ADVERTISEMENT

സ്പെയിൻ തലസ്ഥാനമായ മഡ്രിഡിൽ തിങ്കളാഴ്ച തുടക്കമിട്ട 25 ാ മത് ലോക കാലാവസ്ഥാ ഉച്ചകോടി ഒരേ സമയം പ്രതീക്ഷയും ആശങ്കയും ഉയർത്തുന്നു. ലോകത്തെ 200 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ഉച്ചകോടി ആഗോള താപനത്തിന്റെ തോത് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ലോകത്തിന്റെ അവസാന ശ്രമമാണ്. കാലാവസ്ഥാ മാറ്റത്തിനെതിരായ പോരാട്ടത്തിൽ പ്രതീക്ഷ നഷ്ടപ്പെടുത്തരുതെന്നായിരുന്നു ഉദ്ഘാടന സന്ദേശത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഓർമപ്പെടുത്തിയത്. 

താപവർധക വാതകങ്ങളായ കാർബൺ ഡയോക്സൈഡിന്റെയും മറ്റും അളവ് ഭൂമിയുടെ ചരിത്രത്തിൽ ഉണ്ടാകാത്ത വിധം  അന്തരീക്ഷത്തിൽ ഉയർന്നിരിക്കയാണെന്ന ഗുട്ടെറസിന്റെ വാക്കുകളിൽ ആസന്നമൃതി നേരിടുന്ന ഭൂമിയുടെ തേങ്ങലുകൾ ഒരിക്കൽ കൂടി ഉയർന്നുകേട്ടു. പെട്രോളിന്റെയും മറ്റ് അശ്മക (ഫോസിൽ) ഇന്ധനങ്ങളുടെയും കത്തിക്കൽ ഈ രീതിയിൽ തുടർന്നാൽ ലോകത്തിന്റെ താപനില നിലവിട്ടുയരുമെന്നും ഇത് പിടിച്ചാൽ കിട്ടാത്തവിധം വൻ നാശങ്ങളിലേക്കു പ്രകൃതിയെ നയിക്കുമെന്നും  ഓർമപ്പെടുത്തിയ ഗുട്ടെറസ് കാലത്തിന്റെ വിലാപം ഉദ്ഘാടന പ്രസംഗമാക്കി മാറ്റുകയായിരുന്നു.  ഭൂമി കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ചിരുന്നവരെന്നു വരും തലമുറ ശപിക്കാതിരിക്കണമെങ്കിൽ  ഉറക്കം വിട്ടുണരാൻ ഇന്നത്തെ നേതൃത്വവും ജനങ്ങളും തയാറാകണമെന്നും ഗുട്ടെറസ് പറഞ്ഞു. 

കാർബൺ ന്യൂട്രൽ സാമ്പത്തിക ക്രമത്തിലേക്കു ലോകം മാറേണ്ടതിന്റെ ആവശ്യകതയിലേക്കായിരുന്നു ആതിഥേയരായ ചിലെയുടെ പരിസ്ഥിതി മന്ത്രിയും സമ്മേളത്തിന്റെ അധ്യക്ഷയുമായ കരോലിന ഷിമിത്ത് ശ്രദ്ധ ക്ഷണിച്ചത്. ചിലെയിൽ രാഷ്ട്രീയ പ്രക്ഷോഭം നടക്കുന്നതു മൂലമാണ് സമ്മേളനവേദി സ്പെയിനിലേക്കു മാറ്റിയത്. ഭൂമിയുടെ കത്തൽ കണ്ടില്ലെന്നു നടിക്കുന്ന ചിലർ ലോകത്തെ പാവപ്പെട്ടവരോടും കാലാവസ്ഥാ ദുരന്ത അഭയാർഥികളോടും ചെയ്യുന്നത് കൊടും ക്രൂരതയാണെന്നു കൂടി കരോലിന പറഞ്ഞുവച്ചു. അവരുടെ വാക്കുകൾ കാലാവസ്ഥാമാറ്റ കരാറിൽനിന്നു പിൻവാങ്ങാനൊരുങ്ങുന്ന യുഎസ് നേതൃത്വത്തിനു നേരേയുള്ള കൂരമ്പായി മാറി.

 climate change leads to more frequent thunderstorms

2020 മുതൽ കാർബൺപുകയുടെ പുറന്തള്ളൽ കുറയ്ക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് കരോലിന ഷിമിത്ത് ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. 2015 ൽ ലോകരാജ്യങ്ങൾ ഒപ്പിട്ട പാരിസ് കരാറിലെ മുഖ്യ വ്യവസ്ഥ 2020 ഓടെ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്നായിരുന്നു. കരാർ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനു മുന്നോടിയായി രാജ്യങ്ങളെ സജ്ജമാക്കുകയാണ് സിഒപി—25 ന്റെ ലക്ഷ്യം. കാറും വിമാനങ്ങളും കൽക്കരി താപനിലയങ്ങളും ഉൾപ്പെടെയുള്ളവ കുറച്ച് പൊതു വാഹനങ്ങളും നടപ്പും സൈക്കിളും ശീലിക്കണമെന്നും ഊർജ ആവശ്യങ്ങൾക്ക് സൗരോർജം ഉൾപ്പെടെ ബദൽ സ്രോതസ്സുകൾ വികസിപ്പിക്കണമെന്നുമാണ് കരാറിലെ മുഖ്യ വ്യവസ്ഥ. എന്നാൽ ഇത് സാധ്യമല്ലെന്ന് യുഎസ് പറഞ്ഞതോടെ കരാറിന്റെ സത്ത ചോർന്നു പോകുന്ന സ്ഥിതിയാണ്. 

വ്യവസായ യുഗം ആരംഭിക്കുന്ന കാലത്തെ അടിസ്ഥാനമാക്കി അന്തരീക്ഷ താപനില പരമാവധി 1.5 മുതൽ 2 വരെ ഡിഗ്രി സെൽഷ്യസിൽ കൂടാതെ പിടിച്ചു നിർത്തുമെന്നതാണ് പാരിസ് കരാറിന്റെ സത്ത. ഇപ്പോൾത്തന്നെ ശരാശരി താപനില ഒരു ഡിഗ്രി ഉയർന്നു കഴിഞ്ഞു. പിടിച്ചു നിർത്തിയാലും ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും സ്ഥിതി രൂക്ഷമാകുമെന്നതാണ് ഭൂമിയുടെ ഭാവിയെപ്പറ്റി ചോദ്യങ്ങൾ ഉയർത്തുന്നത്. 13 വരെ നീളുന്ന ഉച്ചകോടിയിൽ ഇന്ത്യയും മുഖ്യ പങ്കാളിയാണ്. ന്യൂഡൽഹി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിന്റെ പ്രതിനിധികളും ചർച്ചകളിൽ പങ്കെടുക്കാൻ മഡ്രിഡിൽ എത്തിയിട്ടുണ്ട്. 

English Summary: U.N. Climate Conference Opens in Madrid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com