനാണ് ഇരുതലമൂരിയെ അനധികൃതമായി വിൽക്കാൻ ശ്രമിക്കവേ പിടിയിലായതെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

ഇരുതലമൂരിയെ സൂക്ഷിച്ചാൽ ഭാഗ്യമെത്തും എന്ന അന്ധവിശ്വാസത്തിന്റെ മറവിലാണ് ഇവയ്ക്ക് ആവശ്യക്കാരെത്തുന്നത്. വനം വകുപ്പിന്റെ ഷെഡ്യൂൾ നാലിൽപ്പെട്ട ജീവിയാണ് ഇരുതലമൂരി. ഇതിനെ പിടികൂടുന്നതും വിൽക്കുന്നതും കൊല്ലുന്നതും കുറ്റമാണ്. അദ്ഭുത സിദ്ധികൾ ഇരുതലമൂരിക്ക് ഉണ്ടെന്നും ഇവയെ വീട്ടിൽ സൂക്ഷിച്ചാൽ ഭാഗ്യം തേടിയെത്തുമെന്നും വിശ്വസിപ്പിച്ചാണ് സംഘങ്ങൾ ഇവയെ തേടിയെത്തുന്നത്. രാജ്യാന്തര വിപണിയിൽ ചിലയിനം മരുന്നുകളുടെയും സൗന്ദര്യവർധക വസ്തുക്കളുടെയും നിർമാണത്തിനും ഇവയെ ഉപയോഗിക്കാറുണ്ട്.

പെരുമ്പാമ്പിനോടും അണലിയോടും ഒറ്റനോട്ടത്തിൽ സാദൃശ്യമുള്ള ഈ പാമ്പ് ചുവന്ന മണ്ണൂലി, ഇരുതലപ്പാമ്പ് എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു. തലയും വാലും കാഴ്ചയിൽ ഒരുപോലെയാണ്. ശരീരത്തിനു മറ്റു പാമ്പുകളെപ്പോലെ തിളക്കമില്ല. തലയേതാണ് വാലേതാണ് എന്ന് സംശയം തോന്നുന്നതിനാൽ ഇരുതലമൂരിയെന്ന് അറിയപ്പെടുന്നു. മലേഷ്യ പോലുള്ള സ്ഥലങ്ങളിൽ ഈ ജീവിക്ക് ധാരാളം ആവശ്യക്കാരുണ്ട്. തൂക്കത്തിനനുസരിച്ചാണത്രെ വില. തൊലിയുരിച്ച് ഈ പാവം ജീവിയെ ഭക്ഷണമായി ഉപയോഗിക്കുന്നവരും തൊലി മാത്രം പൊളിച്ച് എടുക്കുന്നവരും ഓമനിച്ച് വളർത്തുന്നവരും ഉണ്ട്. വിദേശികളും സ്വദേശികളും ഈ തട്ടിപ്പിൽ കുരുങ്ങി പണം കളയാനെത്തുന്നുണ്ട്.

പണ്ടെപ്പഴോ ഉണ്ടായ ഉൽക്കമഴയിലാണ് ഈ ജീവിവർഗത്തിന് രൂപമാറ്റവും വർണവ്യത്യാസവും സംഭവിച്ചതെന്ന കഥകൾ ഇടനിലക്കാരുണ്ടാക്കുന്നു. ഇതിന് ഔഷധമൂല്യമുണ്ടായെന്നും പറയും. എയ്ഡ്സ് രോഗത്തിനുവരെ മരുന്നാണെന്ന വാദമുൾപ്പടെ പലതരം തട്ടിപ്പുകളാണ് അരങ്ങേറുന്നത്. 100 വർഷം വരെ ആയുസ്സുണ്ടെന്നൊക്കെ വാഗ്ദാനം നൽകി കൊടുക്കുന്ന ഈ ഉരഗം ഏതാനും ദിവസങ്ങൾക്കുശേഷം പലപ്പോഴും ചത്തുപോകാറുണ്ട്. പരാതിപ്പെടാൻ പറ്റാത്തതിനാൽ ഇതൊന്നുമറിയാതെ ഭാഗ്യപരീക്ഷണത്തിനൊരുങ്ങി നിരവധിപ്പേർ എത്താറുണ്ട്.

English Summary: Red Sand Boa Snake Worth Rs 50 Lakh Seized in Navi Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com