ADVERTISEMENT

പച്ചപ്പിന്റെ കാവൽക്കാരനായിരുന്നു ഇന്നലെ പാലോട് പൊലിഞ്ഞ ഡോ. പ്രഫ.കമറുദ്ദീൻ. തന്റെ കണ്ണും കാതും പ്രകൃതി ചൂഷകർക്കെതിരെ തുറന്നു വച്ച കാപട്യമില്ലാത്ത പരിസ്ഥിതി സ്നേഹി. പെരിങ്ങമ്മല മാലിന്യ പ്ലാന്റ് സമര വേദിയിൽ പലതവണ അത് തെളിയിച്ചു. പ്ലാന്റ് വിഷയവുമായി ബന്ധപ്പെട്ടു കലക്ടറേറ്റിലും പഞ്ചായത്തിനു മുന്നിലും പെരിങ്ങമ്മലയുടെ ജൈവവൈവിധ്യത്തെ പറ്റി വാചാലനായി പൊട്ടികരഞ്ഞു പ്രസംഗം അവസാനിപ്പിക്കേണ്ടി വന്ന ചിത്രം ഇന്നും ജനങ്ങളുടെ മനസിൽ മായാതെ നിൽക്കുന്നു. ‌

‌പശ്ചിമഘട്ടത്തിലെ ഓടുചുട്ട പടുക്കയിലും പന്നിയോട്ട് കടവിലും പ്ലാന്റ് തീരുമാനം വന്നപ്പോൾ തന്നെ പിറന്ന നാടിനെ സംരക്ഷിക്കാൻ സമരത്തിന് ആശയത്തിലൂടെയും പ്രസംഗത്തിലൂടെയും ആവേശം പകർന്നവരിൽ കമറുദ്ദീന്റെ പങ്ക് ചെറുതല്ല. ഊണും ഉറക്കവുമില്ലാതെ പെരിങ്ങമ്മലയുടെ ജൈവവൈവിധ്യത്തെ അധികാരികൾക്കു മുന്നിൽ ബോധ്യപ്പെടുത്താൻ അദ്ദേഹം ഉൾപ്പടെയുള്ളവർ നടത്തിയ സമരമാണ് മാലിന്യ പ്ലാന്റിൽ നിന്ന് സർക്കാർ പിന്തിരിപ്പിച്ചതെന്ന കാര്യം കൊച്ചുകുട്ടികൾക്കു പോലും അറിയാം. ‌

‌ഏത് വിഷയത്തെ കുറിച്ചും ആഴത്തിലുള്ള അറിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതിനാൽ സ്കൂളുകളിലും കോളജുകളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ഒക്കെ അദ്ദേഹത്തിന്റെ ക്ലാസിന് നല്ല കേൾവിക്കാരായിരുന്നു. പെരിങ്ങമ്മലയുടെ ജൈവവൈവിധ്യ റജിസ്ട്രർ  തയ്യാറാക്കിയ കമറുദ്ദീന് പശ്ചിമഘട്ട ജൈവവിധ്യം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. എൽഎൽബി, എൽഎൽഎം എന്നിവയിൽ റാങ്ക് ഹോൾഡറായിരുന്നു. ‌

‌അവാർഡുകൾ അനവധി ലഭിച്ചപ്പോഴും ഫ്ലക്സ് വയ്ക്കാൻ അനുവദിക്കാതെ മാതൃക കാട്ടി. ആരോഗ്യപച്ചയുടെ ഗവേഷണവുമായി ബന്ധപ്പെട്ട് ആദിവാസികൾക്കിടയിൽ ദീർഘനാൾ പ്രവർത്തിച്ചു. ഇന്നലെയും പരിസ്ഥിതി പ്രവർത്തനത്തിൽ സജീവമായിരുന്നു. 17ന് പെരിങ്ങമ്മലയിൽ നടക്കുന്ന പരിസ്ഥിതി ജനസഭയുടെ ഒരുക്കങ്ങളിൽ ഏർപ്പെട്ടിരുന്ന അദ്ദേഹത്തിനു മടത്തറയിൽ ഒരു മരണത്തിനു പോയി കുടുംബത്തോടൊപ്പം കാറിൽ വരവെ നെഞ്ചു വേദന അനുഭവപ്പെട്ടു.‌‌പാലോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണവാർത്തയറിഞ്ഞു ജനം ഒഴുകിയെത്തുകയാണ്.

English Summary: Peringammala protest leader Dr M Kamarudheen dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com